2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ പുരോഗതിക്കായി




കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ സമഗ്ര പുരോഗതിക്കായി കൈകോര്‍ത്ത് കേരള ഫീഡ്സ്. കേരള ഫീഡ്സിന്‍റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലേക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങളാണ് കൈമാറിയത്.

കടയ്ക്കല്‍ താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ആശുപത്രി ഉപകരണങ്ങള്‍ നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള ഫീഡ്സിന്‍റെ ലാഭവിഹിതം ആരോഗ്യമേഖലയ്ക്കു വേണ്ടി മാറ്റിവച്ചത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരായ ഒട്ടേറപ്പേര്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ഫീഡ്സിന്‍റെ ലാഭവിഹിതം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഉത്പന്നങ്ങള്‍ക്ക് വില കൂട്ടാതെയാണ് കേരള ഫീഡ്സ് ലാഭമുണ്ടാക്കിയതെന്നും സിഎസ്ആര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ച കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.ശ്രീകുമാര്‍ പറഞ്ഞു.

5,20,000 രൂപയുടെ ഉപകരണങ്ങളാണ് കേരള ഫീഡ്സ് ആശുപത്രിക്ക് കൈമാറിയത്. പാരലല്‍ ബാര്‍ വിത്ത് മിറര്‍, ഷോള്‍ഡര്‍ വീല്‍, ഓവര്‍ഹെഡ് ബുള്ളി, ട്രാക്ഷന്‍ ടേബിള്‍ വിത്ത് ട്രാക്ഷന്‍ യൂണിറ്റ്, അള്‍ട്രാസൗണ്ട് യൂണിറ്റ്, ലേസര്‍, ആംഗിള്‍ എക്സര്‍സൈസ്, സെക്ഷന്‍ അപ്പാരറ്റസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതികാ വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ഉഷ, സുധിന്‍ കടയ്ക്കല്‍, കെ.എം. മാധുരി, പ്രീജാ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.മനോജ്കുമാര്‍ സ്വാഗതവും കടയ്ക്കല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ആശ ജെ.ബാബു നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ