2017, ജനുവരി 6, വെള്ളിയാഴ്‌ച

ആര്‍ക്കിടെക്‌റ്റ്‌ ഒരു സവിശേഷശൈലിയുടെ തടവില്‍ ആയിപ്പോകരുത്‌,` റായ അനി




കൊച്ചി: ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ വിമെന്‍സ്‌ ബില്‍ഡിംഗിന്റെ ആര്‍ക്കിടെക്‌റ്റുമാരിലൊരാളും ന്യൂയോര്‍ക്കിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്‌ചര്‍ സ്ഥാപനമായ റാ-എന്‍വൈസി ആര്‍ക്കിടെക്‌റ്റ്‌സിന്റെ സ്ഥാപകയുമായ റായ അനി തന്റെ ആഗോള ആര്‍ക്കിടെക്‌ചര്‍ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാന്‍ കൊച്ചിയിലെത്തി. കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഇന്നവേഷന്‍സ്‌ (ആസാദി) സംഘടിപ്പിച്ച എകദിന സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ്‌ ഇറാക്കിവംശജയായ റായ എത്തിയത്‌. രൂപകല്‍പ്പനയില്‍ വിട്ടുവീഴ്‌ച ചെയ്യാതെയും കെട്ടിട ഉടമയുടെ അല്ലെങ്കില്‍ പദ്ധതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുമുള്ള സൃഷ്ടിക്ക്‌ ഊന്നല്‍ നല്‍കണമെന്ന്‌ ആര്‍ക്കിടെക്‌റ്റുമാരും ആസാദിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത സെമിനാറില്‍ പങ്കെടുത്തുകൊണ്ട്‌ റായ അനി പറഞ്ഞു. `ഓരോ രൂപകല്‍പ്പനയും വ്യതിരിക്തമായിരിക്കണം. അതായത്‌ ഒരു ആര്‍ക്കിടെക്‌റ്റ്‌ ഒരു സവിശേഷശൈലിയുടെ തടവില്‍ ആയിപ്പോകരുത്‌,` റായ അനി പറഞ്ഞു.

ഒരു സ്‌ത്രീ എന്ന നിലയില്‍ വിമെന്‍സ്‌ ബില്‍ഡിംഗിന്റെ രൂപകല്‍പ്പന ചെയ്യാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും റായ പറഞ്ഞു. സ്‌ത്രീകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക്‌ മാത്രം പ്രവര്‍ത്തിക്കാനൊരിടം എന്ന നിലയിലാണ്‌ നോവോ ഫൗണ്ടേഷന്‍ എന്ന സംഘടന ന്യൂയോര്‍ക്കിലെ വിമെന്‍സ്‌ ബില്‍ഡിംഗ്‌ നിര്‍മാണത്തിന്‌ തുടക്കമിട്ടിരിക്കുന്നത്‌. ന്യൂയോര്‍ക്കായതുകൊണ്ട്‌ സ്ഥലദൗര്‍ലഭ്യമായിരുന്നു ബില്‍ഡിംഗ്‌ നിര്‍മാണത്തെപ്പറ്റി ആലോചിച്ചപ്പോള്‍ നേരിട്ട പ്രധാന പ്രശ്‌നം. ഒടുവില്‍ ചെല്‍സിയിലുണ്ടായിരുന്ന സ്‌ത്രീകള്‍ക്കായുള്ള ഒരു ജയിലാണ്‌ പൊളിച്ചു പണിതും പരിഷ്‌കരിച്ചും വിമന്‍സ്‌ ബില്‍ഡിംഗാക്കാന്‍ തീരുമാനിച്ചത്‌. വൈരൂപ്യത്തിന്റെ പ്രതീകമായ പ്യൂപ്പ ശലഭമാകുന്നതുപോലെ ഇരുട്ടിന്റെ ഇടം സൗന്ദര്യത്തിന്റെ വാസസ്ഥലമാകുന്നു എന്നാണ്‌ ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്‌. 2012-ല്‍ പ്രഖ്യാപിച്ച ഈ പദ്ധതി 2020-ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. സ്‌ത്രീകളെ അപമാനിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയ റൊണാള്‍ഡ്‌ ട്രംപ്‌ പ്രസിഡന്റാകാന്‍ പോകുന്ന ഇത്തരുണത്തില്‍ ഈ ബില്‍ഡിംഗിന്‌ ഏറെ പ്രസക്തിയുണ്ടെന്ന്‌ ഈ ബില്‍ഡിംഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റുകള്‍ പറയുന്നു. സാമൂഹ്യനീതിക്കായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപമാവുകയാണ്‌ കെട്ടിടത്തിന്റെ ധര്‍മം. സ്‌ത്രീകള്‍ക്കു മാത്രമായി 300 തൊഴിലവസരങ്ങളും പ്രതിവര്‍ഷം 43 മില്യന്‍ ഡോളര്‍ മതിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഈ ബില്‍ഡിംഗ്‌ സൃഷ്ടിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 

ആര്‍ക്കിടെക്‌ചര്‍ രംഗത്തെ നൂതന പ്രവണതകളെ സംബന്ധിച്ച്‌ ആസാദി ചെയര്‍മാനും പ്രമുഖ ആര്‍ക്കിടെക്‌റ്റുമായ ബി. ആര്‍. അജിതും സെമിനാറില്‍ പ്രഭാഷണം നടത്തി. 

ഫോട്ടോ ക്യാപ്‌ഷന്‍: ആര്‍ക്കിടെക്‌റ്റ്‌ റായ അനി കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഇന്നവേഷന്‍സില്‍ (ആസാദി) നടന്ന സെമിനാറില്‍ സംസാരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ