2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച


ഇക്ക മാത്രം എന്നെ തൊട്ടാല്‍ മതിയെന്ന്‌ ആ യുവതി പറഞ്ഞിട്ടില്ല: മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു;
പുഴയില്‍ വീണ യുവതിയെ രക്ഷിച്ച പട്ടാളക്കാരന്‍ രാഹുല്‍

കൊച്ചി: തൊടുപുഴ തൊമ്മന്‍കൂഞ്ഞില്‍ പുഴയില്‍ വീണ യുവതിയെ ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന്‌ വാശിപിടിച്ചെന്നത്‌ കെട്ടുകഥയാണെന്ന്‌ യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുല്‍. മാധ്യമങ്ങളൊന്നും ഒരിക്കല്‍ പോലും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമുഹിക മാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാധ്യമം ദിനപത്രത്തോട്‌ ആണ്‌ വ്യക്തമാക്കിയത്‌. ഒരാള്‍ മരിച്ചുകിടക്കുന്നത്‌ കണ്ടാല്‍ തിരിഞ്ഞുനോക്കാന്‍ ഇനി ഞാനൊന്ന്‌ മടിക്കും. സത്യം അന്വേഷിക്കാതെയാണ്‌ ആരോ ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.
സത്യം അന്വേഷിക്കാതെ സാമൂഹിക മാധ്യമങ്ങളും ചില ദിനപത്രങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളും പടച്ചുവിട്ട കഥകള്‍ക്ക്‌ മുന്നില്‍ മനസ്സ്‌ മടുത്ത രാഹുല്‍ എന്ന പട്ടാളക്കാരന്റെ വാക്കുകളാണിത്‌. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാതെ ആരുടെയോ കുബുദ്ധിയില്‍ മെനഞ്ഞ കഥ സാമൂഹിക മാധ്യമങ്ങളടക്കം കണ്ണടച്ചു പ്രചരിപ്പിച്ചപ്പോള്‍ എന്താണ്‌ യാഥാര്‍ഥ്യമെന്ന്‌ അന്വേഷിക്കാന്‍ ആരും ഇനിയും തയാറായിട്ടില്ല.
തൊടുപുഴക്കടുത്ത്‌ തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍നിന്ന്‌ തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്കു ചാടി നീന്തിയത്തെിയ രാഹുലിനോട്‌ ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന്‌ അലറിയെന്നും മരണത്തെ മുഖാമുഖം കണ്ട ഇവരെ ഒടുവില്‍ രാഹുല്‍ ബലമായി രക്ഷപ്പെടുത്തിയെന്നുമാണ്‌ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌. പട്ടാളക്കാരനെ അഭിനന്ദിച്ചും യുവതിയെ പരിഹസിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളും ട്രോളുകളും നിറയുമ്‌ബോള്‍ സംഭവിച്ചത്‌ ഇതൊന്നുമല്ലെന്ന്‌ യുവതിയും ഭര്‍ത്താവും രാഹുലും പറയുന്നു.
അവധി കഴിഞ്ഞ്‌ തിങ്കളാഴ്‌ച മടങ്ങിയ രാഹുല്‍ പറയുന്നതിങ്ങനെ: കഴിഞ്ഞ ശനിയാഴ്‌ച രാത്രി തൊടുപുഴയില്‍നിന്ന്‌ സ്വദേശമായ തൊമ്മന്‍കുത്തിലേക്ക്‌ പോകുകയായിരുന്നു. തൊമ്മന്‍കുത്ത്‌ പാലത്തിനടുത്തത്തെിയപ്പോള്‍ നെറ്റിയില്‍ മുറിവുമായി മറിഞ്ഞ ബൈക്കിന്‌ മുന്നില്‍ യാത്രക്കാരന്‍ നില്‍ക്കുന്നു. പുഴയില്‍നിന്ന്‌ ശബ്ദം കേട്ടപ്പോള്‍ കുട്ടികളാരെങ്കിലും വീണിട്ടുണ്ടാകുമെന്ന്‌ കരുതി. പിന്നീട്‌ ഒന്നും ആലോചിച്ചില്ല. പുഴയിലേക്ക്‌ എടുത്തുചാടി. ഇതിനിടെ പിറ്റേദിവസം ജോലിസ്ഥലത്തേക്ക്‌ മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റും പോക്കറ്റിലുണ്ടായിരുന്ന പണവും വില കൂടിയ മൊബൈലും നഷ്ടമായി. തന്റെ മുട്ടിനു മുകളിലേ വെള്ളമുണ്ടായിരുന്നുള്ളൂ. ശക്തമായ ഒഴുക്കില്ല. നീന്തേണ്ട ആവശ്യമില്ല. നടന്ന്‌ യുവതിയുടെ അടുത്തത്തെുമ്‌ബോഴേക്കും അവര്‍ താനേ പിടിച്ച്‌ എഴുന്നേറ്റിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചു. എന്റെ കൂടെ കരയിലേക്കു നടന്നത്തെിയപ്പോള്‍ അവരുടെ ഭര്‍ത്താവും അവിടേക്ക്‌ ഇറങ്ങിവന്നു.
'ഇനി ഇക്ക സഹായിച്ചോളും' എന്ന്‌ യുവതി പറഞ്ഞു. എനിക്ക്‌ അവരെ സാഹസികമായി രക്ഷിക്കേണ്ടി വരികയോ അവര്‍ എന്നോട്‌ തൊടരുതെന്നു പറയുകയോ ചെയ്‌തിട്ടില്ല. ടിക്കറ്റ്‌ നഷ്ടപ്പെട്ടതിനാല്‍ യാത്ര ഒരു ദിവസം മാറ്റിവെക്കേണ്ടിവന്നു. ഇത്രയുമാണുണ്ടായത്‌. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളൊന്നും എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ല രാഹുല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതത്രയും പച്ചക്കള്ളമാണെന്ന്‌ യുവതിയും ഭര്‍ത്താവും പറയുന്നു. അല്‍പസമയം പുല്‍പടര്‍പ്പില്‍ പിടിച്ചുകിടന്ന ശേഷം അധികം ആഴമോ ഒഴുക്കോ ഇല്ലാത്ത പുഴയില്‍നിന്ന്‌ താനേ കരയിലേക്ക്‌ കയറുകയായിരുന്നു. ഈ സമയത്താണ്‌ നാട്ടുകാര്‍ സ്ഥലത്തത്തെിയത്‌. ഇതിനിടെ തന്റെ അവശത കണ്ട്‌ ഒരാള്‍ എടുക്കണോ എന്ന്‌ ചോദിച്ചു. വേണ്ട ഇക്ക കൈയില്‍ പിടിച്ചോളുമെന്ന്‌ പറഞ്ഞു. മറ്റ്‌ പ്രചാരണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്‌ അവര്‍ വ്യക്തമാക്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ