കൊച്ചി: രോഗാതുരതകളെ വെല്ലുന്ന മനസ്സുമായി നിശ്ചയദാര്‍ഡ്യത്തോടെയാണ് ചിത്രകാരനായ പ്രവീഷ് ചന്ദ്ര ബിനാലെക്കെത്തിയത്. മസിലുകള്‍ ശോഷിക്കുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗം ബാധിച്ച പ്രവീഷിന് ആദ്യ ബിനാലെയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. അസുഖം ഇനിയും കൂടുതല്‍ വഷളാകുന്നതിനു മുന്‍പേ തന്റെ ആഗ്രഹം സഫലമാക്കാനാണ് കുടുംബാംഗങ്ങളോടൊപ്പം വീല്‍ ചെയറില്‍ അദ്ദേഹം ബിനാലെക്കെത്തിയത്.
ഒരു കലാകാരണാണെങ്കിലും ചിത്രങ്ങളേക്കാള്‍ അപ്പുറമാണ് കലയെന്ന ഉള്‍ക്കാഴ്‌ച ബിനാലെ പകര്‍ന്നു നല്‍കിയതെന്ന് പ്രവീഷ് പറഞ്ഞു. ബലഹീനത മറന്ന് സന്തോഷം കണ്ടെത്താന്‍ ബിനാലെയിലൂടെ കഴിഞ്ഞതായും മുപ്പതു വയസ്സുകാരനായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീല്‍ ചെയറിലാണെങ്കില്‍ പോലും കലാസ്വാദനത്തിന് ഒരു തടസ്സവുമില്ലാത്ത രീതിയിലാണ് വേദി ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാര്യ സരിതയുടേയും ആറുവയസ്സുകാരിയായ മകള്‍ വൈഗയുടേയും സഹായത്തോടെ ഓരോ കലാവിന്യാസങ്ങളും ആസ്വദിച്ച പ്രവീഷ് പറഞ്ഞു. നെതര്‍ലന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്‍ അജി വിഎന്നിന്റെ കരികൊണ്ടുള്ള രേഖാ ചിത്രങ്ങളും മനീഷ് നായുടെ ചണനാരുകൊണ്ടുള്ള കലാസൃഷ്ടിയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചത്. ഇത്തരത്തിലുള്ള കലാസൃഷ്ടികള്‍ വീട്ടില്‍ പോയി പരീക്ഷിച്ചുനോക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാല കലയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക മാത്രമല്ല പ്രഭാഷണങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ബിനാലെ വേദിയാകുന്നതില്‍ സന്തോഷമുണ്ട്. ആസ്‌പിന്‍വാള്‍ ഹൗസില്‍ മാത്രമേ സന്ദര്‍ശിക്കാനായുള്ളൂ എങ്കിലും മറ്റു വേദികള്‍ സന്ദര്‍ശിക്കാന്‍ വൈകാതെ എത്തുമെന്നും പ്രവീഷ് പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രവീഷിന്റെ ചിത്രങ്ങളുള്‍പ്പെടുത്തി പത്തോളം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്തേ രോഗം പിടിപെട്ട പ്രവീഷ് അതില്‍ നിന്നും രക്ഷനേടുന്നതിനാണ് ചിത്രകലയെ കൂട്ടുപിടിച്ചത്. സൗഖ്യം ഒട്ടും ലഭിക്കാത്തതിനാലും കനത്ത സാമ്പത്തിക ഭാരവും കണക്കിലെടുത്ത് പ്രവീഷ് കുറച്ച് വര്‍ഷങ്ങളായി ചികിത്സയും നിര്‍ത്തിവച്ചിരിക്കുകയാണ്. ചികിത്സയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കഴിയുന്നിടത്തോളം കലാപരമായ കഴിവ് ഉപയോഗിക്കാനാണ് താന്‍ ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ