2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

മദിരാശിപ്പഴമയും മലയാളസിനിമയും









സെന്‍‌ട്രല്‍ റെയി‌ല്‍‌വേ സ്റ്റേഷനില്‍ നിന്ന് മദിരാശി നഗരത്തിലേക്കുള്ള കവാടം. ഹെന്‍‌റി ഇര്‍വിന്‍ സായിപ്പിന്‍റെ ഡിസൈനില്‍ നിര്‍മ്മിച്ച ഈ കൊട്ടാരസദൃശമായ റെയില്‍‌വേ സ്റ്റേഷന് മലയാള സിനിമയുമായി അഭേദ്യബന്ധമുണ്ട്. റിക്ഷാവണ്ടികളും കുതിരവണ്ടികളും പെട്ടിക്കടകളും നിറഞ്ഞ ഈ റോഡില്‍ കാലുകുത്തുമ്പോള്‍ മലയാള സിനിമയുടെ തലതൊട്ടപ്പന്മാര്‍ കോരിത്തരിച്ചിരിക്കണം.

ഇന്നീ നഗരം ചെന്നൈയാണ്. ഇത് ചെന്നൈ സെന്‍‌ട്രല്‍ റെയില്‍വേ സ്റ്റേഷനും. ഇവിടെ നിന്ന് നമുക്ക് യാത്ര തുടങ്ങാം. യാത്ര ഷെയര്‍ ഓട്ടോയിലോ തിങ്ങി നിറഞ്ഞ ബസിലോ ആകാം. തെന്നിന്ത്യന്‍ സിനിമയുടെ തലസ്ഥാന നഗരിയായ കോടമ്പാക്കത്തേക്ക്. നരവീണ കെട്ടിടങ്ങളും കുടിലുകളും കൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലം, കോടമ്പാക്കം.

-കട്ട്-


സീന്‍ രണ്ട്

ഫ്ലാഷ് ബാക്ക്
പഴയ കോടമ്പാക്കം

മലയാള സിനിമയുടെ രസതന്ത്രം രൂപപെടുന്നത് ഇവിടെ നിന്നാണ്. 1928ല്‍ പുറത്തിറത്തിറങ്ങിയ വിഗത കുമാരനില്‍ നിന്നും 50കള്‍ക്ക് ശേഷമുള്ള പ്രൌഢിയിലേക്ക് മലയാള സിനിമയ്ക്ക് അസ്ഥിവാരം ഒരുക്കിയത് ചെന്നൈ നഗരവും അവിടെയുള്ള കോടമ്പാക്കവുമാണ്. ആ കാലഘട്ടത്തില്‍ ചെന്നൈയിലേക്കും കോടമ്പാക്കത്തേക്കും അവസരങ്ങള്‍ തേടി എത്തിയ ചെറുപ്പക്കാ‍രാണ് മലയാള സിനിമയുടെ തലക്കുറി മാറ്റി വരച്ചത്.

വമ്പന്‍ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ചുള്ള ഇന്‍ഡോര്‍ ഷൂട്ടിംഗുകളുടെ സുവര്‍ണ്ണകാലം. എ വി എം, വിജയവാഹിനി തുടങ്ങി എല്ലാ സൌകര്യങ്ങളുമുള്ള സ്റ്റുഡിയോകള്‍. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകള്‍ ഇടതടവില്ലാതെ ഈ സ്റ്റുഡിയോകളില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നു. അതു കൊണ്ടു തന്നെ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ പലരും തങ്ങിയത് ചെന്നൈയിലാണ്.

കോടമ്പാക്കത്തെ മഹാലിംഗപുരവും പരിസരവും അന്ന് സിനിമാ സ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. അവിടത്തെ കാറ്റില്‍ മുഴുവന്‍ സിനിമാക്കഥകളായിരുന്നു. ഈ കഥകള്‍ സിനിമാ പ്രസിദ്ധീകരണങ്ങളിലെ താളുകളിലെ അച്ചടിമഷിയില്‍ ഐതിഹ്യങ്ങളായി, വീരകഥകളായി വാരാവാരം മലയാളികളെ തേടിയെത്തിയിരുന്നു.

താരങ്ങളുടെ വര്‍ണ്ണപ്പൊലിമ സിനിമാ പ്രസിദ്ധീകരണങ്ങളിലൂടെ അറിഞ്ഞ് അവസരങ്ങള്‍ തേടിയെത്തുന്നവര്‍, താരാരാധന മൂത്ത് ദൂരദേശങ്ങളില്‍ നിന്നും വാഹനങ്ങളില്‍ പ്രിയ താരത്തെ ഒരു നോക്കു കാണാന്‍ എത്തുന്നവര്‍.... എല്ലാവരും ഇവിടത്തെ സ്വപ്നസുഗന്ധമുള്ള കാറ്റേറ്റ് പാതയോരങ്ങളില്‍ അന്തിയുറങ്ങി.






സിനിമാക്കാരാവാന്‍ ഇവിടെയെത്തി, പരാജയമേറ്റുവാങ്ങി വ്യത്യസ്ത ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയവര്‍ അനവധി. പത്മിനി - രാഗിണിമാരെപ്പോലെയാവാന്‍ കുടുംബം വിട്ടിറങ്ങി, കോടമ്പാക്കം സ്വൈരിണികളാവാന്‍ വിധിക്കപ്പെട്ടവരുടെ കണ്ണീരും വിയര്‍പ്പും ഇപ്പോഴും ഇവിടത്തെ കാറ്റിനുണ്ട്. എങ്കിലും പ്രതിഭയുള്ളവര്‍ കരകയറുക തന്നെ ചെയ്തു. മലയാള സിനിമയിലെ താരകങ്ങളായി ഉദിച്ചുയര്‍ന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ചിലരുടെ ഓര്‍മ്മകള്‍ നമുക്ക് തിരയാം.

-കട്ട്- 


സീന്‍ മൂന്ന്
പുതിയ കോടമ്പാക്കം.
പകല്‍

ഇത് പുതിയ കോടമ്പാക്കം. ആകെ മാറിയിരിക്കുന്നു ഈ നഗരം‍. പഴയ ഓര്‍മ്മയുടെ തിരുശേഷിപ്പുകള്‍ പലതും കോണ്‍ക്രീറ്റ് വനങ്ങള്‍ കൈയേറിയിരിക്കുന്നു. താരങ്ങള്‍ പലരും കൂടൊഴിഞ്ഞിരിക്കുന്നു. മലയാള സിനിമയാവട്ടെ, അതിന്റെ തറവാട് കേരളത്തിലേക്ക് മാറ്റിയിരിക്കുന്നു. എങ്കിലും ഇന്നും ചെന്നൈയില്‍ എത്തുന്ന മലയാളി ആദരവോടെ, ഒട്ടൊരു അത്ഭുതത്തോടെ, പഴയ താരങ്ങളുടെ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിക്കാറുണ്ട്. ഓര്‍മ്മകളിലൂടെ ഓരോരുത്തരെയായി നമുക്ക് വീണ്ടെടുക്കാന്‍ ശ്രമിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ