2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ദുലീപ്‌ ട്രോഫി: രോഹന്‍ പ്രേം, സന്ദീപ്‌ വാര്യര്‍, സി പി ഷാഹിദ്‌ ദക്ഷിണ മേഖലാ ടീമില്‍

ദുലീപ്‌ ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിലേക്ക്‌ മലയാളികളായ
രോഹന്‍ പ്രേം, സന്ദീപ്‌ വാര്യര്‍, സി പി ഷാഹിദ്‌ എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ രഞ്ചി ട്രോഫിയില്‍ കേരളത്തെ നയിച്ചത്‌ ഓള്‍ റൗര്‍ കൂടിയായ രോഹന്‍ പ്രേം
ആയിരുന്നു. അണ്ടര്‍ 23 എമര്‍ജിംഗ്‌ കപ്പില്‍ തിളങ്ങിയ സന്ദീപ്‌ വാര്യര്‍ ഇര്‍ഫാന്‍ പഠാന്‌ പകരം ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇടം കൈ സ്‌പിന്നറായ സി പി ഷാഹിദ്‌ കഴിഞ്ഞ രഞ്ചി ട്രോഫിയില്‍ 26 വിക്കറ്റുകള്‍ വീഴ്‌ത്തി മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഒക്ടോബര്‍ മൂന്നിന്‌ ചെന്നൈയിലാണ്‌ ദുലീപ്‌ ട്രോഫി തുടങ്ങുന്നത്‌.
ഇത്തവണത്തെ ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനല്‍- ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ആതിഥേയരാകും. ഒക്ടോബര്‍ 10 മുതല്‍ 21 വരെ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങള്‍ . 10 മുതല്‍ 13 വരെ സെമിഫൈനല്‍ മത്സരങ്ങളും 17 മുതല്‍ 21 വരെ ഫൈനല്‍ മത്സരങ്ങളുമാണ്‌ നടക്കുക. ഇതാദ്യമായാണ്‌ കേരളം ദുലീപ്‌ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ വേദിയാകുന്നത്‌. സോണല്‍ തലത്തില്‍ നടക്കുന്ന ദുലീപ്‌ ട്രോഫി ബി സി സി ഐയുടെ ഏറ്റവും അഭിമാനകരമായ ടൂര്‍ണ്ണമെന്റാണ്‌്‌. രാജ്യത്തെ സീനിയര്‍ - ജൂനിയര്‍ താരങ്ങള്‍ ദുലീപ്‌ ട്രോഫിക്കുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. സെമിഫൈനല്‍- ഫൈനല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
2003ലാണ്‌ അവസാനമായി ദുലീപ്‌ ട്രോഫി മത്സരം കേരളത്തില്‍ നടന്നത്‌.

അന്ന്‌ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എലീറ്റ്‌ സി യും പ്ലേറ്റ്‌ ബിയും തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌. അതിന്‌ മുമ്പ്‌ 2 തവണ ദുലീപ്‌ ട്രോഫി മത്സരങ്ങള്‍ക്ക്‌്‌ കേരളം വേദിയായിട്ടുണ്ട്‌. 1985 ഒക്ടോബറില്‍ നോര്‍ത്ത്‌- വെസ്‌റ്റ്‌ സോണുകള്‍ തമ്മിലുള്ള സെമിഫൈനലും 1981 ല്‍ നോര്‍ത്ത്‌- സൗത്ത്‌ സോണുകള്‍ തമ്മിലുള്ള മത്സരവും തിരുവനന്തപുരത്താണ്‌ നടന്നത്‌.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ