2015, ഡിസംബർ 16, ബുധനാഴ്‌ച

കവിത പ്രതീക്ഷയുടെ പ്രതീകം: സുറീറ്റ



കൊച്ചി : കവിതയുടെ ചരിത്രമെന്നത് നവോത്ഥാനത്തിന്റെ ചരിത്രമാണെന്നും പ്രതീക്ഷയുടെ പ്രതീകമായി കവിത എന്നെന്നും നിലനില്‍ക്കുമെന്നും  ചിലിയില്‍ ജനറല്‍ ആഗസ്‌തോ പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ച പ്രശസ്ത കവി റഉള്‍ സുറീറ്റ പറഞ്ഞു. 


മൂന്നാമത് കൊച്ചി-മുസിരിസ് ബിനാലെയ്ക്കു മുന്നോടിയായി നഗരത്തിലെത്തുന്ന ആദ്യ കലാകാരനായ സുറീറ്റ  എഴുത്തുകാരി ശര്‍മിഷ്ഠ മൊഹന്തിയുമായുള്ള സാഹിത്യ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു. 

രചനയ്ക്ക് ചിട്ടകളില്ലെന്നും കവിതയെ പ്രചാരണത്തിന് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.  ബിനാലെ മൂന്നാംപതിപ്പിന്റെ തുടക്കത്തിന് ഒരുവര്‍ഷം ശേഷിക്കെ വേദി പരിചയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ  സന്ദര്‍ശനം. പിനോഷെയുടെ ഭരണകാലത്തെ കദനകഥകള്‍ കവിതകളിലൂടെ സുറീറ്റ അവതരിപ്പിച്ചു. സുറീറ്റയോടൊപ്പമുണ്ടായിരുന്ന അന്ന ഡീനി കവിതകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. 


പ്രമുഖ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സുറീറ്റയെ പൊന്നാടയണിയിച്ചു. ചിലിയുടെ ചരിത്രത്തെയാണ് സുറീറ്റ ഓര്‍മിപ്പിക്കുന്നതെന്ന് ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. അടിച്ചമര്‍ത്തലിനെയും സ്വേച്ഛാധിപത്യത്തെയും പീഡനത്തെയും ചെറുക്കാന്‍ കവിതയെ ഉപയോഗിച്ച സ്പാനിഷ് കവികളുടെ പരമ്പരയിലെ കണ്ണിയാണ് സുറീറ്റയെന്ന് അദ്ദേഹം പറഞ്ഞു. 

സ്‌കൈ-ബിലോ എന്ന ഈ പരിപാടി എറണാകുളം ടൗണ്‍ഹാളിലായിരുന്നു സംഘടിപ്പിച്ചത്. ബിനാലെ 2016-ന്റെ ക്യുറേറ്ററും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ സുദര്‍ശന്‍ഷെട്ടിയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.എം.സിറാജൂദ്ദീന്‍, ബിനാലെ ട്രസ്റ്റി ജോസ് ഡൊമിനിക ്തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

   ചിലിയില്‍ ജനറല്‍ ഒഗസ്‌തോ പിനോഷെയുടെസ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍സുറീറ്റ പ്രധാന പങ്കുവഹിച്ചിരുന്നു. 1979ല്‍ ഇതിനായികലാ-സാംസ്‌കാരിക പ്രവര്‍ത്തക സംഘംരൂപീകരിക്കുകയുംചെയ്തു. ന്യൂയോര്‍ക്ക് നഗരത്തില്‍ 1982ല്‍സ്‌കൈറൈറ്റിങ് ഉപയോഗിച്ച് ആകാശത്തു കവിതയെഴുതിയും 1992ല്‍അറ്റക്കാമ മരുഭൂമിയില്‍ കവിതയെഴുതിയുംസുറീറ്റ പ്രശസ്തനാണ്. 1989ല്‍ പാബ്ലോ നെരൂദയുടെ പേരിലുള്ളസമഗ്രസംഭാവനക്കുള്ളകവിതാ പുരസ്‌ക്കാരംലഭിച്ച സുറീററ മുന്‍ ചിലി പ്രസിഡന്റ്‌സാല്‍വദോര്‍ അലെന്‍ഡെയുടെ അടുത്ത അനുയായിയുമാണ്. പര്‍ഗേറ്റൊറിയ, ഐഎന്‍ആര്‍ഐ, ലാവിദ ന്യുവെയ്വ, സുറീറ്റ എന്നിവയാണ് പ്രധാന കൃതികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ