നിങ്ങളുടെ വീട്ടില്‍ അധികം വരുന്ന, കേടുവരാത്ത
ഭക്ഷണസാധനങ്ങളുണ്ടെങ്കില്‍ അവ നന്നായി പായ്‌ക്കു ചെയ്‌ത് കലൂരില്‍ പപ്പടവട
റെസ്‌റ്റോറന്റ് സ്ഥാപിച്ചിരിക്കുന്ന ഈ സ്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കൂ,
അത് ആവശ്യക്കാര്‍ എടുത്തോളും
കൊച്ചി: അങ്ങനെ കൊച്ചിക്കും കിട്ടി ഒരു സ്‌നേഹ
റെഫ്രിജറേറ്റര്‍. കലൂര്‍ ബസ്‌റ്റാന്‍ഡിനടുത്ത്, കലൂര്‍-കതൃക്കടവ് റോഡില്‍
ഉദ്‌ഘാടനം ചെയ്യപ്പെട്ട പപ്പടവട റെസ്റ്റോറന്റിന്റെ പുതിയ ശാഖയ്‌ക്കു മുന്നിലെ
പൂത്തുനില്‍ക്കുന്ന കൊന്നമരത്തണലിലാണ് വിശന്നുവലയുന്നവരെ കാത്ത് ഈ സ്‌നേഹ
റഫ്രിജറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. `അതാണ് ഞങ്ങളിതിന് നന്മമരം
എന്നു പേരിട്ടത്,` പപ്പടവട റെസ്റ്റോറന്റ് ഉടമ മിനു പൗളീന്‍ പറയുന്നു.
24
മണിക്കൂറും പ്രവര്‍ത്തിക്കുന്ന 420 ലിറ്റര്‍ ശേഷിയുള്ള ഈ റഫ്രിജറേറ്ററിന്റെ
മുഴുവന്‍ വൈദ്യുതിച്ചലവും പപ്പടവട റെസ്റ്റോറന്റ് വഹിക്കും. രാത്രിയിലെ
സെക്യൂരിറ്റിക്കായി ക്യാമറാ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ
ദിവസവും 50 ഭക്ഷണപ്പൊതികളും പപ്പടവടയുടെ വകയായി ഈ റഫ്രിജറേറ്ററില്‍ വെയ്‌ക്കും.
ഭക്ഷണത്തിനു വകയില്ലാത്ത ആളുകള്‍ക്ക് ഇവിടെ വന്ന് ആവശ്യത്തിനനുസരിച്ച്
ഭക്ഷണമെടുത്ത് കഴിയ്‌ക്കാം.
`പപ്പടവട നല്‍കുന്നതിനു പുറമെ എറണാകുളത്തെ
വീടുകളിലും ഹോട്ടലുകളിലും ബാക്കിയാവുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അവരവര്‍ തന്നെ
വൃത്തിയായി പാക്കു ചെയ്‌ത് ഈ സ്‌്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കാന്‍ ഞങ്ങള്‍
അഭ്യര്‍ത്ഥിക്കുന്നു. അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ പാഴാക്കിക്കളയാതിരിക്കാനും അവ
വിശന്നു പൊരിയുന്നവര്‍ക്ക് ലഭ്യമാക്കാനുമാണ് ഈ നന്മമരത്തിലൂടെ ഞങ്ങള്‍
ഉദ്ദേശിക്കുന്നത്,` മിനു പൗളീന്‍ വിശദീകരിച്ചു.
ഭക്ഷണ പായ്‌ക്കറ്റുകള്‍
കൊണ്ടുവന്നു വെയ്‌ക്കുമ്പോള്‍ അത് പാചകം ചെയ്‌ത തീയതി ഏതാണെന്നു കൂടി പാക്കറ്റിനു
മേല്‍ രേഖപ്പെടുത്തണമെന്നും പപ്പടവട റെസ്റ്റോറന്റ് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.
ഉപയോഗശൂന്യമാകുന്ന മുറയ്‌ക്ക് ഭക്ഷണപ്പാക്കറ്റുകള്‍ നീക്കം ചെയ്യാനാണിത്.
ആഴ്‌ചയില്‍ രണ്ടു തവണ റഫ്രിജറേറ്റര്‍ മുഴുവനായും വൃത്തിയാക്കുന്ന ചുമതലയും പപ്പടവട
റെസ്റ്റോറന്റ് ഏറ്റെടുത്തിട്ടുണ്ട്.
2014 ജനുവരിയില്‍ സിറ്റിബാങ്കിലെ
ജോലി ഉപേക്ഷിച്ച് എറണാകളും എംജി റോഡില്‍ മിനു പൗളീന്‍ ആരംഭിച്ച പപ്പടവട
റെസ്റ്റോറന്റ് നാടന്‍ പലഹാരങ്ങള്‍ക്ക് 4-5 രൂപ മാത്രം വില ഈടാക്കുന്നതിലൂടെ
ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പപ്പടവട, കൊഴുക്കട്ട, ബജ്ജി, പരിപ്പുവട, ഉഴുന്നുവട,
വത്സന്‍, സുഖിയന്‍, പഴംപൊരി, ഉന്നക്കായ, ഇറച്ചിപ്പത്തിരി തുടങ്ങിയ നാടന്‍
പലഹാരങ്ങളാണ് പപ്പടവടയിലെ പ്രധാന ആകര്‍ഷണം. ഇവയ്‌ക്കു പുറമെ പുട്ട്-നാടന്‍
കോഴിക്കറി, കപ്പ-മീന്‍കറി, കഞ്ഞി-പയര്‍, ഇടിയപ്പം-കടലക്കറി തുടങ്ങിയ
നാടന്‍കോമ്പിനേഷനുകളും മലബാര്‍ ബിരിയാണിയും പപ്പടവടയിലുണ്ട്.
ഇങ്ങനെ
നാടന്‍വിഭവങ്ങളിലൂടെയും ന്യായവിലയിലൂടെയും വൃത്തിയും വെടിപ്പുമുള്ള
അന്തരീക്ഷത്തിലൂടെയും ഹിറ്റായതിനെ തുടര്‍ന്ന് റെസ്റ്റോറന്റുകളുടെ ചരിത്രത്തില്‍
ആദ്യമായി പഴങ്കഞ്ഞി എന്ന അതീവ രുചികരമായ പഴയകാല നാടന്‍ പ്രാതലും പപ്പടവടയുടെ
മെനുവിലെത്തി. മറ്റ് അരിവിഭവങ്ങള്‍ വിളമ്പാത്ത പപ്പടവടയില്‍ ഇതിനായി മാത്രമാണ്
ഇപ്പോള്‍ റോസ് ചെമ്പാവരി കൊണ്ട് ചോറുണ്ടാക്കുന്നത്. തലേദിവസം ഉണ്ടാക്കിയ ചോറ്
വെള്ളമൊഴിച്ച് വെച്ചാണ് പിറ്റേന്ന് അത് പഴങ്കഞ്ഞിയാക്കുന്നത്. ഇതില്‍
കപ്പപ്പുഴുക്ക്, കട്ടത്തൈര്, പുളിശ്ശേരി, തേങ്ങാച്ചമ്മന്തി, അച്ചാര്‍ എന്നിവയും
ഒപ്പം പച്ചമുളകും രണ്ടല്ലി ചവന്നുള്ളിയും കൂടിച്ചേര്‍ത്താണ് അമ്മച്ചീസ് പഴങ്കഞ്ഞി
എന്ന പേരില്‍ ഇവിടെ വിളമ്പുന്നത്.
`എംജി റോഡിലെ നവീകരിച്ച പപ്പടവട
റെസ്റ്റോറന്റ് ഈ വരുന്ന തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യുകയാണ്,` മിനു പൗളീന്‍
പറഞ്ഞു. എംജി റോഡിലേതു പോലെ കലൂരിലെ പുതിയ ഔട്ട്‌ലെറ്റും രാത്രി ഒരു മണി തുറന്നു
പ്രവര്‍ത്തിക്കുമെന്നും പൗളീന്‍ പറഞ്ഞു.
അഞ്ചു വര്‍ഷം സിറ്റിബാങ്കിലും
അതിനു മുന്‍പു ഇന്‍ഡിഗോ എയറിലും വീറ്റ ഇന്‍സ്‌റ്റിറ്റിയൂട്ടിലും ജോലി ചെയ്‌ത
ശേഷമാണ് ബിസിനസ്സുകാരനായ ഭര്‍ത്താവ് അമല്‍ നായരുടെ പ്രോത്സാഹനത്തില്‍ മിനു ഈ
വ്യത്യസ്‌ത വഴി തെരഞ്ഞെടുത്തത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 96452 21111
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ