2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

വൈറ്റില മൊബിലിറ്റി ഹബ്ബ് 435 കോടിയുടെ രണ്ടാംഘട്ട വികസനത്തിന് അനുമതി


Posted on: 26 Sep 2013




കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബ് രണ്ടാംഘട്ട വികസനത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി. നേരത്തെ നിശ്ചയിച്ച പ്രകാരം ഏഴ്‌നിലകളില്‍ തന്നെ രണ്ടാംഘട്ട വികസനം സാധ്യമാകുന്ന പദ്ധതിക്ക് സഹായം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. 435 കോടി രൂപയുടെ പദ്ധതിയില്‍ 100 കോടി രൂപ സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കും. 298 കോടി രൂപ ബാങ്ക് കണ്‍സോര്‍ഷ്യം വഴി വായ്പയായും ബാക്കി തുക ജിഡ (ഗോശ്രീ ദ്വീപ് വികസന അതോറിട്ടി)യില്‍ നിന്നും ലഭ്യമാകും. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തോടനുബന്ധിച്ച് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. സര്‍ക്കാരില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ആറ് കോടി സഹായം ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ 60 കോടി രൂപ ലഭ്യമാക്കുന്നതിന് ആസൂത്രണ ബോര്‍ഡിനെ അറിയിക്കാനും ചര്‍ച്ചയില്‍ ധാരണയായി. മൂന്നാം ഘട്ടത്തില്‍ 34 കോടിയാണ് സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുക. ഗോശ്രീ വികസന അതോറിട്ടിയില്‍ നിന്നുള്ള 35 കോടി രൂപയും നിര്‍മാണത്തിന് ഉപയോഗിക്കും.

ഏഴ് നിലകളില്‍ നിര്‍മിക്കുന്ന ടെര്‍മിനലിന്റെ ഒന്നാം നിലയില്‍ ബസ് ടെര്‍മിനല്‍, റസ്റ്റ് റൂം, ഫസ്റ്റ് എയ്ഡ് സെന്റര്‍ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. രണ്ടാം നിലയില്‍ മെട്രോ റെയില്‍ ഇന്റഗ്രേഷന്‍, സ്‌കൈ വാക്ക്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മൊബിലിറ്റി ഹബ്ബ് ഓഫീസ് എന്നിവ പ്രവര്‍ത്തിക്കും, തുടര്‍ന്നുള്ള നിലകളില്‍ കടകളാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും അവസാനത്തെ നിലയില്‍ നാല് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളും കുട്ടികള്‍ക്കായുള്ള പ്ലേ ഏരിയകളും വരും.

ജനറം പദ്ധതിയിലുള്‍പ്പെടുത്തി സഹായം ലഭ്യമാക്കുന്നതിന് ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നു. എന്നാല്‍, സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്താവുന്ന പദ്ധതിക്ക് എന്തിനാണ് സര്‍ക്കാര്‍ സഹായമെന്ന ചോദ്യമുയര്‍ന്നു. ജനറം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചിരുന്നെങ്കില്‍ 150 കോടി കേന്ദ്ര സര്‍ക്കാര്‍ സഹായവും ബാക്കി തുക സംസ്ഥാന സര്‍ക്കാരും വഹിക്കേണ്ടി വരുമായിരുന്നു. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പദ്ധതി മുന്‍ നിശ്ചയിച്ച പ്രകാരം ബാങ്ക് വായ്പയെടുത്ത് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ