2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ വിധിയെഴുത്ത്‌ തുടങ്ങി


കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കേരള ക്രിക്കറ്റ്‌ അസോസിയേഷനു ദീര്‍ഘകാലത്തേക്കു പാട്ടത്തിനു നല്‍കണമോ ടെസ്റ്റ്‌ സീരിസ്‌ വരേണ്ടതുണ്ടോ എന്നീ കാര്യങ്ങളില്‍ ജിസിഡിഎ അഭിപ്രായ സര്‍വേയ്‌ക്കു തയാറാകുന്നു. ഫേസ്‌ ബുക്ക്‌ ,ട്വിറ്റര്‍ എന്നിവ വഴിയാണ്‌ അഭിപ്രായവോട്ടെടുപ്പ്‌. ഒക്‌ടോബര്‍ രണ്ടുമുതല്‍ 30വരെയാണ്‌ വോട്ടെടുപ്പ്‌.

കൊച്ചി അന്താരാഷ്‌ട്ര സ്റ്റേഡിയം 30 വര്‍ഷത്തേക്ക്‌ പാട്ടത്തിനു നല്‍കുന്നതിനായി കെസിഎ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്‌ക്കു അപേക്ഷ നല്‍കിയിട്ടുണ്ട്‌. നിലവില്‍ അഞ്ചുവര്‍ഷത്തേക്കാണ്‌ കെസിഎ പാട്ടത്തിനെടുത്തിരിക്കുന്നത്‌. 30 വര്‍ഷത്തെ പാട്ടത്തിനു ലഭിച്ചാല്‍ മാത്രമെ ടെസ്റ്റ്‌ മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ അനുവദിക്കുകയുള്ളു. എന്നാല്‍ ഇത്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ വിലങ്ങുതടിയാകും. കാരണം ലോകത്ത്‌ ഒരിടത്തും ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ നടത്താറില്ല. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലും ഇക്കാര്യം അനുവദിക്കില്ല. സ്വന്തമായ ഗ്രൗണ്ട്‌ അഞ്ചു വര്‍ഷത്തിനകം ഉണ്ടാക്കാം എന്നനിലയിലാണ്‌ കഴിഞ്ഞ ഏകദിന മത്സരത്തിനു ബിസിസിഐ അനുവദിച്ചതും.
നിലവില്‍ ജിസിഡിഎയുടെ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള അംബേദ്‌കര്‍ സ്റ്റേഡിയം പൂര്‍ണ സജ്ജീകരണത്തോടെ ഫുട്‌ബോള്‍ സ്റ്റേഡിയം ആക്കി മാറ്റാന്‍ പദ്ധതി തയാറാക്കിയിരിക്കുമ്പോള്‍ കെസിഎ കഴിഞ്ഞ ഏകദിന മത്സരങ്ങള്‍ക്കായി കോടികള്‍ തന്നെ മുടക്കി പുനരുദ്ധാരണം നടത്തിയ കലൂര്‍ സ്റ്റേഡിയം കൂടി വേണമെന്നു ഫുട്‌ബോള്‍ ഭാരവാഹികള്‍ വാശിപിടിക്കുന്നത്‌ ഒരിക്കലും അംഗീകരിക്കാനാവില്ല.ഗ്രൗണ്ടും മറ്റു സൗകര്യങ്ങളും നിലനിര്‍ത്താന്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടിവരും. ഫുട്‌ബോളിനെ സംബന്ധിച്ച്‌ ഇത്‌ കീശയില്‍ ഒതുങ്ങില്ല. ലീഗ്‌ മത്സരങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ചു നടത്താന്‍ പോലും കഴിയാത്ത കെഎഫ്‌എയെ ഒരു രാജ്യാന്തര മത്സരവേദിയില്‍ കയ്യിട്ടുവാരാന്‍ അനുവദിക്കുന്നത്‌ കേരളത്തിലെ കായിക പ്രേമികള്‍ ഒരിക്കലും അംഗീകരിക്കില്ല.ക്രിക്കറ്റ്‌ അസോസിയേഷന്‍ പിന്മാറിയാല്‍ കലൂര്‍ സ്റ്റേഡിയത്തിന്റെ പതനം ഉറപ്പാണ്‌. കെസിഎ സെക്രട്ടറി ടി.സി മാത്യ ദേശീയ ക്രിക്കറ്റ്‌ അക്കാദമി ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തതോടെ ഇനി കേരളത്തിലേക്കു ക്രിക്കറ്റ്‌ മത്സരങ്ങളുടെ പ്രവാഹമായിരിക്കും.. കോടികള്‍ കൈവശം കെട്ടിക്കിടപ്പുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടു കൂടിയ ഒരു ഗ്രൗണ്ട്‌ നിര്‍മ്മിക്കാന്‍ കഴിയാത്തതാണ്‌ കെസിഎയുടെ ദുര്യോഗം. പള്ളുരുത്തിയില്‍ കെസിഎ സ്ഥലം കണ്ടെത്തിയെങ്കിലും കണ്ടല്‍പ്രേമികള്‍ വന്നതോടെ ഒരു പ്രദേശവാസികളുടെ തന്നെ സ്വപ്‌നവും കെസിഎ മുടക്കിയ കോടികളും വെള്ളത്തിലായി.
മറുവശത്ത്‌ കേരളത്തിന്റെ കളിയാണെന്നു പറഞ്ഞാലും ഫുട്‌ബോളിനു മലബാര്‍ വിട്ടാല്‍ കാണികളെ ആകര്‍ഷിക്കാനുള്ള നിലവാരമില്ല. ഫിഫയും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും നല്‍കുന്ന തുക പുട്ട്‌ അടിക്കാന്‍ കൂടി തികയുന്നില്ല .നിലവില്‍ അനുവദിച്ചു കിട്ടിയിരിക്കുന്ന ജിസിഡിഎയുടെ വക അംബേദ്‌കര്‍ സ്റ്റേഡിയം പൂര്‍ണ സൗകര്യങ്ങളോടുകൂടിയ രാജ്യാന്തര നിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം ആക്കിമാറ്റുകയാണെങ്കില്‍ കേരളത്തിലേക്കു ഐ ലീഗ്‌ അടക്കമുള്ള നിരവധി മത്സരങ്ങളെ ആകര്‍ഷിക്കുവാനും ജില്ലയിലെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കു സ്ഥിരമായി പരിശീലനം നല്‍കുവാനും കഴിയും 40 വര്‍ഷമായി കെഎഫ്‌എയുടെ ഭാരവാഹിയായി തുടരുന്ന കെഎംഐ മേത്തര്‍ക്കും ഇതറിയാം. പക്ഷേ പുതിയ ഒരു സ്റ്റേഡിയം നിര്‍മ്മിക്കാന്‍ കെഎഫ്‌എയ്‌ക്കു ആഗ്രഹമില്ല. റിസ്‌ക്‌ എടുക്കാന്‍ ടി.സി മാത്യുവിനെപ്പോലെ ഉമ്പായി അത്ര എടുത്തുചാട്ടക്കാരനല്ല. രണ്ടുപേരും കളിക്കളത്തിനു പുറത്തെ കളികള്‍ക്കു അതി വിദഗ്‌ധരും. വമ്പന്മാരായ എതിരാളികളെ പലകാലഘട്ടങ്ങളില്‍ വെട്ടി വീഴ്‌ത്തിയും കൂടെനിന്നവരെ തട്ടിതലോടിയുമാണ്‌ മുന്നേറിയട്ടുള്ളത്‌.
കെഎംഐ മേത്തരും ജിസിഡിഎ അധ്യക്ഷന്‍ .വേണുഗോപാലും ഒരേ പാര്‍ട്ടിക്കാര്‍ ആയതിനാല്‍ മുള്ളിനും ഇലയയ്‌ക്കും കേടില്ലാതെ സംഭവം അവസാനിപ്പിക്കാനാണ്‌ ജിസിഡിഎയുടെ ശ്രമം.
ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍,ജിസിഡിഎയുടെ വെബ്‌സൈറ്റ്‌ എന്നിവ വഴി അഭിപ്രായം സ്വരൂപിക്കാനാണ്‌ ജിസിഡിഎ ലക്ഷ്യം വെക്കുന്നത്‌. ഒക്‌ടോബര്‍ രണ്ടു മുതല്‍ 30 വരെ നടക്കുന്ന അഭിപ്രായ സര്‍വേകള്‍ ക്കു ശേഷം ഈ വിഷയം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ജനറല്‍ കൗണ്‍സിലും ചര്‍ച്ചചെയ്‌തു തീരുമാനിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ