2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

മറൈന്‍ഡ്രൈവ് വ്യാപാര സമുച്ചയം സൗരോര്‍ജത്തിലേക്ക്; സ്വിസ് സംരംഭം ജി.സി.ഡി.എ സഹകരണത്തോടെ


കൊച്ചി: നിലവിലുളള സൗരോര്‍ജ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി പാനലുകളില്‍ നിന്ന് 90 ശതമാനം വരെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംവിധാനവുമായി സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായ പി.വി.ടി പവര്‍ കമ്പനി കൊച്ചിയില്‍. രാജ്യത്ത് ആദ്യമായി യു.എന്‍ പാരമ്പര്യതര ഊര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെ ജി.സി.ഡി.എ യുടെ മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ലക്‌സും ഡോ.എ.പി.ജെ അബ്ദുള്‍ കലാം മാര്‍ഗും പൂര്‍ണമായും സോളാര്‍ വൈദ്യുതിക്കു കീഴിലാക്കുകയാണ് ആദ്യ ലക്ഷ്യം. കമ്പനിയുടെ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ അടുത്ത ഫെബ്രുവരിക്കകം 50 കിലോവാട്ട് ശേഷിയുളള പാനലാണ് സ്ഥാപിക്കുക. രാജ്യത്താദ്യമായി ഇത്തരമൊരു പദ്ധതി പി.വി.ടി നടത്തുന്നതും കൊച്ചിയിലാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പി.വി.ടി കമ്പനി അധികൃതര്‍ ഇന്നലെ ജി.സി.ഡി.എയും മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗും സന്ദര്‍ശിച്ചു.
മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ലക്‌സും കലാം മാര്‍ഗും മൈതാനവും പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്കു മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പൈലറ്റ് പദ്ധതി വിജയമെന്നു തെളിഞ്ഞാല്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെയുളള ജി.സി.ഡി.എ യുടെ പ്രധാന പദ്ധതി പ്രദേശങ്ങളിലേക്കും പി.വി.ടി പദ്ധതി വ്യാപിപ്പിക്കുമെന്നു ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. മറൈന്‍ഡ്രൈവിലെ പദ്ധതി അടുത്ത ഫെബ്രുവരിക്കകം കമ്മീഷന്‍ ചെയ്യുമെന്ന് പി.വി.ടി പവര്‍കമ്പനി അധികാരി ദിമിത്രിയോ ലിയോണും വ്യക്തമാക്കി. 
ഇന്ന് ലോകത്തെവിടെയുമുളള സൗരോര്‍ജ്ജപാനലുകളില്‍ നിന്ന് 30 ശതമാനം മാത്രം വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഊര്‍ജ്ജോല്പാദനത്തിടയിലുണ്ടാകുന്ന ചൂട് പാനലിന്റെ ശേഷികുറയ്ക്കുകയും ചെയ്യുന്നതു മൂലമാണ് വൈദ്യുതോല്പാദനം കുറയുന്നത്. വര്‍ധിച്ചുവരുന്ന ചൂടിനെ പരിവര്‍ത്തനം ചെയ്ത് വൈദ്യുതിയാക്കുന്ന സാങ്കേതികതയാണ് പി.വി.ടി  പാനലുകളുടെ സവിശേഷത. പേറ്റന്റ് ഉല്പന്നമായ ഇതിന്റെ ഒരു യൂണിറ്റ് മാത്രം 50 കിലോ വാട്ട് വൈദ്യുതി പ്രതിദിനം ഉല്പാദിപ്പിക്കും. നിലവില്‍ ജി.സി.ഡി.എ വ്യാപാര സമുച്ചയത്തില്‍ പ്രതിദിനം 600 യൂണിറ്റ് വൈദ്യുതിയാണ്   ഉപഭോഗം.
ചൂടില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ചക്രവാത ജനറേറ്റര്‍ സൗരോര്‍ജ്ജ ഉല്പാദനത്തില്‍ 20 ശതമാനം അധികം നല്കുന്നതാണ്. ഊര്‍ജ സംരക്ഷിത്തിനായി പ്രതേ്യക നിരീക്ഷണ സംവിധാനവും പി.വി.ടി ഏര്‍പ്പെടുത്തും. 30 വര്‍ഷത്തെ സര്‍വീസ് കരാറോടെയാണ് പദ്ധതി നടപ്പാക്കുക.
അടുത്ത 10-ന് നടക്കുന്ന ജി.സി.ഡി.എ ഭരണ സമതിയില്‍ ഇക്കാര്യമവതരിപ്പിച്ച് അംഗീകാരം നേടുന്നതോടൊപ്പം പി.വി.ടി കമ്പനിയുമായി ധാരണ പത്രവുമുണ്ടാക്കും. പൈലറ്റ് പദ്ധതിയില്‍ ഉടമ്പടി ജി.സി.ഡി.എ യും പി.വിടി യുമായി മാത്രമായിരിക്കും. പദ്ധതി വിപുലീകരിക്കുന്ന ഘട്ടത്തില്‍ കെ.എസ്.ഇ.ബി കൂടി ഉള്‍പ്പെടുന്നതാകും ഭാവി ധാരണപത്രം. ജി.സി.ഡി.എയ്ക്കു ആവശ്യമായതു കഴിഞ്ഞുളള വൈദ്യുതി ഗ്രിഡിലേക്കു നല്കുന്നതിന് ഇത്തരം കരാറേ ഉപകരിക്കൂവെന്നതിനാല്‍ ആണിത്.
ആദ്യവട്ട ചര്‍ച്ചയില്‍ സ്വിസ് ജി.സി.ഡി.എ സംഘടങ്ങള്‍ തൃപ്തി രേഖപ്പെടുത്തി. സ്വിസ് സംഘത്തെ ചെയര്‍മാന്‍ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ദിമിത്രിയോ ലിയോണ്‍, പാട്രിക് ലിയോണ്‍, ആഡ്രിയാന്‍ ലൂക്കാസ് എന്നിവര്‍ക്കു പുറമെ സ്വിസ് കമ്പനിയുടെ ഭാഗമായ ജോര്‍ജ് സെബാസ്റ്റ്യന്‍,  കെ.സെബാസ്റ്റ്യന്‍, വിനു ജോസ് എന്നിവരും ജി.സി.ഡി.എ സെക്രട്ടറി ആര്‍.ലാലു, എസ്.ടി.പി ഗോപാലകൃഷ്ണപിളള, തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ