2025 നവംബർ 23, ഞായറാഴ്‌ച

മെല്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ലെന്‍സ്കാര്‍ട്ട്,



പോപ്മാര്‍ട്ടുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു


 



കൊച്ചി: ബാഴ്സലോണയില്‍ നിന്നുള്ള ബ്രാന്‍ഡായ മെല്ലര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലെന്‍സ്കാര്‍ട്ട്. ഇതോടൊപ്പം ആഗോള പോപ്പ്-കള്‍ച്ചര്‍ ബ്രാന്‍ഡായ പോപ്മാര്‍ട്ടുമായി പുതിയ ക്രിയേറ്റീവ് ഐവെയര്‍ പങ്കാളിത്തവും ലെന്‍സ്കാര്‍ട്ട് പ്രഖ്യാപിച്ചു. ആധുനിക 'ഹൗസ് ഓഫ് ഐവെയര്‍ ബ്രാന്‍ഡ്സ്' കെട്ടിപ്പടുക്കാനുള്ള ലെന്‍സ്കാര്‍ട്ടിന്‍റെ ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ഈ നീക്കം. പോപ്പ് മാര്‍ട്ട് ഃ ലെന്‍സ്കാര്‍ട്ട് കണ്ണട ശേഖരം ഡിസംബര്‍ ആദ്യ വാരം മുതല്‍ സിംഗപ്പൂരില്‍ ഓണ്‍ലൈനിലും തിരഞ്ഞെടുത്ത ലെന്‍സ്കാര്‍ട്ട് സ്റ്റോറുകളിലും ലഭ്യമാകും. ഹാരീ പോട്ടര്‍, ഹെല്ലോ കിറ്റി, പോക്കിമോന്‍, ഡ്രാഗണ്‍ ബോള്‍ സീ, സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ എന്നിവയുള്‍പ്പെടെയുള്ള ലെന്‍സ്കാര്‍ട്ടിന്‍റെ സാംസ്കാരിക സഹകരണങ്ങളുടെ വിപുലീകരണം കൂടിയാണ് ഈ പങ്കാളിത്തം.


 


യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ഡയറക്റ്റ് ടു കണ്‍സ്യൂമര്‍ യൂത്ത് ഐവെയര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബാഴ്സലോണയില്‍ സ്ഥാപിതമായ മെല്ലര്‍. 7 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള മെല്ലര്‍ ഇതിനകം യൂറോപ്പിലും യു.എസിലും ശക്തമായ സാന്നിധ്യം  ഉറപ്പിച്ചു കഴിഞ്ഞു. പങ്കാളിത്തത്തിന്‍റെ ഭാഗമായി ലെന്‍സ്കാര്‍ട്ടിന്‍റെ ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ ശൃംഖലയിലുടെയും, ലെന്‍സ്കാര്‍ട്ട് ആപ്പ് വഴിയും, വെബ്സൈറ്റ് വഴിയും, ഓണ്‍ലൈനിലും മെല്ലര്‍ ലഭ്യമാവും. 500 തിരഞ്ഞെടുത്ത സ്റ്റോറുകളിലായിരിക്കും ബ്രാന്‍ഡ് ആദ്യം എത്തുക. മെല്ലര്‍, ജോണ്‍ ജേക്കബ്സ്, ഓണ്‍ഡേയ്സ് പോലുള്ള ബ്രാന്‍ഡുകളിലൂടെയും, പോപ്മാര്‍ട്ട്, ഡ്രാഗണ്‍ ബോള്‍ സീ, ഹാരി പോട്ടര്‍ തുടങ്ങിയ ക്രിയേറ്റീവ് പങ്കാളിത്തങ്ങളിലൂടെയും പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിയുള്ള പ്രീമിയം നിരയാണ് ലെന്‍സ്കാര്‍ട്ട് ക്രമേണ കെട്ടിപ്പടുക്കുക്കുന്നത്.

അറബിക്കടലിൽ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി

 




ടനിൻജിയ എന്ന ജനുസ്സിൽ പെട്ട ലോകത്തിലെ തന്നെ രണ്ടാമത്തെ കൂന്തൾ ഇനം കണ്ടെത്തിയത് സിഎംഎഫ്ആർഐ ശാസ്ത്രസംഘം

കൊച്ചി: അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘം.

ആഗോളതലത്തിൽത്തന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ (വർഗം) പെട്ടതാണ് ഈ ആഴക്കടൽ കൂന്തൾ. ഇതുവരെ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൾ ഇനം. രണ്ടാമത്തെ ഇനം കൂന്തളിനെയാണ് സിഎംഎഫ്ആർഐ സംഘം കണ്ടെത്തിയത്.

കൊല്ലം പുറംകടലിൽ ഏകദേശം 390 മീറ്റർ ആഴത്തിൽനിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ ലഭിച്ചത്. ഇവക്ക് കൂന്തളുകളെ പോലെ രണ്ട് നീളമുള്ള സ്പർശിനികൾ (ടെന്റക്കിൾ) ഇല്ല.
നീരാളികളെ പോലെ എട്ട് കൈകൾ മാത്രമാണുള്ളത്. ഇക്കാരണത്താൽ നീരാളി കൂന്തൾ എന്നാണ് ഇവയെ വിളിക്കുന്നത്. സാധാരണ കൂന്തളുകൾക്ക് എട്ട് കൈകളും പുറമെ രണ്ട് സ്പർശിനികളുമുണ്ടാകാറുണ്ട്.  

സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ കെ കെ സജികുമാറും ചേർന്ന ഗവേഷണ സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ.

പുതിയ കൂന്തളിനെ ടനിൻജിയ സൈലാസി എന്ന് നാമകരണം ചെയ്തു. സിഎംഎഫ്ആർഐ മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞൻ ഡോ ഇ ജി സൈലാസിന് ആദരമായാണ് ഈ പേര് നൽകിയത്. ഇന്ത്യയിലെ കണവ ഗവേഷണ രംഗത്ത് മുൻനിരക്കാരനായിരുന്നു ഡോ സൈലാസ്. ഇന്ത്യൻ നീരാളി കൂന്തൾ എന്നാണ്

ആദ്യമായാണ് അറബിക്കടലിൽ നിന്നും ടനിൻജിയ വർഗത്തിലെ നീരാളി കൂന്തളിനെ കണ്ടെത്തുന്നത്. ആദ്യകാഴ്ചയിൽ, ഈ വർഗത്തിലെ ഏകയിനമായ ടനിൻജിയ ഡാനേ ആണെന്നാണ് കരുതിയത്. ഇവ ഏകജാതീയമാണെന്നായിരുന്നു (മോണോടൈപിക്) ഗവേഷകർക്കിടയിൽ ഇതുവരെയുണ്ടായിരുന്ന വിശ്വാസം. എന്നാൽ, ഇവ രണ്ടും തമ്മിൽ ബാഹ്യരൂപത്തിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ ജനിതക-വർഗീകരണ പഠനത്തിലാണ് അറബിക്കടലിൽ നിന്ന് ലഭിച്ചത് പുതിയ ഇനം കൂന്തളാണെന്ന് തിരിച്ചറിഞ്ഞത്- ഡോ ഗീത ശശികുമാർ പറഞ്ഞു.

വലിയ വലുപ്പവും തൂക്കവും കൈവരിക്കുന്നതാണ് ഈ കുടുംബത്തിലെ കൂന്തളുകൾ. ഇവ രണ്ട് മീറ്ററിലേറെ നീളവും ഏകദേശം 61 കിലോഗ്രാം തൂക്കവും കൈവരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ടുന്ന് ഡോ സജികുമാർ പറഞ്ഞു.

ലോകമെമ്പാടും ഏകദേശം 400-ഓളം വ്യത്യസ്ത ഇനം കൂന്തളുകളെ കണ്ടെത്തിയിട്ടുണ്ട്. പുതിയ കൂന്തളിനെ കണ്ടെത്തിയതായുള്ള പഠനം രാജ്യാന്തര ജേർണലായ മറൈൻ ബയോഡൈവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗവേഷണ വിദ്യാർത്ഥികളായ ഡോ ഷിജിൻ അമേരി, ടോജി തോമസ് എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു.

2025 നവംബർ 12, ബുധനാഴ്‌ച

ജാഗൃതി എക്സ്പ്രസ് കൊച്ചിയിലെത്തി.

 




കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിന്‍ യാത്രയായ ജാഗൃതി എക്സ്പ്രസ് കൊച്ചിയിലെത്തി.

 ജാഗൃതി യാത്രയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് സംഘം കൊച്ചി സന്ദര്‍ശിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ യാത്രാംഗങ്ങള്‍ക്ക് ഔദ്യോഗികമായ സ്വീകരണം ഒരുക്കി. കെഎസ് യുഎം സിഇഒ അനൂപ് അംബിക യാത്രയെ അഭിസംബോധന ചെയ്തു.

രാജ്യത്തൊട്ടാകെയുള്ള യുവ സാമൂഹിക-സംരംഭക പരിവര്‍ത്തകരായ 525 യുവയാത്രികരാണ് 15 ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കുന്നത്. 2008 ല്‍ ആരംഭിച്ച  ഈ യാത്ര എല്ലാ വര്‍ഷവും മുംബൈയില്‍ നിന്നാരംഭിച്ച് വിവിധ സ്ഥലങ്ങളിലൂടെ 8000 കി. മിയിലധികം യാത്ര ചെയ്ത് മുംബൈയില്‍ തന്നെ അവസാനിക്കും. വിവിധ മേഖലകളിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഭാഗമായാണ് കൊച്ചിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും യാത്രയില്‍ സന്ദര്‍ശിച്ചത്. കളമശേരിയിലെ ഡിജിറ്റല്‍ ഹബില്‍ നടന്ന പരിപാടിയില്‍ അനൂപ് അംബികയും ജാഗൃതി യാത്രാ ബോര്‍ഡംഗം സുനില്‍ പാങ്ഗോര്‍ക്കറും സംബന്ധിച്ചു. രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി കേരളം മാറിയതെങ്ങിനെയെന്ന് അനൂപ് അംബിക വിവരിച്ചു. സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി കേന്ദ്രസര്‍ക്കാരുകള്‍ നല്‍കുന്ന സഹായപദ്ധതികളും അദ്ദേഹം സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു.7500 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തിലിന്നുള്ളത്. സേവന മേഖലയില്‍ നിന്ന് ഡീപ് ടെക്, ഉത്പന്ന വികസനം തുടങ്ങിയവയിലാണ് ഇനി സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 




തുറമുഖം, ബഹിരാകാശം, ആരോഗ്യമേഖല, ക്രിയേറ്റീവ് സമ്പദ് വ്യവസ്ഥ, പുനരുപയോഗ ഊര്‍ജ്ജം എന്നിവയിലാണ് ഇനി പരമ്പരാഗത വ്യവസായങ്ങളില്‍ കേരളത്തിന് ഊന്നല്‍ നല്‍കാവുന്നത്. എന്നാല്‍ ഡീപ് ടെക് മേഖലയില്‍ കേരളത്തിന്‍റെ സാധ്യതകള്‍ അനന്തമാണെന്നും അദ്ദേഹം പറഞ്ഞു.ഹുബ്ലിയില്‍ നിന്നാണ് യാത്ര കൊച്ചിയിലെത്തിയത്. ഇവിടെ നിന്നും മധുര, ശ്രീസിറ്റി, വിശാഖപട്ടണം, ബഹറാംപൂര്‍,  നളന്ദ, ദേവരിയ, ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ് വഴിയാണ് മുംബൈയിലെത്തുന്നത്.

2025 നവംബർ 10, തിങ്കളാഴ്‌ച

കായിക വിജയത്തില്‍ ഓറല്‍ ഹെല്‍ത്ത് നിര്‍ണായകമെന്ന് രാഹുല്‍ ദ്രാവിഡ്





കൊച്ചി: മികച്ച കായികക്ഷമത കൈവരിക്കുന്നതില്‍ വായയുടെ ആരോഗ്യത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസവും ഹെഡ് കോച്ചുമായ രാഹുല്‍ ദ്രാവിഡ്. ഉയര്‍ന്ന മത്സരാത്മക സാഹചര്യങ്ങളിലെ വിജയത്തെ നിര്‍വചിക്കുന്ന 'ഏറ്റവും ചെറിയ കാര്യങ്ങളില്‍' ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ സംസാരിക്കവെ, ഡെന്‍റല്‍ കെയര്‍ ഉള്‍പ്പെടെയുള്ള ഒരു കായികതാരത്തിന്‍റെ ആരോഗ്യത്തിന്‍റെ എല്ലാ വിശദാംശങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിലൂടെ '1% മുന്‍തൂക്കം' ഉറപ്പാക്കുന്ന ആഗോള പ്രവണത ദ്രാവിഡ് എടുത്തു കാണിച്ചു. എഫ്സി ബാഴ്സലോണ പോലുള്ള ലോകോത്തര ടീമുകള്‍ വായയുടെ ആരോഗ്യ പരിശോധനകള്‍ നിര്‍ബന്ധമാക്കിയതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇത് പ്രൊഫഷണല്‍ പ്രകടനത്തിന്‍റെ അവിഭാജ്യ ഘടകമായി ഓറല്‍ ഹൈജീന്‍ മാറുന്നതിനെ അടിവരയിടുന്നു. 'ഒരു പ്രൊഫഷണല്‍ അത്ലറ്റ് എന്ന നിലയില്‍ സ്വയം ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍, നിങ്ങളുടെ ഓറല്‍ ഹെല്‍ത്തും ശ്രദ്ധിക്കണം,' ദ്രാവിഡ് പറഞ്ഞു.