2014, ജൂൺ 2, തിങ്കളാഴ്‌ച

പുരുഷന്മാര്‍ക്കായി പിന്നല്‍ തിരുവാതികളി


ഗിന്നസ്‌ ബുക്ക്‌ ലക്ഷ്യമാക്കി ഒരുക്കം തുടങ്ങി

കൊച്ചി
സ്‌ത്രീകള്‍ അടക്കിവാണിരുന്ന തനത്‌്‌കേരളീയ നൃത്തകലാരൂപമായ തിരുവാതിരകളിയ്‌ക്ക്‌ ഇനി പുരുഷന്മാരും. നൂതന ഇനമായ പിന്നല്‍ തിരുവാതിരകളിക്കു പുരുഷന്മാരെയും പരിശീലനം നല്‍കുവാന്‍ ആരംഭിച്ചു.
പാര്‍വേന്ദു സ്‌കൂള്‍ ഓഫ്‌ തിരുവാതിരയുടെ ഡയറക്ടര്‍ നാട്യറാണി മാലതി ജി. മേനോന്റെ ശക്ഷണത്തിലാണ്‌ പുരുഷന്മാരുടെ പിന്നല്‍ തിരുവാതിരകളിയുടെ പരിശീലന കളരി ആരംഭിച്ചിരിക്കുന്നത്‌. മുകളില്‍ കെട്ടിയ എട്ടുകയറുകള്‍ പാട്ടിനോടൊപ്പം കളിച്ചുകൊണ്ട്‌ താളലയത്തില്‍ കെട്ടുകയും അതേവേഗതയില്‍ തിരിച്ച്‌ അഴിക്കുകയും ചെയ്യുന്ന കളിയാമ്‌ പിന്നല്‍ തിരുവാതിരകളി. 
പാര്‍വേന്ദു സ്‌കൂള്‍ ഓഫ്‌ തിരുവാതിരയില്‍ ആരംഭിക്കുന്ന പരിശീലനകളരിയുടെ ഉദ്‌ഘാടനം എട്ടിനു വൈകിട്ട്‌ മൂന്നുമണിക്ക്‌ കലാമണ്ഡലംസുഗന്ധി ഉദ്‌ഘാടനം നിര്‍വഹിക്കും.
അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന മെഗാതിരുവാതിരയില്‍ പിന്നല്‍ തിരുവാതിര അവതരിപ്പിക്കും. എട്ടുപേരടങ്ങുന്ന ആയിരത്തോളം കലാകാരന്മാരും കലാകാരികളും നൂറില്‍പ്പരം വൃത്തങ്ങളില്‍ മൈതാനത്ത്‌ നൃത്തം ചെയ്‌തു ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ കയറുകയാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.
2012ല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന 300 പേരുടെ തിരുവാതിര ലിംക ബുക്ക്‌സ്‌ ഓഫ്‌ റെക്കോര്‍ഡില്‍ കയറിയിരുന്നു. കഴിഞ്ഞവര്‍ഷം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന 3026 പേരുടെ തിരുവാതിരകളി ഗിന്നസ്‌ ബുക്കില്‍ ഇടം നേടുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്‌. തിരുവാതിരകളിയില്‍ പങ്കെടുക്കാനായി അത്ഭുതപൂര്‍വമായ പങ്കാളിത്തമാണ്‌ ലഭിക്കുന്നതെന്നു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച മാലതി ജി. മേനോന്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷ്‌മി ഗോപാല്‍,പി.ബി ഉഷ,പുഷ്‌കല ആര്‍.ദാസ്‌ എന്നിവരും പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ