സിപിഐ നേതാവ് പി രാജു മുൻ എംഎൽഎ അന്തരിച്ചു
കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന പി രാജു (73) അന്തരിച്ചു. ഇന്നലെ പുലർച്ചേ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 8 മണിയോടെ വിലാപയാത്രയായി പറവൂരിലേക്ക് കൊണ്ടു പോകും .തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര എംഎൽഎ പടിയിലെ മേപ്പള്ളി
വസതിയിലേക്ക് കൊണ്ടു പോകും .വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും..
വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെ പൊതു രംഗത്ത് എത്തിയ രാജു എഐവൈഎഫ് ജില്ലാ പ്രസിഡൻ്റായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991 ,1996 വർഷങ്ങളിൽ പറവൂരിൽ എംഎൽഎ ആയിരുന്നു.ഇക്കാലയളവിൽ പറവൂരിൻ്റെ വികസന നേർസാക്ഷ്യങ്ങൾക്ക് ജീവൻ ജീവൻ പകരാൻ ഇദ്ദേഹത്തിന്റെ ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. 2015 മുതൽ 2022 ആഗസ്റ്റ് വരെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു.
ജനയുഗം പുനഃപ്രസിദ്ധീകരണം ആരംഭിച്ച സന്ദർഭത്തിൽ കൊച്ചി യുണിറ്റ് മാനേജരായും ഏഴു വർഷക്കാലം ഡയറക്ർ ബോർഡ് അംഗമായും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻറാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന ഭാരവാഹിയുമാണ്. നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. കെടാമംഗലം എൽപി സ്കൂൾ, പറവൂർ ബോയ്സ് സ്കൂൾ, മാല്യങ്കര എസ്എൻഎം കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
1970 നു ശേഷം എഐവൈഎഫ് സജീവ പ്രവർത്തകനും പറവൂർ മണ്ഡലം സെക്രട്ടറിയും, ജില്ലാ പ്രസിഡന്റുമായി കുറെക്കാലം.എടയാർ കോമിൻകോ ബിനാനിയിൽ ജിവനകാനായി. ഇവിടെ നിന്നും രാജിവെച്ച് 1975 മുതൽ സിപിഐയുടെ മുഴുവൻ സമയ പ്രവർത്തകനായി പറവൂർ മണ്ഡലം സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ലാ അസി. സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു.
1951ജൂലൈ 18ന് പറവൂർ കെടാമംഗലത്ത് ജനനം. സ്വാതന്ത്ര്യസമര സേനാനിയും മുൻ എംഎൽഎയുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. രാജു നെയ്യാർ (പരേതൻ), ഗംഗ, (റിട്ട വാട്ടർ അതോറിറ്റി ) ,രഘു (ഹൈദരാബാദ്), എന്നിവർ സഹോദരങ്ങളാണ്.
ഭാര്യ: ലതിക ( (റിട്ട. പറവൂർ താലൂക്ക് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ )
മകൾ : സിന്ധു (അദ്ധ്യാപിക, കരുനാഗപ്പള്ളി ക്ലാപ്പന എസ് വി എച്ച് എസ് സ്കൂൾ )
മരുമകൻ : ഡോ ജയകൃഷ്ണൻ ,കരുനാഗപ്പള്ളിയിൽ സ്വകാര്യ ക്ലീനിക്ക്