കൊച്ചി
പെരിയാറിനെ ഗുരുതരമായി മലിനപ്പെടുത്തുന്ന രാസവസ്‌തുക്കള്‍ തള്ളുന്ന വ്യവസായ ശാലകളെ സംരക്ഷിക്കുന്നവിധം പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഡോ.ബിജോയ് നന്ദന്റെ കണ്ടെത്തലുകള്‍ വിചിത്രമാണെന്നും ,റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ സുബൈദ ഹംസ, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ജി.ജോഷി ,പീപ്പിള്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആന്റ് സോഷ്യല്‍ അവേര്‍നസ് (ജനജാഗ്രത) പ്രവര്‍ത്തകരായ ഡോ.ജി.ഡി മാര്‍ട്ടിന്‍, പുരുഷന്‍ ഏലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പൂര്‍ണമായും അശാസ്‌ത്രീയവും സാമാന്യനീതിക്ക് നിരക്കാത്തതും ജനദ്രോഹപരവുമാണ് ഈ റിപ്പോര്‍ട് എന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അംഗമായിരുന്ന ഡോ.ബിജോയ് നന്ദന്റെ റിപ്പോര്‍ട്ട് രാസമാലിന്യങ്ങള്‍ പെരിയാറിലേക്കു തള്ളുന്ന കമ്പനികളെ വെള്ളപൂശുന്നതും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ന്യായീകരിക്കുന്നതുമായി മാറി.
ഓരോ മണിക്കൂറിലും വലിയ രീതിയില്‍ രാസജൈവമാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പെരിയാറില്‍ രണ്ടു മാസത്തിനിടെ കേവലം എട്ടുതവണ മാത്രമാണ് ബിജോയ് നന്ദന്‍ സാമ്പിളുകള്‍ ശേഖരിച്ചത്. എട്ടുലക്ഷം രൂപയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ചെലവഴിച്ചത്.
800ഓളം മത്സ്യക്കുരുതികള്‍ നടന്ന പെരിയാറില്‍ രാസമാലിന്യങ്ങള്‍ ഇല്ലെന്നു സ്ഥാപിക്കാനായിട്ടായിരുന്നു റിപ്പോര്‍ട്ടിലൂടെ ശ്രമിച്ചിരിക്കുന്നത്. ബണ്ട് തുറന്നപ്പോള്‍ ജൈവമാലിന്യങ്ങല്‍ വ്യവസായ മേഖലയ്‌ക്കു സമീപം വന്നു പതിച്ചതാണ് ഓക്‌സിജന്റെ അളവ് കുറയുവാനുള്ള കാരണായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍ ജൈവമാലിന്യങ്ങള്‍ കാരണം ഒരിടത്തും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയട്ടില്ലെന്നു ജനജാഗ്രത പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
രണ്ടു പതിറ്റാണ്ട് മുന്‍പ് പെരിയാറില്‍ ജീവിച്ചിരുന്ന 35 ഇനം മത്സ്യങ്ങളില്‍ ഇപ്പോള്‍ ബാക്കിയുള്ളത് കേവലം 12 ഇനങ്ങള്‍ മാത്രമാണ്.ഡോ.മുധുസൂദനക്കുറുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ജനജാഗ്രത പ്രവര്‍ത്തകര്‍ പറഞ്ഞു.