താനുമായി പൊക്കിൾക്കൊടി ബന്ധമുള്ള പൊന്നിനെ ഒന്നു കാണണമെന്ന് ആശിച്ചാലും നടക്കില്ല. കാരണം ഗർഭപാത്ര കരാറിലെ പ്രധാന വ്യവസ്ഥ അതാണ്. ആശുപത്രി ശുശ്രൂഷകൾ അവസാനിച്ചാൽ പ്രതിഫലമായ നാലു ലക്ഷം രൂപ കൈപ്പറ്റി വാടകഅമ്മയ്‌ക്ക് വീട്ടിലേക്ക് മടങ്ങാം.
തനിക്കാരുമല്ലാത്ത ദമ്പതികളുടെ കുഞ്ഞിന് ഭ്രൂണാവസ്ഥയിൽ നിന്ന് പൂർണ വളർച്ചയെത്തും വരെ സുരക്ഷിതമായി കഴിയാനുള്ള ഒരു വാടകവീട് മാത്രമാണ് ആ സ്‌ത്രീയുടെ ഗർഭപാത്രം. പത്ത് മാസം പൂർത്തിയാകുമ്പോൾ ആ കുഞ്ഞ് വാടകവീടൊഴിഞ്ഞ് 'സ്വന്തം' അച്ഛനോടും അമ്മയോടും ഒപ്പം പോകുന്നു. സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് കരകയറാൻ അനപത്യതാദുഃഖം പേറുന്ന ദമ്പതികൾക്കായി തന്റെ ഗർഭപാത്രം വാടകയ്‌ക്ക് നൽകുന്ന സ്‌ത്രീക്ക് ആ കുഞ്ഞിനോട് വൈകാരിക അടുപ്പമൊന്നും ഉണ്ടാവേണ്ട കാര്യവുമില്ല.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആരുമറിയാതെ 15 കുഞ്ഞുങ്ങളാണ് ഇങ്ങനെ വാടക ഗർഭപാത്രത്തിൽ നിന്ന് പിറന്നുവീണത്. 12 ലക്ഷം രൂപ നൽകിയാൽ വാടകയ്‌ക്ക് ഗർഭപാത്രം റെഡിയാണ്. വാടകമാതാവിന്റെ പ്രതിഫലവും ചികിത്സാ ചെലവുകളുമടക്കം ഫുൾ പാക്കേജാണ് ഈ വന്ധ്യതാ ചികിത്സാ കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്. അവസരം കാത്ത് 20 ലേറെ ദമ്പതിമാർ ക്യൂവിലുണ്ട്.
കുട്ടികളില്ലാത്ത ദമ്പതിമാരുടെ ബീജവും അണ്ഡവും ലാബിൽ സങ്കലനം ചെയ്‌തുണ്ടാവുന്ന ഭ്രൂണത്തെ മറ്റൊരു സ്‌ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തുന്ന 'വാടകഗർഭം' എന്ന പ്രതിഭാസം കേരളത്തിലും വ്യാപകമാവുകയാണ്. ഗർഭപാത്രം വാടകയ്‌ക്ക് നൽകാൻ നിരവധി സ്ത്രീകൾ മുന്നോട്ടു വരുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. അവരുടെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.
ചികിത്സ ആരംഭിക്കും മുൻപ് വാടകമാതാവിനും ദമ്പതികൾക്കും വിശദമായ കൗൺസിലിംഗുണ്ട്. അഭിഭാഷകന്റെ സാന്നിധ്യത്തിൽ ഇരുകൂട്ടരും കരാർ ഒപ്പിടണം. ദമ്പതികൾക്ക് ഈ സ്ത്രീയെ കാണുന്നതിനോ, സമ്മാനങ്ങൾ നൽകുന്നതിനോ വിലക്കൊന്നുമില്ല, എങ്കിലും ഇരുകൂട്ടരും തമ്മിലുളള അടുത്ത ഇടപെടലുകൾ ആശുപത്രി അധികൃതർ പ്രോൽസാഹിപ്പിക്കാറില്ല.
കടുത്ത സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്നവരാണ് ഗർഭപാത്രം വാടകയ്‌ക്ക് നൽകാൻ തയ്യാറാകുന്നത്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ശരാശരി നാലു ലക്ഷം രൂപയാണ് പ്രതിഫലം. ഭർത്താവിന് സമ്മതമാണെങ്കിൽ ഏതു സ്ത്രീക്കും ഗർഭപാത്രം വാടകയ്‌ക്ക് നൽകാം. വിധവകളോ വിവാഹമോചിതരോ ആണെങ്കിൽ കുടുംബത്തിലെ ഉത്തരവാദപ്പെട്ട ആളുടെ സമ്മതം ഹാജരാക്കണം.
ലളിതമായ സങ്കേതത്തിലൂടെ ഭ്രൂണം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. ഗർഭകാലത്ത് പോഷകമൂല്യമുളള ഭക്ഷണവും മികച്ച പരിചരണവും ലഭിക്കും. വേണമെങ്കിൽ ഭ്രൂണം നിക്ഷേപിക്കുന്നത് മുതൽ ആശുപത്രിയിൽ താമസിക്കാം. അല്ലെങ്കിൽ ആറാം മാസത്തിൽ പ്രവേശനം തേടാം. പ്രസവംകഴിഞ്ഞാൽ രണ്ടാഴ്ച വിശ്രമം വേണം. ഒരു മാസത്തേക്കുളള മരുന്നുമായി വീട്ടിലേക്ക് പോകാം. അതോടെ വാടക മാതാവും ദമ്പതികളുമായുളള കരാർ കഴിയും.
നിയമ തടസമില്ലഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാൽ ഗർഭപാത്രം വാടകയ്‌ക്കെടുക്കുന്നതിന് ഇന്ത്യയിൽ യാതൊരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. അനിയൻ പി വക്കം പറഞ്ഞു.
ധാർമ്മിക പ്രശ്നമില്ല
കുട്ടികളില്ലാത്ത ദമ്പതികൾ വാടക മാതാവിന്റെ സഹായം തേടുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് നടി ശ്വേത മേനോൻ. ഗർഭപാത്രം വാടകയ്‌ക്ക് നൽകിയതാണെങ്കിലും അവർക്ക് കുഞ്ഞുമായി വൈകാരികമായ ബന്ധമുണ്ട്. അത് യാഥാർഥ്യമാണ്. പക്ഷേ കുഞ്ഞിനെ കാണാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ കരാറിൽ ഒപ്പിടുന്നത്. ഇരുകൂട്ടരുടെയും ആവശ്യങ്ങൾ നിറവേറുന്നു. ഇതിൽ ധാർമ്മികതയുടെ പ്രശ്നമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ