2017, ജൂൺ 16, വെള്ളിയാഴ്‌ച

മത്സ്യബന്ധന ബോട്ടു ദുരന്തത്തിൽ 6.08 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി


കൊച്ചി : പനാമ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ടു തകർന്ന ദുരന്തത്തിൽ 6.08 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും ബോട്ടുടമയും ഹൈക്കോടതിയിൽ ഹർജി നൽകി. നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ സെക്യൂരിറ്റിത്തുക കെട്ടിവെക്കുന്നതുവരെ എം.വി ആമ്പർ എൽ എന്ന കപ്പൽ കൊച്ചി തീരം വിട്ടുപോകുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. 
ജൂൺ 11 ന് പുലർച്ചെ രണ്ടുമണിയോടെയാണ് കാർമൽ മാത എന്ന മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ദുരന്തുമുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചതിനു പുറമേ ഒരാളെ കാണാതാവുകയും ചെയ്തു. ദുരന്തത്തെത്തുടർന്ന് ബോട്ടിലുണ്ടായിരുന്ന മറ്റ് 11 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പൂർണ്ണമായും തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങളിൽ പിടിച്ച് രണ്ടു മണിക്കൂറോളം കടലിൽ കഴിയേണ്ടി വന്നെന്നും മരണത്തെ മുഖാമുഖം കണ്ട സന്ദർഭമായിരുന്നതെന്നും ഹർജിയിൽ പറയുന്നു. 
ബോട്ടുടമ പള്ളുരുത്തി സ്വദേശി യു. എ. നാസർ, മത്സ്യത്തൊഴിലാളികളും കന്യാകുമാരി സ്വദേശികളുമായ നവിസ് തോബിയാസ്, ഏണസ്റ്റ് തോബിയാസ്, ആന്റണി ദാസ് ക്രിസ്തു രാജൻ, എൽ. കുരിശു മിഖായേൽ, മെർലിൻ തോബിയാസ്, ആംസ്‌ട്രോങ്ങ് ബ്രിട്ടു, ആംസ്‌ട്രോങ്ങ് ബിനീഷ്, ആൾട്ടോ വിൻസെന്റ്, ആൻറോസ് എമിലിയാസ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. സംഭവത്തെത്തുടർന്ന് ബോട്ടിനുണ്ടായ നഷ്ടം, മത്സ്യബന്ധന ഉപകരണങ്ങൾക്കുണ്ടായ നഷ്ടം , തൊഴിലാളികൾ നേരിടേണ്ടി വന്ന മാനസിക പീഡനം തുടങ്ങിയവ കണക്കാക്കിയാണ് 6.08 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 

നഷ്ടങ്ങളുടെ പട്ടികയിങ്ങനെ : 
ബോട്ടിന്റെ നഷ്ടം - 75 ലക്ഷം രൂപ 
മത്സ്യ നഷ്ടം - 1.5 ലക്ഷം രൂപ 
വലയും കയറുമൊക്കെ നശിച്ചതിലുള്ള നഷ്ടം - 10 ലക്ഷം രൂപ 
ജി.പി. എസ്, വയർലെസ് സെറ്റുകളുടെ നാശം - 1.25 ലക്ഷം രൂപ 
ഡീസൽ നഷ്ടം - 3.10 ലക്ഷം രൂപ 
മത്സ്യത്തൊഴിലാളികളുടെ മൊബൈലടക്കമുള്ളവയുടെ നഷ്ടം - 1.5 ലക്ഷം രൂപ 
ബോട്ടിലുണ്ടായിരുന്ന ഐസ് നഷ്ടം - 20,000
ബോട്ടുടമയുടെ ഉപജീവന നഷ്ടം - 3 കോടി രൂപ
മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടം - 72 ലക്ഷം രൂപ 
മത്സ്യത്തൊഴിലാളികൾ അനുഭവിക്കേണ്ടി വന്ന മാനസിക വ്യഥ, സമ്മർദ്ദം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം - 1. 44  കോടി രൂപ 
എം.വി ആമ്പർ എൽ എന്ന കപ്പൽ, ക്യാപ്ടൻ ജോർജ് അയോണിസ്, ഗ്രീസിലെ കാർലോഗ് ഷിപ്പിംഗ് കമ്പനിയുടെ പ്രതിനിധി, മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റിലെ പ്രിൻസിപ്പൽ  ഓഫീസർ, കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഡെപ്യൂട്ടി കൺസർവേറ്റർ, കോസ്റ്റ് ഗാർഡ് കമാൻഡിംഗ് ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്. നഷ്ടപരിഹാരത്തുകയ്ക്ക് തുല്യമായ സെക്യൂരിറ്റി കെട്ടിവെക്കാതെ കപ്പൽ കൊച്ചി തീരം വിട്ടാൽ പിന്നീട് നഷ്ടപരിഹാരം ഈടാക്കാൻ കഴിയില്ലെന്നും അതുവരെ കപ്പൽ തടഞ്ഞിടണമെന്നുമാണ് ഹർജിയിൽ പറയുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ