കൊച്ചി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നു സ്‌തംഭിപ്പിച്ചതിനെതിരെ ജനവികാരം ഉണര്‍ത്താന്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.
ഓഗസ്‌റ്റ് 25 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ നീളുന്ന പ്രചരണപരിപാടികള്‍ക്കു ബിജെപി തയ്യാറെടുക്കുന്നു.
പ്രതിപക്ഷ എം.പിമാര്‍ പ്രതിനിധാനം ചെയ്യുന്ന 53 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചരണമെന്ന് മുംബേയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ഡോ. കിരിത് സോമയ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തിനു ഏറ്റവും കൂടുതല്‍ എംപിമാരുള്ള കേരളത്തില്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേരളത്തില്‍ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും ബിജെപി പ്‌ചരണപരിപാടികള്‍ നടത്തും. ഓരോ കേന്ദ്രങ്ങളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും ഓഗസ്‌റ്റ് 25 മുതല്‍ ഒക്ടോബര്‍ രണ്ട്‌് വരെ നടക്കുന്ന ക്യാമ്പയിന്‍.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു മണ്‍സൂണ്‍ കാല സമ്മേളനം തുടരെ നിര്‍ത്തിവെക്കേണ്ടി വന്നു. രാജ്യത്തിന്റെ രണ്ടുലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മുടങ്ങിയത്. വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കേണ്ടിയിരുന്ന നിരവധി ബില്ലുകള്‍ പാസാക്കാന്‍ സാധിക്കാനായില്ല. അതേപോലെ വര്‍ഷകാല സമ്മേളനത്തിനു മുടക്കിയ 259 കോടിരൂപയാണ് പാഴായത്. ഇതിനു കോണ്‍ഗ്രസ് മറുപടി പറയണം. ബിജെപി രാജ്യത്തു നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും വര്‍ഷകാല സമ്മേളനത്തില്‍ എന്താണ് സംഭവിച്ചതെന്നു ജനങ്ങളെ പറഞ്ഞു മനസിലാക്കുന്നതിനു ബിജെപിക്കു ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലളിത് മോദിയുടെ വിഷയത്തില്‍ കോണ്‍ഗ്രസിനു ഇരട്ടത്താപ്പാണെന്നു അദ്ദേഹം സൂചിപ്പിച്ചു. സാമ്പത്തിക കുറ്റവാളിയായ ലളിത് മോദിയെ വഴിവിട്ടു സഹായിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടു നടത്തിയ പ്രതിപക്ഷ ബഹളം അനാവശ്യമായിരുന്നു. ലളിത് മോദിക്കെതിരെ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന സംഭവം ഇപ്പോള്‍ വലിച്ചിഴക്കുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസിനു അന്ന് തന്നെ അന്വേഷണം നടത്താമായിരുന്നു. എന്നാല്‍ ഒരു ചെറുവിരല്‍ പോലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഗവണ്മന്റ് എടുത്തില്ല. ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഐപിഎല്‍ അധ്യക്ഷന്‍ ലളിത് മോദി രാജ്യം വിടുന്നതിനു തടസമായി ബ്ലു കോര്‍ണര്‍ നോട്ടീസ് ഉണ്ടായിരുന്നു എന്ന ആരോപണം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. ഒരു ക്രിമിനല്‍കേസു പോലും എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ ലളിത് മോദിക്കെതിരെ ഉണ്ടായിരുന്നില്ല.
ലളിത് മോദി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാന്‍ സന്നദ്ധനായിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സ്‌തംഭിപ്പിക്കുമെന്ന ദൃഡനിശ്ചയത്തിലായിരുന്നു കോണ്‍ഗ്രസ് എന്നും ഡോ. കിരിത് സോമയ്യ ആരോപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ