കൊച്ചി: ആഗോളതലത്തിലുള്ള പ്രമുഖ സമുദ്ര വൈജ്ഞാനികരും പരിസ്ഥിതി ശാസ്‌ത്രജ്ഞരും നാവിക സൈദ്ധാന്തികരും സാമുദ്രിക വ്യാപാരികളും പങ്കെടുക്കുന്ന ലോകത്തെ ആദ്യ ചതുര്‍ദിന ലോക സമുദ്ര ശാസ്‌ത്ര കോണ്‍ഗ്രസിന് നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് തുടക്കമാകും.
സമുദ്രത്തിനും സമുദ്രജൈവികതയ്‌ക്കും കോട്ടം തട്ടാതെ സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന പരിപാടി സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി മോഹന്‍ഭായ് കല്യാണ്‍ജിഭായ് കുന്ദരിയ പരിപാടിയില്‍ പങ്കെടുക്കും.
മല്‍സ്യബന്ധന, തുറമുഖ, എക്‌സൈസ് വകുപ്പു മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ദേശീയ മല്‍സ്യബന്ധന വികസന ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. എം.വി. റാവു ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. സ്വദേശി ശാസ്‌ത്ര പ്രസ്ഥാനവും കൊച്ചിയിലെ കേരള മല്‍സ്യബന്ധന സമുദ്ര പഠന സര്‍വ്വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാല് ആമുഖ സെഷനുകളും 13 സാങ്കേതിക സെഷനുകളും ഉണ്ടാകും. അതോടൊപ്പം പ്രദര്‍ശനം, ഷിപ്പിംഗിനെയും സമുദ്ര ഗവേഷണത്തെയും പറ്റി വട്ടമേശ സമ്മേളനം എന്നിവയും ദേശീയതലത്തിലുള്ള മല്‍സ്യബന്ധന സംഗമവും നടക്കും.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് സമുദ്ര ശാസ്‌ത്ര കോണ്‍ഗ്രസ് 2015ന്റെ സെക്രട്ടറി ജനറല്‍ ഡോ. വി.എന്‍.സജീവന്‍ പറഞ്ഞു. സമുദ്ര ജൈവികതയും പരിസ്ഥിതിയും തകരാതെ നമ്മുടെ ജിഡിപി വര്‍ധിപ്പിക്കാനുതകുംവിധത്തില്‍ സമുദ്ര വിഭവങ്ങള്‍ എപ്രകാരം ഉപയോഗിക്കാമെന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
സമുദ്രശാസ്‌ത്രജ്ഞരുടെയും സാങ്കേതികവിദഗ്‌ദ്ധരുടെയും പണ്ഡിതരുടെയും വ്യവസായികളുടെയും കയറ്റുമതിക്കാരുടെയും മല്‍സ്യബന്ധന പ്രതിരോധ മേഖലകളിലെ വിദഗ്‌ദ്ധരുടെയും നയരൂപകര്‍ത്താക്കളുടെയും നിയമവിദഗ്‌ദ്ധരുടെയും ഷിപ്പിംഗ് കമ്പനികളുടെയും ഒരു കൂടിച്ചേരലായിരിക്കും ഈ പരിപാടിയെന്ന് കെയുഎഫ്‌ഒഎസ് വൈസ് ചാന്‍സലറും കോണ്‍ഗ്രസിന്റെ അധ്യക്ഷനുമായ ഡോ. ബി.മധുസൂദന കുറുപ്പ് പറഞ്ഞു.
മല്‍സ്യബന്ധനതൊഴിലാളികളുടെ സംഘങ്ങള്‍, ഐഎസ്‌ആര്‍ഒയുടെ ഗവേഷണ വികസന വിഭാഗങ്ങള്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, ഭൗമശാസ്‌ത്ര മന്ത്രാലയം എന്നിവയും ഇന്ത്യന്‍ നാവികസേന, തീരദേശ സേന, സമുദ്രോല്‍പന്ന വികസന അതോറിറ്റി എന്നിവയും ഷിപ്പിംഗ് കമ്പനികളും പരിപാടിയുടെ പങ്കാളികളാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ