2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഇടനിലക്കാരെ ഒഴിവാക്കി അവശ്യസാധനങ്ങള്‍ നേരിട്ട് സംഭരിക്കും

ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ നേരിട്ട് സംഭരിക്കും: ഭക്ഷ്യമന്ത്രി


പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ നേരിട്ട് സംഭരിക്കാനുള്ള നടപടികള്‍ എടുത്തു വരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സപ്‌ളൈകോയുടെ എറണാകുളം ജില്ലാ ഓണം-ബക്രീദ് ഫെയര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഉത്‌സവസീസണുകളില്‍ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കച്ചവടക്കാരുടെ രീതി അവസാനിപ്പിക്കാനായി സാധ്യമായ എല്ലാ നടപടികളും എടുക്കും. ജയ അരിയുടെ വില ആന്ധ്രയിലെ മില്ലുകാര്‍ വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തത്തുല്യമായ അരി സംഭരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് വിതരണക്കാര്‍ ജയ അരിയുടെ വില കുറയ്ക്കാമെന്ന് സമ്മതിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിതരണശൃംഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഉപഭോക്തൃസംസ്ഥാനമായിട്ടുപോലും കേരളത്തിലെ വിലക്കയറ്റം ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നത്. പൊതുവിപണിയെക്കാള്‍ 25 മുതല്‍ 65 ശതമാനം വരെ വില കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്ന സപ്‌ളൈകോ സാധാരണക്കാരന് ആശ്രയമാണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സപ്‌ളൈകോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ നല്കിയ 150 കോടിക്ക് പുറമെ ഇനിയും തുക നീക്കി വയ്ക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 

എപിഎല്‍ വിഭാഗക്കാര്‍ക്ക് റേഷന്‍കടകളിലൂടെ നല്കി വരുന്ന അരിയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ നടപടികളെടുക്കുമെന്നും മന്ത്രി തിലോത്തമന്‍ അറിയിച്ചു.

പൊതുവിപണിയിലെ കാര്യക്ഷമമായ ഇടപെടല്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും ഇതില്‍ സപ്‌ളൈകോയുടെ പങ്ക് എടുത്തു പറയത്തക്കതാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന പി റ്റി തോമസ് എംഎല്‍എ പറഞ്ഞു.

മാവേലി ഉത്പന്നങ്ങളുടെയും പച്ചക്കറിയുടെയും ആദ്യവില്പന കെ ജെ മാക്‌സി എംഎല്‍എ നിര്‍വഹിച്ചു. സപ്‌ളൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ ആഷതോമസ്, ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, വിവിധരാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സെപ്തംബര്‍ 13 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 8 വരെ ഓണം-ബക്രീദ് ഫെയര്‍ പ്രവര്‍ത്തിക്കും

300 രൂപയുടെ ശബരി ഉത്പന്നങ്ങളുള്‍പ്പെടെ 2000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സപ്‌ളൈകോ ഒരു ഗിഫ്റ്റ് കൂപ്പണ്‍ നല്‍കും  2000 രൂപയ്ക്കു മുകളിലുള്ള ഓരോ ആയിരം മറ്റൊരു ഗിഫ്റ്റ് കൂപ്പണ്‍ വീതം ഉപഭോക്താവിന് ലഭിക്കും. ഈ ഗിഫ്റ്റ് കൂപ്പണുകള്‍ നറുക്കെടുത്ത് വിജയിക്ക് അഞ്ചു പവന്‍ സ്വര്‍ണനാണയവും ഓരോ ജില്ലയിലെയും വിജയികള്‍ക്ക് ഒരു പവന്‍ സ്വര്‍ണനാണയം വീതവും വിതരണം ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ