2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ചെറുകിട ക്വാറി ഉടമകള്‍ സമരം ശക്തമാക്കും



കൊച്ചി 
വന്‍കിടക്കാര്‍ക്കുമാത്രം ക്വാറി മേഖല കൈകാര്യം ചെയ്യാവുന്ന വിധം നിയമം ഭേദഗതി ചെയ്‌ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമാക്കുമെന്ന്‌ ചെറുകിട കരിങ്കല്‍ ക്വാറി ഓണേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റ്‌ ട്രേഡ്‌യൂണിയനുകളുമായി സഹകരിച്ച്‌ നിര്‍മ്മാണ മേഖല പൂര്‍ണ്ണമായി സ്‌തംഭിപ്പിക്കുകയും നിരാഹാര സത്യഗ്രഹം ഉള്‍പ്പടെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. 
സ്വകാര്യ ഭൂമിയിലെ പെര്‍മിറ്റ്‌ ക്വാറികള്‍ക്ക്‌ ബാധകമല്ലെന്ന്‌ എജി നിയമോപദേശം നല്‍കിയിട്ടും `പരിസ്ഥിതി അനുമതി' എന്ന കുത്തകവല്‍ക്കരണ ലൈസന്‍സ്‌ അടിച്ചേല്‍പ്പിച്ച്‌ ചെറുകിട ക്വാറി മേഖലയെ അടച്ചു പൂട്ടിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. 1967 മുതല്‍ 50 മീറ്റര്‍ ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും ഇടനല്‍കാതെ പ്രവര്‍ത്തിച്ചു വന്ന യൂണിറ്റുകളുടെ ദൂരപരിധി 100മീറ്റര്‍ ആക്കിയും മൂന്നു വര്‍ഷം സമയ പരിധി നിശ്‌ചയിച്ചും ചെറുകിടക്കാരെ പീഡിപ്പിക്കുകയാണ്‌. 
ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ വന്‍കിട മുതലാളിമാരാണ്‌. ചെറുകിട ക്വാറികളും ക്രഷുകളും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരന്‌ ലഭിക്കുന്നത്‌. ഇവയെല്ലാം ഒറ്റയടിക്ക്‌ നിര്‍ത്തലാക്കി മേഖലയുടെ കുത്തകാവകാശം കൈക്കലാക്കുവാനും അതുവഴി വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കാനുമാണ്‌ ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. 
നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പിന്‍വലിച്ച്‌ ആത്‌മഹത്യയുടെ വക്കില്‍ നിന്നും 2500ഓളം വരുന്ന ചെറുകിട ക്വാറി ഉടമകളെ രക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. എന്‍ കെ അബ്‌ദുള്‍ മജീദ്‌, ജനറല്‍ സെക്രട്ടറി എം കെ ബാബു, ടി കെ അബ്‌ദുള്‍ ലത്തിഫ്‌, അബ്‌ദുള്‍ ലത്തിഫ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ