- ദേശീയ ക്ഷീരദിനത്തില്‍ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
തിരുവനന്തപുരം: ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ പൂര്‍ണകായ പ്രതിമ പട്ടം മില്‍മ ഭവനില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നവംബര്‍ 26 വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യും. ഡോ. കുര്യന്‍റെ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്‍റെ ഭാഗമായാണിത്.
ഇടപ്പഴിഞ്ഞിയിലെ ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3.30 ന് നടക്കുന്ന ദേശീയ ക്ഷീര ദിനാഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുക. ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ മികച്ച ബിടെക് ഡയറി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഗതാഗത മന്ത്രി ആന്‍റണി രാജു സമ്മാനിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അറിയിച്ചു.
ഡോ. കുര്യന്‍റെ ജന്‍മശതാബ്ദി അനുസ്മരണ പ്രഭാഷണം ദേശീയ ക്ഷീരവികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി നന്ദകുമാര്‍ നടത്തും. 2.30 ന് നടക്കുന്ന അനുസ്മരണ പ്രഭാഷണ ചടങ്ങില്‍ ഡോ. കുര്യന്‍റെ മകള്‍ നിര്‍മ്മലാ കുര്യന്‍ പ്രത്യേക ക്ഷണിതാവായി ഓണ്‍ലൈനില്‍ പങ്കെടുക്കും.
ക്ഷീരദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. കുര്യന്‍റെ പ്രതിമ നിര്‍മ്മിച്ച ശില്‍പി ഉണ്ണി കാനായിയെ മേയര്‍ ആര്യ രാജേന്ദ്രന്‍ ആദരിക്കും.
മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എന്‍ രാജന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശികന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ വിപി സുരേഷ് കുമാര്‍, കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്‍റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജയിംസ്, കൗണ്‍സിലര്‍ ഷീജ മധു എന്നിവര്‍ ആശംസ അര്‍പ്പിക്കും. കെ.എസ്.മണി സ്വാഗതം ആശംസിക്കും. മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ്റാവു നന്ദി പറയും.
ഡോ. കുര്യന്‍റെ (1921-2012) ജന്‍മനാടായ കോഴിക്കോട് വച്ചാണ് കഴിഞ്ഞവര്‍ഷം നവംബര്‍ 26 ന് ജന്‍മശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയുടെ പാല്‍ക്കാരനായ അദ്ദേഹം നേതൃത്വം നല്‍കിയ 1970 ലെ ധവളവിപ്ലവമാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദക രാജ്യമാക്കി ഇന്ത്യയെ മാറ്റിയത്.
ക്ഷീരമേഖലയുടെ വളര്‍ച്ചയില്‍ നിസ്തുല പങ്കുവഹിച്ച അന്തരിച്ച മില്‍മ മുന്‍ ചെയര്‍മാന്‍ പി ബാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഒരു വര്‍ഷം നീണ്ട ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
ഡോ. കുര്യന്‍ ആരംഭിച്ച ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ ഓപ്പറേഷന്‍ ഫ്ളെഡിന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി 1980 കളുടെ തുടക്കത്തിലാണ് മില്‍മ രൂപീകൃതമായത്. ഇന്ന് രാജ്യത്തെ പ്രമുഖ ക്ഷീര സഹകരണ ശൃംഖലയായി മില്‍മ വളര്‍ന്നു കഴിഞ്ഞു. മൂന്ന് മേഖലകളിലെ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനുകളുടെ കീഴിലായി മില്‍മയ്ക്ക് ആനന്ദ് മാതൃകയില്‍ 3,300 ക്ഷീര സഹകരണ സംഘങ്ങള്‍ ഉണ്ട്. പതിനഞ്ചര ലക്ഷം ലിറ്ററിലധികം പാല്‍ ആണ് മില്‍മ പ്രതിദിനം സംഭരിക്കുന്നത്.
ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡുകളിലൊന്നായ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് സുസ്ഥിര വിലയും വിപണിയും ഉറപ്പാക്കി. വില്‍പ്പന വിലയുടെ എണ്‍പതുശതമാനവും പാല്‍വിലയായി മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
കൊവിഡ് മഹാമാരിക്കാലയളവില്‍ വിവിധ ക്ഷേമ പദ്ധതികളിലൂടേയും സമയോചിത ഇടപെടലുകളിലൂടേയും മില്‍മയ്ക്ക് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാനായതായി കെ.എസ്.മണി പറഞ്ഞു. കാലിത്തീറ്റയ്ക്ക് 7.56 കോടിരൂപയുടെ കിഴിവ് നല്‍കി. പ്രകൃതിക്ഷോഭത്താല്‍ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായപ്പോഴും പ്രളയ അടിയന്തര ദുരിതാശ്വാസ നടപടികളുമായി മേഖല യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. മഹാമാരി ഉച്ചസ്ഥായിയിലെത്തി വിതരണ ശൃംഖലയില്‍ തടസ്സങ്ങള്‍ നേരിട്ട് വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടും ക്ഷീരമേഖലയെ പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ഇടപെടലും ഈ നടപടികളെ വളരെയധികം സഹായിച്ചു. പ്രതിസന്ധിക്കിടയിലും മുടക്കമില്ലാതെ പാലും പാലുല്‍പ്പന്നങ്ങളും സംസ്ഥാനത്തുടനീളം വിതരണം ചെയ്യാനായതില്‍ മില്‍മയുടെ നേതൃത്വത്തിനും വിതരണക്കാര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ചാരിതാര്‍ത്ഥ്യമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ദുരിതാശ്വാസ പദ്ധതി പ്രകാരം ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് നാന്നൂറ് രൂപ കിഴിവ് നല്‍കി. അപ്രകാരം 1,16878 ചാക്ക് കാലിത്തീറ്റ മില്‍മ വഴി വിതരണം ചെയ്തത് കര്‍ഷകര്‍ക്ക് വളരെ ആശ്വസമായി. മില്‍മയുടെ പ്രചാരണ പദ്ധതികളുടെ ഭാഗമായി ഓരോ ചാക്ക് മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുമ്പോഴും 250 രൂപ വില വരുന്ന മില്‍മ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സമ്മാനക്കൂപ്പണ്‍ നല്‍കുന്ന പരിപാടി ഒക്ടോബറില്‍ ആരംഭിച്ചു. ഈ രീതിയില്‍ കൂപ്പണുകള്‍ നല്‍കുന്നതിന് മൂന്ന് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തില്‍ സുപ്രധാന സ്ഥാനമുണ്ടെന്ന ഡോ. കുര്യന്‍റെ അചഞ്ചലമായ വിശ്വസത്തേയും അദ്ദേഹത്തിന്‍റെ മികച്ച സംഭാവനകളേയും കുറിച്ച് യുവതലമുറയിലുള്‍പ്പെടെയുള്ള ക്ഷീര കര്‍ഷകര്‍ക്കായി സംസ്ഥാനത്തുടനീളം നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ചു. ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡോ. കുര്യന് ഭാരതരത്ന നല്‍കണമെന്നഭ്യര്‍ത്ഥിച്ച് കേരളത്തിലെ 3,300 ഓളം ക്ഷീര സംഘങ്ങളിലെ കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന ക്യാംപയിനും ആരംഭിച്ചിരുന്നു. ആദര സൂചകമായി ഡോ. കുര്യന്‍റെ ജന്‍മശതാബ്ദി ലോഗോയുള്ള സ്റ്റാമ്പ് തപാല്‍ വകുപ്പ് പുറത്തിറക്കി. അദ്ദേഹത്തിന്‍റെ ജന്‍മശതാബ്ദിയുടെ ലോഗോ പതിച്ച പാല്‍കവറുകളും കഴിഞ്ഞ വര്‍ഷം മില്‍മ പുറത്തിറക്കിയിരുന്നു.
1950 കളില്‍ ഗുജറാത്തിലെ ആനന്ദിലാണ് ഡോ. കുര്യന്‍ ക്ഷീര പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സഹകരണ സംഘങ്ങളിലൂടെയുള്ള പാല്‍ വില്‍പ്പനയിലൂടെ ഇടനിലക്കാരെ ഒഴിവാക്കി ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വിലയില്‍ നിന്നുള്ള വരുമാനം അദ്ദേഹം ഉറപ്പാക്കി.
ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ്റാവു, ജോണ്‍ തെരുവത്ത്, എന്‍ ഭാസുരാംഗന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ