2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

സൈന്‍സ്‌ ചലച്ചിത്രമേള ഒക്ടോ.21 മുതല്‍ 25 വരെ കൊച്ചിയില്‍



കൊച്ചി: ഇന്ത്യന്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ കേരള ഘടകം കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഒന്‍പതാമത്‌ സൈന്‍സ്‌ ചലച്ചിത്രമേള ഒക്ടോബര്‍ 21 മുതല്‍ 25 വരെ കൊച്ചിയില്‍ നടക്കും. എറണാകുളം ടൗണ്‍ഹാള്‍ വേദിയാകുന്ന അഞ്ചുദിവസത്തെ മേളയില്‍ ദേശീയ തലത്തിലെ മികച്ച ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രതത്തിന്‌ ജോണ്‍ എബ്രഹാം പുരസ്‌കാരം സമ്മാനിക്കും.

സംസ്ഥാന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അന്‍പതുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മപുതുക്കലാകും സൈന്‍സ്‌ ഒന്‍പതാം പതിപ്പെന്ന്‌ പ്രശസ്‌ത ചലച്ചിത്ര നിരൂപകനും മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടറുമായ സിഎസ്‌ വെങ്കിടേശ്വരന്‍ പറഞ്ഞു. പരീക്ഷണാത്മക സിനിമകള്‍ക്കും (സിനിമ എക്‌സ്‌പിരിമെന്റാ) ചെറുത്തുനില്‍പ്പിന്റെ കഥപറയുന്ന സിനിമകള്‍ക്കുമാണ്‌ (സിനിമാ ഓഫ്‌ റെസിസ്റ്റന്‍സ്‌) ഇത്തവണ പ്രാമുഖ്യം നല്‍കുന്നത്‌. ഫിലിം സൊസൈറ്റികളുടേയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള ചര്‍ച്ചകളും മേളയില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മുസിരിസ്‌ ബിനാലെ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും ചലച്ചിത്രമേഖലയില്‍ സാമൂഹിക പ്രതികരണം ഉളവാക്കി സമാന്തര പ്രസ്ഥാനമായി വളര്‍ന്നുവന്നതുകൊണ്ടാണ്‌ സൈന്‍സ്‌ ചലച്ചിത്രമേളയുമായി സഹകരിക്കുന്നതെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ്‌ കോമു പറഞ്ഞു.
അനശ്വര മലയാള ചലച്ചിത്ര സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ സ്‌മരണാര്‍ത്ഥം 1999 മുതലാണ്‌ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്കുമെന്ററികള്‍ക്കും പ്രധാന്യം നല്‍കി 2005 മുതല്‍ മത്സരം ദേശീയതലത്തിലാക്കുകയും സൈന്‍സ്‌ എന്ന്‌ പേരുമാറ്റുകയുമായിരുന്നു.

മേളയിലെ ഹ്രസ്വ ചിത്ര, ഡോക്കുമെന്ററി മത്സരങ്ങള്‍ക്ക്‌ എന്‍ട്രികള്‍ അയക്കാവുന്നതാണ്‌. വിശദവിവരങ്ങള്‍ ംംം.ശെഴിളെലേെശ്‌മഹ.രീാ വെബ്‌സൈറ്റില്‍ ലഭിക്കും. മികച്ച ഡോക്കുമെന്ററിക്കും ഹ്രസ്വ ചിത്രത്തിനും 50,000 രൂപയും പ്രശസ്‌തി പത്രവും ശില്‍പവും ലഭിക്കും. സിനിമാ എക്‌സിപിരിമെന്റാ, സിനിമാ ഓഫ്‌ റെസിസ്റ്റന്‍സ്‌ വിഭാഗത്തിലെ മികച്ച ചിത്രങ്ങള്‍ക്ക്‌ 25,000 രൂപ വീതവും ലഭിക്കും.

റിയാസ്‌ കോമു ക്യുറേറ്റ്‌ ചെയ്‌ത വീഡിയോ ആര്‍ട്ടിനെക്കുറിച്ചുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞവര്‍ഷം മെയില്‍ നടന്ന എട്ടാമത്‌ സൈന്‍സ്‌ മേളയില്‍ ആര്‍ട്ടിസ്റ്റ്‌ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്‌. ഫീറ്റര്‍ ഫിഷിലി, ഡേവിഡ്‌ വീസ്‌, ബില്‍ വിയോല തുടങ്ങിയ 21 സംവിധായകരുടെ രാജ്യാന്തര വീഡിയോ ആര്‍ട്ടുകളായിരുന്നു ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ