2015, നവംബർ 25, ബുധനാഴ്‌ച

കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം സതേണ്‍ നേവല്‍ കമാന്റിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുമെന്ന്‌


കൊച്ചി : പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന സ്ഥാനത്ത്‌ നിലനില്‍ക്കുന്ന കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം സതേണ്‍ നേവല്‍ കമാന്റിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുമെന്ന്‌ തൊഴിലാളികള്‍. ഓഹരി വില്‍പ്പന നടത്തുന്നത്‌ സ്വകാര്യവത്‌കരണത്തിന്‌ വാതില്‍ തുറന്നിടാനാണെന്ന്‌ കൊച്ചി ഷിപ്പിയാര്‍ഡ്‌ ജോയിന്റ്‌ ആക്ഷന്‍ ഫ്രണ്ട്‌ ജനറല്‍ കണ്‍വീനര്‍ പി. രാജീവ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഉപേക്ഷിച്ച കൊച്ചി കപ്പല്‍ശാല സ്വകാര്യവത്‌കരണം വീണ്ടും നടപ്പാക്കാനുള്ള ശ്രമമാണ്‌ നിലവില്‍ നടക്കുന്നത്‌. 

സ്വകാര്യ കപ്പല്‍ നിര്‍മാണശാലകള്‍ കടക്കെണിയില്‍ അകപ്പെട്ടു നട്ടം തിരിയുമ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചി കപ്പല്‍ നിര്‍മാണശാലയെ തകര്‍ക്കാനുള്ള നീക്കമാണ്‌ ഇതിന്‌്‌ പിന്നില്‍. 900 കോടി ലാഭവിഹിതമാണ്‌ കൊച്ചി കപ്പല്‍ നിര്‍മാണശാല നേടിയത്‌. നികുതി കഴിച്ച്‌ 200 കോടിയുടെ അറ്റാദായം നേടിയ കപ്പല്‍ശാലയ്‌ക്ക്‌ 1240 കോടിയുടെ നീക്കിയിരിപ്പുണ്ട്‌. എന്നാല്‍, കപ്പല്‍ശാലയുടെ ഓഹരിവില്‍പ്പനക്ക്‌ വേണ്ടി സ്ഥാപനത്തിന്റെ വികസനാവശ്യങ്ങളെ മുന്നില്‍ നിര്‍ത്തി പ്രചരണം നടത്താനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. 1240 കോടി നീക്കിയിരിപ്പുള്ള കമ്പനിക്ക്‌ അഞ്ചു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കേണ്ട വികസന പദ്ധതികള്‍ക്കായി ആകെ 2700 കോടിയാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഈ തുക തന്നെ ഓഹരി വില്‍പ്പനയ്‌ക്കു വേണ്ടി പെരുപ്പിച്ചു കാട്ടുന്നതാണെന്ന്‌ ബോധ്യപ്പെടാന്‍ മാനേജ്‌മെന്റ്‌ തന്നെ ഒരേ വികസന പദ്ധതിക്കുവേണ്ടി ആറു മാസത്തിനിടെ പുറത്തിറക്കിയ രണ്ടു പ്രപ്പോസലുകള്‍ തമ്മിലുള്ള 800 കോടിയുടെ വ്യത്യാസം പരിശോധിച്ചാല്‍ മനസിലാവുമെന്നും ചൂണ്ടിക്കാട്ടി.
കപ്പല്‍ ശാലയുടെ 1240 കോടി നീക്കിയിരുപ്പ്‌ കൂടാതെ ഇന്നത്തെ നിലയില്‍ പുതിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞാല്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ടു 1500 കോടിയിലേറെ ലാഭം നേടാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ കഴിയും. അതുകൊണ്ടു തന്നെ വികസന പദ്ധതികള്‍ തടസമില്ലാതെ നടത്താനാവും. ബോണ്ടു വഴി 500 കോടി സമാഹരിക്കുന്നതിന്‌ മുന്‍കേന്ദ്ര സര്‍ക്കാരിന്റെ കാലത്തു അനുമതി ലഭിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ യൂണിയനുകള്‍ സംയുക്തമായി ഓഹരി വില്‍പ്പന നീക്കത്തെ എതിര്‍ക്കുന്നത്‌. കൊച്ചി കപ്പല്‍ ശാലയെ മാത്രം മാറ്റി നിര്‍ത്തി സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും കേന്ദ്രം കാട്ടുന്ന താല്‍പര്യങ്ങളിലൂടെ കപ്പല്‍ നിര്‍മാണ റിപ്പയര്‍ രംഗത്ത്‌ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എല്‍ ആന്‍ഡ്‌ ടി പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ്‌ ശ്രമിക്കുന്നത്‌. അദാനി അംബാനിമാര്‍ ഷിപ്പിങ്‌ വ്യവസായത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന കാലഘട്ടത്തില്‍ കൊച്ചി കപ്പല്‍ ശാലയുടെ ഓഹരി വില്‍പ്പന ഇതുമായി കൂട്ടിവായിക്കാവുന്നതാണ്‌. കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പനയ്‌ക്കെതിരേ തൊഴിലാളികള്‍ പ്രക്ഷോഭങ്ങള്‍ ആരംിക്കുമെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്‌ കെ.കെ. ഇബ്രാഹിംകുട്ടി, ബിഎംഎസ്‌ ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, കൊച്ചിന്‌ ഷിപ്പ്‌യാര്‍ഡ്‌ എംപ്ലോയിസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.കെ. കിഷോര്‍കുമാര്‍, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍ ലൂക്കോസ്‌, ഐഎന്‍ടിയുസി വൈസ്‌ പ്രസിഡന്റ്‌്‌ കെ. ജോണ്‍ വര്‍കീസ്‌, അഡ്വ. എം. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ