2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം


കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ അവസരമൊരുക്കിയിട്ടുള്ളതായി പ്രവാസിക്ഷേമ മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. 2015 ജനുവരി ഒന്നിനോ അതിന് മുമ്പോ പതിനെട്ടു വയസ് പൂര്‍ത്തിയാക്കിയ വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാതെ വിദേശത്തു താമസിക്കുന്നവരായിരിക്കണം അപേക്ഷകര്‍. 
പ്രവാസി ഭാരതീയര്‍ക്ക് അവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫാറം 4 എയില്‍ ആവശ്യപ്പെടുന്ന മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം പ്രിന്റ് എടുത്ത് ഫോട്ടോയും ഒപ്പും പതിച്ച്  ഫാറത്തിലെ എ മുതല്‍ ഐ വരെയുള്ള വിവരങ്ങള്‍ക്ക് പാസ്‌പോര്‍ട്ടിലെ ആവശ്യമായ പേജുകളുടെ പകര്‍പ്പ്, വിസ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി കേരളത്തിലെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള താമസസ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് രജസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ രജസ്‌ട്രേഡ് തപാലിലോ അയക്കേണ്ടതാണ്. ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കപ്പെടുന്ന പ്രവാസി ഭാരതീയര്‍ക്ക് അസല്‍ പാസ്‌പോര്‍ട്ടു സഹിതം നേരിട്ടു ഹാജരായി വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ എക്കാലത്തെയും ആവശ്യമാണ് അവര്‍ക്ക് വോട്ടവകാശം നല്‍കണമെന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം നടപ്പാക്കാന്‍  കേരള സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ മാറ്റം വരുത്തിയിരുന്നതാണെന്നും മന്ത്രി അറിയിച്ചു. എല്ലാ പ്രവാസി ഭാരതീയരും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.സി.ജോസഫ് അഭ്യര്‍ത്ഥിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ