2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ആഴം കൂട്ടലിന്റെ മറവില്‍ കായല്‍ കൈയേറ്റവും കണ്ടല്‍ നശീകരണവും

 കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത ആഴം കൂട്ടലിന്റെ മറവില്‍ വന്‍തോതില്‍ കായല്‍ കൈയേറ്റവും കണ്ടല്‍ നശീകരണവും നടക്കുന്നതായി പരാതി. മരട് നഗരസഭയിലെ നെട്ടൂരില്‍ തേവര കായല്‍ പ്രദേശത്തിന്റെ ഏക്കറ് കണക്കിന് ഭൂമിയാണ് ഇത്തരത്തില്‍ കൈയേറി മണ്ണടിച്ച് നികത്തിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല, കായല്‍ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം കൂടിയായ പ്രദേശത്തെ കണ്ടല്‍ മരങ്ങള്‍ വന്‍തോതില്‍ വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

നെട്ടൂര്‍ അമ്പലക്കടവ് മുതല്‍ തേവര - കുണ്ടന്നൂര്‍ മേല്‍പ്പാലം വരെയാണ് ഇപ്പോള്‍ ആഴം കൂട്ടല്‍ നടക്കുന്നത്. ദേശീയ ജലപാത അതോറിട്ടിയുടെ നേതൃത്വത്തില്‍ സ്വകാര്യകമ്പനിയാണ് ആഴം കൂട്ടല്‍ കരാര്‍ എടുത്തിരിക്കുന്നത്. കായലിന്‍ നിന്ന് എടുക്കുന്ന മണ്ണ് മത്സ്യങ്ങള്‍ക്കോ, മറ്റ് കായല്‍ വൃക്ഷങ്ങള്‍ക്കോ ദോഷമാകാത്ത വിധത്തിലും കായല്‍ തീരത്ത് നിക്ഷേപിക്കാതെയും നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കരാറുകാരന് കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനായി കുഴിച്ചെടുക്കുന്ന മണ്ണ് കായല്‍ തീരത്ത് തന്നെ നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് ഈ മണ്ണ് തിരിച്ച് കായലില്‍ തന്നെ എത്തുകയും ആഴം കൂട്ടല്‍ പ്രവൃത്തി പാഴാവുകയും ചെയ്യും. 

പ്രദേശത്ത് തീരദേശ റോഡ് നിര്‍മിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രദേശത്ത് പുഴ പുറംപോക്ക് കൈയേറി മണ്ണിട്ട് നികത്തി അനധികൃതമായി കൈവശം വച്ചിരിക്കുന്ന തീരദേശവാസികളുടെ ഭൂമിയില്‍ക്കൂടി റോഡ് ഉണ്ടാക്കുന്നതിന് തീരുമാനവും എടുത്തിരുന്നു. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ തീരദേശ റോഡിനായി ഭൂമി വിട്ടുതരാമെന്ന് യോഗത്തില്‍ സമ്മതിക്കുകയുമുണ്ടായി. ഇതനുസരിച്ചാണ് കായല്‍മണ്ണ് തീരത്ത് നിക്ഷേപിച്ച് തുടങ്ങിയത്. എന്നാല്‍ ഈ അവസരം മുതലാക്കിയാണ് ഭൂമാഫിയാ സംഘങ്ങള്‍ നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിച്ച് ഏക്കറുകണക്കിന് കായല്‍ പ്രദേശം നികത്തിക്കൊണ്ടിരിക്കുന്നത്.

കായല്‍ത്തീരം നഷ്ടമാകുന്നതോടെ ജീവിതം വഴിമുട്ടുന്നത് മത്സ്യത്തൊഴിലാളികള്‍ക്കാണ്. അനധികൃത കൈയേറ്റത്തിനെതിരെ നെട്ടൂര്‍ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്കും മറ്റും പരാതി നല്‍കി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. കൂടാതെ ഇതിനെതിരെ പ്രദേശത്തെ വിവിധ റസി. അസോസിയേഷനുകളും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് പനങ്ങാട് പോലീസും, വനംവകുപ്പ് അധികൃതരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരുടെ ഭാഗത്ത് നിന്നും ക്രിയാത്മക നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതരുടെ ഒത്താശയോടെയാണ് ഭൂമാഫിയയുടെ നടപടിയെന്നും ഒരുവിഭാഗം പറയുന്നു.

അനധികൃതമായി കായല്‍ കൈയേറിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മരട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ പറഞ്ഞു. 
-മാതൃഭൂമി
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ