2017, ജൂൺ 14, ബുധനാഴ്‌ച

വേതന വര്‍ദ്ധന: തീരുമാനമായില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരം: നഴ്‌സസ്‌ അസോസിയേഷന്‍




അങ്കമാലി: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക്‌ വിടുപണി ചെയ്യുന്ന തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്‌ യുഎന്‍എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷ. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ എറണാകുളം ജില്ലാ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ അങ്കമാലിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.
കേരളത്തിലെ മുഴുവന്‍ നഴ്‌സുമാരുടെയും ജീവിതത്തെ അപമാനിക്കും വിധം ചാനലില്‍ പ്രസ്‌താവന നടത്തിയ എറണാകുളത്തെ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാരിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. പലയിടത്തും തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നഴ്‌സുമാരുടെ ക്ഷേമത്തെ കാരുണ്യത്തിന്റെ കണ്ണുകളോടെയാണ്‌ സമീപിക്കുന്നത്‌. എന്നാല്‍ കേരളത്തിലെ മുഴുവന്‍ ആശുപത്രികളിലും മിനിമം വേജസ്‌ നടപ്പാക്കിയിട്ടില്ല. 2002 ലെ മിനിമം വേജസ്‌ പോലും നല്‍കാത്ത സ്ഥാപനങ്ങളുണ്ട്‌. എന്നിട്ടും എല്ലാ മാനേജ്‌മെന്റുകള്‍ക്കും അനുകൂല സര്‍ട്ടിഫിക്കറ്റാണ്‌ എറണാകുളത്തെ ലേബര്‍ ഉദ്യോഗസ്ഥന്‍ ചാനലിലൂടെ നല്‍കിയത്‌.
കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ എല്ലാ നഴ്‌സുമാര്‍ക്കും സര്‍ക്കാര്‍ നഴ്‌സുമാരുടെ വേതനം നല്‍കുമെന്ന്‌ പ്രഖ്യാപിച്ചാല്‍ യുഎന്‍എ സമരം നിരുപാധികം പിന്‍വലിക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു. മഹാരഥന്മാരുടെ മാനേജ്‌മെന്റുകളെയും മുട്ടുകുത്തിക്കാന്‍ ഇന്ന്‌ കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ ശക്തിയുണ്ട്‌. നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടേതാകും എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നടത്തിയ സമര ചരിത്രം പോലെ യുഎന്‍എ നടത്തുന്ന അവകാശ സമരവും ലക്ഷ്യം കാണും. 
ജൂണ്‍ 15ന്‌ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നഴ്‌സിംഗ്‌ സമരമെന്തെന്ന്‌ കാണേണ്ടിവരും. മാനേജ്‌മെന്റിന്‌ അനുകൂലമായി ഭരണകൂടം നടപടിയെടുത്താല്‍ സമരം സെക്രട്ടേറിയറ്റിന്‌ മുന്നിലേക്ക്‌ സമരം മാറുമെന്നും ജാസ്‌മിന്‍ഷ പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ ബെല്‍ജോ ഏലിയാസ്‌ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാ.അഗസ്റ്റ്യന്‍ വട്ടോളി മുഖ്യാതിഥിയായിരുന്നു. തന്റെ വര്‍ഗത്തില്‍പ്പെട്ടവര്‍ നഴ്‌സുമാരെ ദ്രോഹിക്കുന്നത്‌ ലജ്ജാകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഓള്‍ കേരള നഴ്‌സിംഗ്‌ അസോസിയേഷന്‍(എകെഎന്‍എ) യുഎന്‍എയില്‍ ലയിച്ചുകൊണ്ടുള്ള പ്രഖ്യാപനവും പതാക കൈമാറ്റവും ചടങ്ങില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സുധീപില്‍ നിന്ന്‌ എകെഎന്‍എയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന രാജേഷ്‌ പി വര്‍ഗീസ്‌ യുഎന്‍എയുടെ പതാക ഏറ്റുവാങ്ങി. 
യുഎന്‍എ സംസ്ഥാന രക്ഷാധികാരി വത്സന്‍ രാമംകുളത്ത്‌, സംസ്ഥാന ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, സ്ഥാപക ജനറല്‍ സെക്രട്ടറി സുധീപ്‌ കൃഷ്‌ണന്‍, സംസ്ഥാന ഭാരവാഹികളായ ഷോബിന്‍ ജോര്‍ജ്‌, ജിഷ ജോര്‍ജ്‌, രശ്‌മി പരമേശ്വരന്‍, സുജനപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ്‌ മണലുംപാറ സ്വാഗതവും ജില്ലാ ട്രഷറര്‍ ദിപീഷ്‌ പാപ്പച്ചന്‍ നന്ദിയും പറഞ്ഞു. ടിബി ജംഗ്‌ഷനില്‍ നിന്ന്‌ ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന്‌ നഴ്‌സുമാര്‍ അണിനിരന്നു.



2. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷ ഉദ്‌ഘാടനം ചെയ്യുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ