കൊച്ചി: സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റത്തിന്റെ ഫലമായി കൊച്ചിയുടെ പൈതൃക ഭൂമിയില്‍ വീണ്ടും അഗ്നി പടര്‍ന്നു. ഇന്നലെ രാവിലെ 9.15ഓടു കൂടി മംഗളവനത്തിനടുത്ത് ടാറ്റാപുരത്തെ ഹിന്ദുസ്ഥാന്‍ ലിവറിന്റെ പഴയ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. കാലാവധി കഴിഞ്ഞ സോപ്പുകളും ഉപയോഗശൂന്യമായ വസ്‌തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണാണ് അഗ്നിക്കിരയായത്. ആസ്‌പറ്റോസ് കൊണ്ടുള്ള മേല്‍ക്കൂരയോടുകൂടിയ 200 അടി നീളവും 150 അടി വീതിയുമുള്ളതായിരുന്നു കെട്ടിടം. തീപടരുന്നതു കണ്ട വഴിയാത്രക്കാരി മേരിയാണ് വിവരം നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ചറിയിച്ചത്.
2012 മാര്‍ച്ചില്‍ മംഗളവനത്തിനോടടുത്ത് ഏക്കറുകണക്കിന് സ്ഥലം അഗ്നിക്കിരയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ നടന്ന സംഭവം. മംഗളവനത്തിനടുത്ത് ഏക്കറുകണക്കിന് സ്ഥലമാണ് ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളത്. പൂര്‍ണമായും സുരക്ഷാവലയത്തിലുള്ള കമ്പനിയുടെ പരിസരത്ത് തീ പടര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. ഗോഡൗണിന്റെ പുറത്തുള്ള പുല്ലില്‍ പടര്‍ന്നു പിടിച്ച തീ കെട്ടിടത്തിലേക്ക് വ്യാപിച്ചുവെന്നാണ് കമ്പനി അധികൃതര്‍ക്ക് ഫയര്‍ഫോഴ്‌സിന് നല്‍കിയ വിവരം. സിഗരറ്റ് കുറ്റി, തീപ്പെട്ടിക്കൊള്ളി എന്നിവയില്‍ നിന്നാകാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അഞ്ചിലേറെ സുരക്ഷാ ഉദ്യോഗസ്ഥരുള്ള കമ്പനി കോമ്പൗണ്ടില്‍ പുറത്തു നിന്നൊരാള്‍ക്ക് കയറാന്‍ സാധിക്കില്ലെന്നത് സംഭവത്തിന് ദുരൂഹതയുണ്ടൈന്നതിന്റെ തെളിവാണ്. സെക്യൂരിട്ടി ജീവനക്കാര്‍ പരിസരത്ത് ഉണ്ടായിരുന്നിട്ടും തീ പടര്‍ന്നത് വിളിച്ചറിയിച്ചത് വഴിയാത്രക്കാരിയാണ്. കമ്പനിയുടെ മറ്റു കെട്ടിടങ്ങളും പുതിയ ഗോഡൗണും സംഭവം നടന്ന സ്ഥലത്തു നിന്ന് അകലെയാണെങ്കിലും കത്തിനശിച്ച കെട്ടിടത്തിനടുത്താണ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷ}െന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
തീപിടുത്തത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ക്ലബ് റോഡ് സ്റ്റേഷന്‍ ഓഫിസര്‍ സാബു മാത്യു, അസ്റ്റിസ്റ്റന്റ് ഓഫിസര്‍ ടി.ജെ. ജിജിമോന്‍, കടവന്ത്ര ഗാന്ധിനഗറിലെ ഒരു യൂണ്‌ിറ്റ്, ക്ലബ് റോഡിലെ രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എന്നിവിടങ്ങളിലെ 20 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് തീയണയ്‌ക്കാന്‍ നേതൃത്വം നല്‍കിയത്. കത്തിനശിച്ചത് രാസ വസ്‌തുക്കളായതിനാല്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ശ്വാസതടസം നേരിട്ടു. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ വിനില്‍ കുമാറിന് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ച് ഓഫിസിലെത്തിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മെട്രൊ വാര്‍ത്ത ഫോട്ടൊഗ്രാഫര്‍ പ്രകാശ് എളമയ്‌ക്കരയ്‌ക്കു നേരെ കൈയേറ്റ ശ്രമവും നടന്നു. തീപിടുത്തതിന്റെ ചിത്രമെടുക്കുന്നതിന്റെ ഇടയില്‍ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചിത്രമെടുക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ക്യാമറ പിടിച്ചുവാങ്ങാനുള്ള ശ്രമവും നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ