2016 ജനുവരി 15, വെള്ളിയാഴ്‌ച

സ്റ്റാര്‍ട്ട്‌ അപ്പ്‌ @ സ്‌കൂള്‍ പദ്ധതിക്ക്‌ കളമശേരിയില്‍ തുടക്കം


കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികളെ സംരംഭകരാക്കി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ട്‌ അപ്പ്‌ @ സ്‌കൂള്‍ പദ്ധതിക്ക്‌ തുടക്കം. കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജില്‍ ബെന്നി ബഹനാന്‍ എംഎല്‍എ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
കുട്ടികളുടെ കഴിവും ഇച്ഛാശക്തിയും ബുദ്ധിയും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകരെ വാര്‍ത്തെടുക്കാന്‍ സാധിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക്‌ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്‌ ഒട്ടേറെ അവസരങ്ങളുണ്ട്‌. അവരുടെ സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളും പ്രോത്സാഹിപ്പിച്ച്‌ വ്യവസായ സംരംഭകരാക്കുക എന്നതാണ്‌ സ്റ്റാര്‍ട്ട്‌ അപ്പ്‌@ സ്‌കൂള്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി നിരവധി സ്‌കൂളുകളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്‍ഫോപാര്‍ക്കിലെ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ കുട്ടികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വെണ്ണല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 45 വിദ്യാര്‍ഥികളാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജിനെ കൂടുതല്‍ അടുത്തറിയുന്ന ലാബ്‌ സന്ദര്‍ശനം, വീഡിയോ പ്രസന്റേഷന്‍, വിജയിച്ച വ്യവസായ സംരംഭകരുമായുള്ള മുഖാമുഖം എന്നിവയാണ്‌ വിദ്യാര്‍ഥികള്‍ക്കായി പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. ഇന്‍ഫോപാര്‍ക്ക്‌ സിഇഒ റിഷികേശ്‌ നായര്‍, സ്റ്റാര്‍ട്ട്‌ അപ്പ്‌ മിഷന്‍ കണ്‍സള്‍ട്ടന്റ്‌ സിജോ കുരുവിള ജോര്‍ജ്‌, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി.എസ്‌. ദിലീപ്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

2016 ജനുവരി 2, ശനിയാഴ്‌ച

ഡാനിയേല്‍ കോണെല്‍ ജനറലാശുപത്രിയില്‍

രോഗിയുടെ മന്ദഹാസം ചിത്രത്തിലൂടെ  പ്രചോദനമാക്കി
ഡാനിയേല്‍ കോണെല്‍ ജനറലാശുപത്രിയില്‍




കൊച്ചി: താന്‍ വരച്ച  ചിത്രത്തിലെ കഥാപാത്രമായ അര്‍ബുദ രോഗിയുടെ പുഞ്ചിരിക്കുന്ന മുഖം  സമൂഹത്തിന് സന്തോഷവും ആശ്വാസവും  പകരുന്നതാണെന്ന്  പ്രശസ്ത ഓസ്‌ട്രേലിയന്‍ ചിത്രകാരന്‍  ഡാനിയേല്‍ കോണെല്‍ കൊച്ചിക്കാര്‍ക്കുമുമ്പില്‍ തെളിയിച്ചു. 

തനിക്ക് പ്രചോദനമായ അമ്മിണി സ്റ്റാന്‍ലി എന്ന 70 വയസുള്ള അര്‍ബുദരോഗിയെ സന്തോഷവതിയും ശക്തയുമായി ചിത്രീകരിച്ച അദ്ദേഹം ആ കലാസൃഷ്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സമ്മാനിച്ചു. കീമോതെറാപ്പി നടത്തി മുടിയെല്ലാം പൊഴിഞ്ഞ അമ്മിണി ജീവിതദുരന്തത്തെ അഭിമുഖീകരിക്കുകയാണെങ്കിലും അവരുടെ മുഖത്തെ മന്ദഹാസം എല്ലാവര്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. കരിക്കട്ടയില്‍ വരച്ച ആ കൂറ്റന്‍ ഛായാചിത്രം അദ്ദേഹം രോഗികള്‍ക്ക് പുതുവര്‍ഷസമ്മാനമായി സമര്‍പ്പിച്ചു. അത് ഇനി ജനറല്‍ ആശുപത്രിയുടെ കാന്‍സര്‍വാര്‍ഡിലെ ഇടനാഴിയെ അലങ്കരിക്കും. 

കൊച്ചി-മുസിരിസ് ബിനാലെയുടെ ആദ്യപതിപ്പിന്റെ ഭാഗമായി കേരളത്തിലെത്തിയിരുന്ന  ഡാനിയേല്‍ കോണെല്‍ ഇത്തവണയും ബിനാലെയെന്ന തന്റെ പതിവ് മുടക്കിയില്ല. മാനുഷിക ബന്ധമുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതില്‍ ഗവേഷണം നടത്തുകയാണ് ഈ മെല്‍ബണ്‍ സ്വദേശി. 
ഇത്തരം ചിത്രീകരണ പദ്ധതികള്‍ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ നിരാശാബോധം സൃഷ്ടിക്കുന്ന സ്ഥലങ്ങളാകരുത്. പ്രതീക്ഷയും സന്തോഷവും തരുന്ന ഇടങ്ങളാകണം അവ. കലാകാരന്മാര്‍ ആശുപത്രികളില്‍ പോയി സ്വന്തം സൃഷ്ടികളുടെ സാന്ത്വനശേഷി രോഗികളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

കോണെലിന്റെ ചിത്രം ഡോക്ടര്‍മാരടക്കം എല്ലാവരിലും കൗതുകം ജനിപ്പിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഇത്തരം ചിത്രങ്ങള്‍  വില മതിക്കാനാവാത്തതാണെന്ന് ആശുപത്രിയുടെ സാന്ത്വന പരിരക്ഷാ വിഭാഗത്തിലെ ഡോ. ജി.മോഹന്‍ പറഞ്ഞു. 

പോക്കാന്തവളകളുടെ/ചൊറിതവളകളുടെ സെന്‍സസ് നടത്തി



മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനും സെന്റ് ആല്‍ബെര്‍ട്ട്സ് കോളെജ് കണ്‍സര്‍വേഷന്‍  റിസേര്‍ച്ച് ഗ്രൂപ്പും സംയുക്തമായി ചേര്‍ന്ന് വംശ  ഭീഷണി നേരിടുന്ന പോക്കാന്തവളകളുടെ/ചൊറിതവളകളുടെ സെന്‍സസ് നടത്തി. ഇന്ത്യരാന ഫെയ്ര്‍നൊഡര്‍മ (Indirana phrynoderma ) എന്ന ശാസ്ത്രീയ നാമമുള്ള ഈയിനം ചൊറിത്തവളെകുറിച്ച് ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന സെന്‍സസ് ആണിത്. മൂന്നാറിലെ ആനമലകുന്നിലെ മഴമെഘകാടുകളില്‍ മാത്രം കാണപെടുന്ന ഇവയെ കുറിച്ചുള്ള പഠനം ഉഭയജീവികളില്‍ നടത്തുന്ന പഠനങ്ങളില്‍ ആദ്യമായിട്ടാണ്. ആവാസ വ്യവസ്ഥയില്‍ മുഖ്യപങ്കു വഹിക്കുന്ന ഇത്തരം ഉഭയജീവികളെ കുറിച്ചുള്ള പഠനം വരും വര്‍ഷങ്ങളില്‍ മൂന്നാര്‍ ഷോല വനമേഖലയില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ സഹായിക്കുന്നതാണ്. 

അരുണ്‍ കനകവേല്‍, സേതുപാര്‍വതി എന്നിവര്‍ ഉള്‍പെടുന്ന കണ്‍സര്‍വേഷന്‍ ഗ്രൂപ്പുംകേരള ഫോറസ്റ്റ് റിസേര്‍ച്ച്‌ ഇന്സ്ടിസ്റ്റൂട്ടിലെ സന്ദീപ്‌ ദാസും ചേര്‍ന്ന് കേരള ഫോറസ്റ്റ് ഡിപ്പാര്‍റ്റ്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഇത്തരം ഉഭയജീവികളെ തിരിച്ചു അറിയുന്നതിനു വേണ്ടിയും അവയുടെ സംരക്ഷണ പ്രക്രിയകളെ കുറിച്ചുമുള്ള പഠനക്യാമ്പ് നടത്തിയിരുന്നു. തുടര്‍ന്നും വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉഭയജീവികളെ കുറിച്ചും ആവാസ വ്യവസ്ഥയെ കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നു.