കൊച്ചി
കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റനിലയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീവിദ്യയെ വനിതാ കമ്മീഷനംഗം ഡോ.ലിസി ജോസ് സന്ദര്‍ശിച്ചു.
ഒന്നരവര്‍ഷം മുന്‍പ് വൈക്കം ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ അമ്മയേയും മൂന്നു പെണ്‍മക്കളേയും അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതില്‍ അമ്മയും ഇളയകുട്ടിയും തല്‍ക്ഷണം മരിച്ചു. ഇതില്‍ ഒരു കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്നത്.ഇടിച്ച കാര്‍ ഏതെന്നും ഓടിച്ച ഡൈവറേയും ഇതുവരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിരാലംഭരായ ശേഷിച്ച ഈ രണ്ടു കുട്ടികളില്‍ ഇളയകുട്ടിയാണ് ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.
2013 ഫെബ്രുവരി 11 നാണ് സംഭവം. വൈക്കം ക്ഷേത്രത്തില്‍ നിന്നും ബസില്‍ എത്തി നാലുമണിയുടെ ഷോര്‍ണൂര്‍ പാസഞ്ചറില്‍ കയറനായി സൗത്ത് റെയില്‍വെ സ്റ്റേഷനിലേക്കു ഓട്ടോയില്‍ പോകുവാന്‍ പണം ഇല്ലാത്തതിനാല്‍ നടന്നുപോകുന്നതിനിടെ വളഞ്ഞമ്പലത്തുവെച്ചു വൈകിട്ടു മൂന്നുമണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അമ്മ വിജയലക്ഷ്‌മി (54), ഇളയ മകള്‍ ശ്രീലത (24) എന്നിവര്‍ തല്‍ക്ഷണം മരിച്ചു. ശ്രീവിദ്യ (33), ശ്രീദേവി (30) എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇതില്‍ ശ്രീവിദ്യയ്‌ക്കു വയറിനും ശ്രീദേവിയ്‌ക്കു കഴുത്തിനും പരുക്കേറ്റു.
മരിച്ച അമ്മയുടേയുംഇളയകുട്ടിയുടേയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തതിനെ തുടര്‍ന്നു രവിപുരം പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു.ഏഴു ദിവസത്തോളം ഐസിയുവില്‍ കിടന്ന ശ്രീദേവിക്കും ശ്രീവിദ്യയ്‌ക്കും തുടര്‍ ചികിത്സയ്‌ക്കു പണം ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.
അപകടത്തിനു മുന്‍പ് ശ്രീവിദ്യയും ശ്രീദേവിയും ഷൊര്‍ണൂരിലെ കേരള ആയൂര്‍വേദ സമാജം വൈദ്യശാലയില്‍ ജോലി ചെയ്‌തിരുന്നു. എന്നാല്‍ അപകടത്തിനെ തുടര്‍ന്നു രണ്ടുപേര്‍ക്കു ജോലി ചെയ്യാനാവാതെ വന്നു.
ഇപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീവിദ്യയുടെ വന്‍ കുടലിനു ഗുരതരമായി പരുക്കേറ്റിരുന്നു. വന്‍ കുടല്‍ മുഴുവനായും നീക്കം ചെയ്യേണ്ടി വരുമെന്നാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു രണ്ടര ലക്ഷം രൂപ വേണ്ടിവരും. ശസത്രക്രീയയ്‌ക്കു മുന്‍പായി നല്‍കേണ്ട ഒരു ഇന്‍ജക്ഷന് മാത്രം 78,000 ത്തോളം രൂപ വേണ്ടിവരും.
ഇത്രനാളായിട്ടും ഈ കുട്ടികള്‍ക്കു ആക്‌സിഡന്റ് വകയില്‍ ലഭ്യമാകേണ്ട തുക പോലും ലഭിച്ചിട്ടില്ല.കേസ് രജിസ്‌റ്റര്‍ ചെയ്‌ത സൗത്ത് പോലീസ് കുറെ നാള്‍ക്കു ശേഷം മൊഴിയെടുത്തു എന്നതല്ലാതെ തുടര്‍ അന്വേഷണം നടത്തുവാന്‍ തയ്യാറായില്ല. ഇടിച്ച കാര്‍ ഏതോ പ്രമുഖ വ്യവസായിയുടേതാണെന്നു പറയപ്പെടുന്നു.
സ്വന്ത്‌മായി വീട് ഒന്നും ഇല്ലാത്ത ശ്രീദേവിയും ശ്രീവിദ്യയും ചെറുതുരുത്തി താഴപ്ര യത്തീംഖാന വക ക്വാര്‍്‌ട്ടേഴ്‌സിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഷൊര്‍ണൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും തൃശൂരിലെ സിപിഎം പ്രവര്‍ത്തകരുടേയും സഹായം കൊണ്ടാണ് ഈ കുട്ടികള്‍ ഇതുവരെ ചികിത്സചെലവുകള്‍ നടത്തിവന്നത്.
ജൂണ്‍ 23 നു മെഡിക്കല്‍ ട്രസ്റ്റില്‍ വീണ്ടും ചികിത്സതേടി എത്തിയപ്പോള്‍ 45,000 രൂപ നല്‍കേണ്ടി വന്നു. കഴിഞ്ഞ മാര്‍ച്ച് എട്ടിനു ശ്രീവിദ്യയ്‌ക്കു രണ്ടുതവണ ശസ്‌ത്രക്രീയ നടത്തേണ്ടി വന്നു. ഈ തുകയും ജനങ്ങളുടെ കാരുണ്യത്തിലാണ് ലഭ്യമാക്കാനായത്. ഇടയ്‌ക്കിടെ രോഗം കൂടിവരുമ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തേണ്ടി വരുന്നു.എന്നാാല്‍ ആശുപത്രി അധികൃതര്‍ ഇതുവരെ യാതൊരു സൗജന്യവും ഈ നിരാലംബരായ കുട്ടികള്‍ക്കു നല്‍കിയിട്ടില്ല.
കാരുണ്യമുള്ള മനസുകളുടെ സഹായത്താലാണ് ഈ രണ്ടു കുട്ടികളും കഴിയുന്നത്. അഛന്‍ ഏഴു വര്‍ഷം മുന്‍പു മരിച്ചു.അഛന്റെ വീട്ടുകാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയട്ടില്ലെന്നു ശ്രീദേവി പറഞ്ഞു.മാനസികമായി ശരിയായ വളര്‍ച്ച ഇല്ലാത്ത ശ്രീദേവിയുടെ ചുമലിലാണ് ഇപ്പോള്‍ അസുഖബാധിതയായി കിടക്കുന്ന ശ്രീവിദ്യയുടെ ശുശ്രൂഷകള്‍ മുഴുവനും.
ഇന്നലെ ഈ കുട്ടികളെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വന്നു നേരില്‍ കണ്ട വനിതാ കമ്മീഷനംഗം ഡോ.ലിസി ജോസ് സംഭവം മുഖ്യമന്ത്രിയുടേയും അഭ്യന്തര മന്ത്രിയുടേയും അടിയന്തിര ശ്രദ്ധയില്‍പ്പെടുത്തുമെന്നു വാഗ്‌ദാനം ചെയ്‌തു.
കാരുണ്യം ചികിത്സാപദ്ധതിയില്‍ നിന്നു ശ്രീവിദ്യയ്‌ക്കു ചികിത്സാ സഹായം ലഭ്യമാക്കാന്‍ മുഖ്യമന്തര്‌ിയോട് വനിതാ കമ്മീഷന്‍ അഭ്യര്‍ത്ഥിക്കും. അതോപോലെ കേസുമായി എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയുമെന്ന കാര്യം ആലോചിക്കും.അവര്‍ക്കു സൗജന്യമായി കേസ് നടത്തിക്കൊടുക്കാനും വനിതാ കമ്മീഷന്‍ സഹായിക്കുമെന്നു ഡോ.ലിസി ജോസ് പറഞ്ഞു സ്വന്തായി വീട് ഇല്ലാത്തതിനാല്‍ കുട്ടികളെ റീഹാബിലേറ്റ് ചെയ്യുന്നതിനായി വനിതാ കമ്മീഷന്റെ കീഴിലുള്ള ഏതെങ്കിലും മന്ദിരങ്ങളിലേക്കു മാറ്റും. അതിനുശേഷം സന്നദ്ധ സേവനരംഗത്തുള്ള സംഘടനകളുടെ സഹായം തേടും. ഇടിച്ച കാര്‍ ഉടമയെ കണ്ടെത്താനുള്ള നീക്കവും നടത്തുമെന്നും ഡോ.ലിസി ജോസ് പറഞ്ഞു.
മുഖ്യമന്ത്രിക്കു സമര്‍പ്പിക്കാനുള്ള അപേക്ഷകള്‍ ഡോ.ലിസി ജോസിനു മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രി അധികൃതര്‍ കൈമാറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ