കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ മൂന്നാം
ലക്കമാകുമ്പോഴേക്കും സന്ദര്‍ശകരുടെ എണ്ണത്തില്‍ വരുന്ന വര്‍ധനവ്
അത്ഭുതപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുറ്റ്‌ഷി പറഞ്ഞു.
ബിനാലെ സന്ദര്‍ശിക്കുന്നതിനായി ഫോര്‍ട്ട് കൊച്ചി ആസ്‌പിന്‍വാള്‍ ഹൗസില്‍
എത്തിയതായിരുന്നു അദ്ദേഹം. കലാസാംസ്‌കാരിക ടൂറിസത്തിന് പുത്തന്‍ പ്രതീക്ഷയാണ്
ബിനാലെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിനാലെ രണ്ടാം ലക്കത്തില്‍ തന്നെ
അഞ്ചു ലക്ഷം പേര്‍ സന്ദര്‍ശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ സംബന്ധിച്ച്
ഇവര്‍ ആര്‍ട്ട് ടൂറിസ്റ്റുകളാണ്. ബിനാലെ പോലുള്ള പ്രദര്‍ശനങ്ങളില്‍
വിദേശികളുള്‍പ്പെടെയുള്ളവരെത്തുന്നത് പ്രതീക്ഷ നല്‍കുന്നു. ആസ്‌പിന്‍ വാളിലെ
പ്രതിഷ്‌ഠാപനങ്ങള്‍ കൂടുതല്‍ കലാസ്വാദകരെ ഇങ്ങോട്ടാകര്‍ഷിക്കുമെന്നും അദ്ദേഹം
പറഞ്ഞു.
കേരളത്തിനകത്തെയും പുറത്തെയും സന്ദര്‍ശകരെ കൂടാതെ വലിയൊരു പങ്ക്
വിദേശികളും ബിനാലെയ്‌ക്കെത്തുന്നത് ശുഭസൂചനയാണ് നല്‍കുന്നത്. ടൂറിസം രംഗത്തെ
വരുമാനത്തില്‍ ഇത് ഗണ്യമായ വര്‍ധനവ് ഉണ്ടാക്കും. ഇത്തരം സംരംഭങ്ങള്‍ക്കായി
സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷമാണ് വിനോദ് സുറ്റ്‌ഷി
കൊച്ചിയില്‍ ബിനാലെ കാണാനെത്തിയത്.
പ്രശസ്‌ത സാഹിത്യകാരനും കേരള ഹിസ്റ്ററി
അസോസിയേഷന്‍ പ്രസിഡന്റുമായ കെ എല്‍ മോഹനവര്‍മ്മ കുടുംബത്തോടൊപ്പമാണ് ബിനാലെ
കാണാനെത്തിയത്. രാജാ രവിവര്‍മ്മയുടെ പരമ്പരയില്‍ പെട്ടവരാണ് മോഹനവര്‍മ്മയുടെ
പേരക്കുട്ടികള്‍. അവരും അദ്ദേഹത്തോടൊപ്പം ബിനാലെ കാണാനെത്തിയിരുന്നു. ബിനാലെയിലെ
ശബ്ദ പ്രദര്‍ശനങ്ങളാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പില്‍ക്കാലത്തെ ബിനാലെ പ്രദര്‍ശനങ്ങളില്‍ നിന്ന് സമകാലീന കലയുടെ വ്യത്യസ്‌തമായ വശം
മൂന്നാം ലക്കം കാട്ടിത്തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിനാലെയിലെ
കാഴ്‌ചകള്‍ പണം കൊണ്ടളക്കാന്‍ സാധ്യമല്ല. ബിനാലെ പ്രദര്‍ശനങ്ങളിലൂടെ ഭാവി
തലമുറയ്‌ക്ക് കിട്ടുന്ന പ്രചോദനം വിലമതിക്കാനാകാത്തതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്
രണ്ടു ദിവസം ബിനാലെ സന്ദര്‍ശനം നിര്‍ബന്ധമാക്കാന്‍ സ്‌കൂളധികൃതര്‍ തയ്യാറാകണം.
സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസം യുവാക്കള്‍ക്ക് നല്‍കാന്‍
സാധിക്കുമെന്നതാണ് ഇതിന്റെ വിജയമെന്നും മോഹനവര്‍മ്മ പറഞ്ഞു.