2014, മേയ് 31, ശനിയാഴ്‌ച

ഒബ്‌റോണ്‍ ഫാഷന്‍ ഫിയസ്റ്റ ജൂണ്‍ 19 മുതല്‍



കൊച്ചി
വസ്‌ത്ര രൂപകല്‍പ്പന രംഗത്ത്‌ നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും പഠിച്ചു പുറത്തിറങ്ങുന്നവര്‍ക്കു അവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പനയ്‌ക്കും കാര്യമായ അവസരങ്ങള്‍ ലഭിക്കാറില്ല.ഇതിനു പരിഹാരമായി ഒബ്‌റോള്‍ മാളില്‍ മലയാളി ഡിസൈനര്‍മാര്‍ മാറ്റുരയ്‌ക്കുന്ന ഫാഷന്‍ ഡിസൈനിങ്ങ്‌ മത്സരവും എക്‌സിബിഷനും ജൂണ്‍ 19 മുതല്‍ 22 വരെ ഒബ്‌റോണ്‍ മാളില്‍ നടക്കും.
ഇതിനായി 15,000 ചതുരശ്ര അടിയാണ്‌ ഒബ്‌റോണ്‍മാളില്‍ ഒരുക്കുന്നത്‌. തിരഞ്ഞെടുത്ത മത്സരാര്‍ഥികളുടെ വസ്‌ത്രശേഖരങ്ങളും ആക്‌സസറികളും പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പനയ്‌ക്കുമായി 30ഓളം സ്റ്റോളുകളും ഒരുക്കുന്നുണ്ട്‌. ഈ ഡിസൈനര്‍മാരുടെ കലാസൃഷ്‌ടിക്‌ളില്‍ നിന്നു ഫാഷന്‍ ഡിസൈനിങ്ങിന്റെ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ജൂറി മികച്ച ഡിസൈനുകള്‍ തിരഞ്ഞെടുക്കും.വിജയികള്‍ക്കു സമ്മാനദാനവും നടക്കും.
ഡിസൈനുകളുടെ ഒര്‍ജിനാലിറ്റിയുടെ അടിസ്ഥാനത്തിലാണ്‌ എക്‌സിബിഷന്‌ എന്‍ട്രികള്‍ സ്വീകരിക്കുന്നതെന്ന്‌ ഫിയസ്റ്റയുടെ സംഘാടകനായ സി.വൈ.എ റസാഖ്‌ പറഞ്ഞു. എന്‍ട്രികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്‌. എന്‍ട്രികള്‍ അയക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9846044221 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന്‌ ഒബറോണ്‍ മാള്‍ ഡയറക്‌ടര്‍ സുഫൈര്‍,ചീഫ്‌ ഓപ്പറേറ്റിങ്ങ്‌ ഓഫീസര്‍ വാജിദ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ജിഡയുടെ പദ്ധതികള്‍ക്ക്‌ അംഗീകാരം, മൂലമ്പിള്ളി,ചാത്തനാട്‌ പാലങ്ങളുടെ പണി തുടങ്ങും


കൊച്ചി

ഗോശ്രീ ദ്വീപ്‌ വികസന അതോറിറ്റിയുടെ പദ്ധ്‌തികള്‍ക്ക്‌ മെട്രോ മോഡല്‍ സ്ഥലം ഏറ്റെടുക്കുന്നതിനു സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു.
മൂലമ്പിള്ളി-ചാത്തനാട്‌ പാലങ്ങളുടെ നിര്‍മ്മാണം രണ്ടു മാസത്തിനുള്ളില്‍ തുടങ്ങുമെന്നു പൊതുമരാമത്ത്‌ വകുപ്പു മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു. ഗോശ്രീ ദ്വീപ്‌ വികസന അതോറിറ്റിയുടെ പദ്ധതികള്‍ക്കുവേണ്ട സ്ഥലം ഏറ്റെടുപ്പ്‌ ത്വരിതപ്പെടുത്താനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. കൊച്ചി മെട്രോയ്‌ക്കു സ്ഥലം ഏറ്റെടുത്ത മാതൃകയില്‍ സ്ഥലം ഏറ്റെടുക്കാനും ജിഡയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. 
ജില്ലാ കലക്‌ടര്‍ക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പൂര്‍ണ അധികാരം നല്‍കും. സ്ഥലം ഉടമകളുമായി ഒത്തു തീര്‍പ്പ്‌ ചര്‍ച്ച നട്‌ത്താനും കലക്‌ടറിനെ ചുമതലപ്പെടുത്തി. വൈപ്പിന്‍,കടമക്കുടി എന്നിവയുടെ വികസനത്തിനൊപ്പം മൂലമ്പിള്ളി, ചാത്തനാട്‌ പാലങ്ങളുടെ നിര്‍മാണവും ഉടന്‍ തുടങ്ങും.കേരള സ്റ്റേറ്റ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനാണ്‌ നിര്‍മ്മാണ ചുമതല. ദേശീയ ജലപാതയുടെ ഭാഗമായതിനാല്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും പാലങ്ങള്‍ നിര്‍മ്മിക്കുക. 

കുട്ടികളുടെ ചിത്രപ്രദര്‍ശനം അമിഗോസ്‌ 55 ജൂണ്‍ ആറ്‌ മുതല്‍ ഡര്‍ബാര്‍ഹാളില്‍






കൊച്ചി

മൂന്നര വയസുമുതല്‍ 18വയസുവരെയുള്ള 55 ഓളം കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം -അമിഗോസ്‌ 55 - എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗാലറയില്‍ ജൂണ്‍ ആറുമുതല്‍ 10വരെ നടക്കും.
രാവിലെ 11 മണിക്ക്‌ കേരള ലളതികലാ അക്കദമി ചെയര്‍മാന്‍ കെ.എ ഫ്രാന്‍സിസ്‌ പ്രദര്‍ശന ഉദ്‌ഘാടനം നിര്‍വഹിക്കും. എഴുത്തുകാരി എ.എസ്‌ പ്രിയ മുഖ്യപ്രഭാഷണം നടത്തും. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരിക്കും. ബാലതാരം മിനോണ്‍ ബേബി, കാര്‍ട്ടൂണിസ്റ്റ്‌ സജീവ്‌ ബാലകൃഷ്‌ണന്‍,ചിത്രകാരന്‍ എന്‍.എന്‍ സജീവ്‌ എന്നിവര്‍ ആശംസപ്രസംഗം നടത്തും.
കുട്ടികളെ ഇന്റര്‍നെറ്റും ഫെയ്‌സ്‌ ബുക്കും മാറ്റിവെച്ചു 55 കുട്ടികള്‍ നാലു ചിത്രങ്ങള്‍ വീതം മൊത്തം 220 ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ്‌ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്‌.പെന്‍സില്‍ സ്‌കെച്ച്‌, ജലച്ചായം,അക്രിലിക്‌,ക്രയോണ്‍,ഡ്രൈ പേസ്റ്റ്‌, എണ്ണച്ചായം എന്നീ വിവിധ മാധ്യമങ്ങളിലാണ്‌ കുട്ടികള്‍ ചിത്രങ്ങള്‍ വരിച്ചിരിക്കുന്നത്‌. പ്രത്യേക വിഷയങ്ങള്‍ ഒന്നും കുട്ടികളുടെ ചിത്രങ്ങള്‍ക്കു വിഷയമായിരുന്നില്ലെ എങ്കിലും ആനയും മുയലും,ഉറുമ്പും,പ്രകൃതിയും ,സൈക്കിളും എല്ലാം കുട്ടികളുടെ ചിത്രങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു.എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു പുറമെ പ്ലേ സ്‌കൂളില്‍ നിന്നുള്ള രണ്ടു ചെറിയകുട്ടികളും ചിത്രപ്രദര്‍ശനത്തിനെത്തുന്നവരില്‍പ്പെടുന്നു. ചിത്രകലാധ്യാപകന്‍ ആര്‍.കെ ചിത്രബാബുവിന്റെ ശിഷ്യരാണ്‌ ഇവരില്‍ ഭൂരിഭാഗം കുട്ടികളും. 
എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടു തയ്യാറാക്കിയ പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം റിട്ട.ഹൈക്കോടതി ജഡ്‌ജി സി.എന്‍ രാചന്ദ്രന്‍ എഴുത്തുകാരി സഹീറ തങ്ങള്‍ക്കു നല്‍കികൊണ്ട്‌ പ്രകാശനം ചെയ്‌തു. 

പാലാരിവട്ടം ഫ്‌ളൈഓവര്‍ ശിലാസ്ഥാപനം ഇന്ന്‌



18 മാസം കൊണ്ടു പൂര്‍ത്തിയാകും
ചെലവ്‌ 72.6 കോടി രൂപ


കൊച്ചി

കൊച്ചിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി പാലാരിവട്ടം ബൈപാസിനു മുകളില്‍ പാലം വരുന്നു. പാലത്തിന്റെ ശിലാസ്ഥാപനം ഇന്ന്‌ വൈകിട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
പൊതുമരാമത്ത്‌ വകുപ്പിന്റെ സ്‌പീഡ്‌ കേരള പദ്ധതിയില്‍പ്പെടുത്തിയാണ്‌ മേല്‍പ്പാലം നിര്‍മ്മിക്കുന്നത്‌.പാടിവട്ടത്തു നിന്നും തുടങ്ങി സ്‌പൈസസ്‌ ബോര്‍ഡിന്റെ മുന്നില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും ഫ്‌ളൈ ഓവറിന്റ നിര്‍മ്മാണം. 600 മീറ്ററാണ്‌ നീളം. നാലുവരി ഗതാഗതം സാധ്യമാകുന്ന രീതിയിലായിരിക്കും മേല്‍പ്പാലം .സ്‌പീഡ്‌ കേരളയുടെ ആദ്യ പദ്ധതിയായ പാലാരിവട്ടം ഫ്‌ളൈ ഓവര്‍ 18 മാസം കൊണ്ടു പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. 
പുല്ലേപ്പടി പാലം നിര്‍മ്മിച്ച റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷനാണ്‌ നിര്‍മ്മാണ ചുമതല.
72.6 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന മേല്‍പ്പാലത്തിനുവേണ്ട പൈലിങ്‌ ജോലികള്‍ ഉടന്‍ തുടങ്ങും. പണി തുടങ്ങും മുന്‍പ്‌ സര്‍വീസ്‌ റോഡുകള്‍ വീതി കൂട്ടി ബലപ്പെടുത്തും. ഇടപ്പള്ളി,പാലാരിവട്ടം,വൈറ്റില,കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറുകളാണ്‌ സ്‌പീഡ്‌ കേരള പദ്ധതിയിലുള്ളത്‌.ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണം ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്‌ .ദേശീയപാതയിലേയും നഗരത്തിലേയും ഗതാഗതക്കുരുക്കിനു ഈ നാലു ഫ്‌ളൈ ഓവറുകള്‍ വരുന്നതോടെ പരിഹാരമാകും. 

2014, മേയ് 30, വെള്ളിയാഴ്‌ച

അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു, എന്നി്‌ട്ടും

മാധ്യമ പ്രവര്‍ത്തകരെ അവഹേളിച്ച്‌ എറണാകുളം നഗരത്തില്‍ തീവ്രവാദ സ്വഭാവത്തോടെ പ്രചരിക്കുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡ്‌. 
അമിതമായി കൂലി ചോദിച്ചതിനെ ചോദ്യം ചെയ്‌ത കേരള കൗമുദി ന്യൂസ്‌ എഡിറ്റര്‍ ലെനിന്റെ രണ്ടു കൈകളും തല്ലിയൊടിച്ച ഓട്ടോ ഡ്രൈവറിനെതിര നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ്‌ ഈ തീവ്രവാദ സ്വഭാവമുള്ള പ്രചാരണം നടക്കുന്നത്‌ 

ഒഡീഷ ഗ്രാമീണ്‍ മേള കൊച്ചിയില്‍ ആരംഭിച്ചു
























ഒഡീഷ ഗ്രാമീണ്‍ മേള കൊച്ചിയില്‍ ആരംഭിച്ചുരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരമ്പരാഗത വസ്‌ത്ര നിര്‍മ്മാതാക്കളുടേയും കലാകാരന്മാരുടേയും ശില്‍പ്പികളുടേയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വില്‍പ്പനയായ ഒഡീഷ ഹാന്‍ഡ്‌ലൂം ഹാന്‍ഡി ക്രാഫ്‌റ്റ്‌സ്‌ എറണാകുളം ചിറ്റൂര്‍ റോഡില്‍ രാജാജി ജംക്ഷനിലെ ഗംഗോത്രിഹാളില്‍ ആരംഭിച്ചു.
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ഭൂവനേശ്വര്‍ ഡവലപ്പ്‌മെന്റ്‌ കമ്മീഷണര്‍ ആര്‍.കെ മിശ്ര മേള ഉദ്‌ഘാടനം ചെയ്‌തു. ഹാന്‍ഡിക്രാഫ്‌റ്റിന്‌ 10ശതമാനവും ഹാന്‍ഡ്‌ലൂമിന്‌ 20ശതമാനവും വരെ ഡിസ്‌കൗണ്ട്‌ ലഭ്യമാണ്‌.
ഒറീസ സാരികള്‍, ഒറീസ ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ പെയിന്റിങ്ങ്‌സ്‌,പിലിഗിരി ജ്വല്ലറി ,യൂട്ടിലിറ്റി ബ്രാസ്‌ മെറ്റല്‍,വുഡന്‍ ക്രാഫ്‌റ്റ്‌സ്‌,ഹാന്‍ഡ്‌ലൂം ഉല്‍പ്പന്നങ്ങള്‍,ബെഡ്‌ഷീറ്റുകള്‍, ഡ്രസ്‌ മെറ്റീരിയലുകള്‍,ടോപ്പുകള്‍, കാശ്‌മീരി ഷാളുകള്‍,ശാന്തിനികേതന്‍ ബാഗുക ള്‍,കൊല്‍ക്കത്ത സാരികള്‍, ടെറാകോട്ട വസ്‌തുക്കള്‍,മിനാകിരി സ്റ്റോണുകള്‍,ഗോള്‍ഡ്‌ പ്ലേറ്റഡ്‌ ജ്വല്ലറി,മധുബനി-രാജസ്ഥാനി പെയിന്റിംഗ്‌സ്‌,ഗുജറാത്തി ടോപ്പുകള്‍,ഛന്ദേരി സാരികള്‍, ഗുജറാത്തി ഡ്രസുകള്‍,ഛന്ദേരി ഡ്രസ്‌ മെറ്റീരിയലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെയുണ്ട്‌.
വെജിറ്റബിള്‍ ഡൈകള്‍ ഉപയോഗിച്ച സാല്‍വാര്‍ കമ്മീസുകള്‍,മിറര്‍ വര്‍ക്ക്‌ മെറ്റീരിയലുകള്‍ ട്രെന്‍ഡി കുര്‍ത്തി എന്നിവയ്‌ക്കുപുറമെ പ്രത്യേകമായ കുഷ്യന്‍-ബാഗ്‌,ലെറ്റര്‍ സ്റ്റാന്‍ഡ്‌,ആനകളുടെ രൂപം തുടങ്ങിയ കരകൗശല വസ്‌തുക്കള്‍,തുണിയിലും വെല്‍വെറ്റിലും ചെയ്‌ത പപ്പറ്റസ്‌,വോള്‍പീസുകള്‍, ഹാള്‍ഡറുകള്‍,ഡിഷ്‌ മാറ്റ്‌സ്‌ എന്നിവയടക്കം ആകര്‍ഷകമായ ഒട്ടേറെ കരകൗശല വസ്‌തുക്കളും ഇവിടെയുണ്ട്‌. 
സാല്‍വാര്‍ സ്യുട്ടുകള്‍,ജാക്കറ്റുകള്‍,സ്‌കര്‍ട്‌സ്‌,ബെഡ്‌ കവറുകള്‍,കുഷ്യന്‍ കവറുകള്‍ എന്നിവയില്‍ പലതും ബ്ലോക്ക്‌ പ്രിന്റ്‌ ചെയ്‌തവയാണ്‌. പുരുഷന്മാര്‍ക്കായി ചികാന്‍ കുര്‍ത്താസ്‌, കുട്ടികള്‍ക്ക്‌ ചന്യചോളി,കിഷന്‍ഗാട്ടെ, ഫര്‍ണിച്ചറുകള്‍,സംഭാല്‍പ്പുരി കോട്ടണ്‍സാരികള്‍ ,ഖാദി വസ്‌ത്രങ്ങള്‍, ജൂട്ട്‌്‌ കസരേകള്‍,ജൂട്ട്‌ വാള്‍ ഹാംഗിങ്ങുകള്‍, ജൂട്ട്‌ ഫ്രെയ്‌മുകള്‍, ജൂട്ട്‌ ലെയ്‌സ്‌, ജൂട്ട്‌ ഹെഡ്‌ ക്ലിപ്പുകള്‍ എന്നിവയും മേളയെ ആകര്‍ഷകമാക്കുന്നു. 

കാനറാ ബാങ്കിന്റെ സര്‍ക്കിള്‍ ഓഫീസ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൊച്ചി

കാനറാ ബാങ്കിന്റെ കേരളത്തിലെ മൂന്നാമത്തെ സര്‍ക്കിള്‍ ഓഫീസ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ടി.ഡി റോഡ്‌ നോര്‍ത്ത്‌ എന്‍ഡിലെ പുതിയ ഓഫീസ്‌ മന്ദിരം ബാങ്ക്‌ ചെയര്‍മാനും എംഡിയുമായ ആര്‍.കെ ദുബെ ഉദ്‌ഘാടനം ചെയ്‌തു. എംപിമാരായ കെ.വി തോമസ്‌,പി.രാജീവ്‌,ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
ബാങ്കിന്റെ 40-#ാമത്തെ സര്‍ക്കിളായ എറണാകുളം ജില്ലയിലെ 39ഉം തൃശൂര്‍ ജില്ലയിലെ 42ഉം ഇടുക്കിയിലെ മൂന്നും അടക്കം 125 ശാഖകളുടെ മേല്‍നോട്ടം കൊച്ചി സര്‍ക്കിളിനായിരിക്കും. നേരത്തെ കോഴിക്കോടും തിരുവനന്തപുരത്തുമാണ്‌ സര്‍ക്കള്‍ ഓഫീസുകള്‍ ഉണ്ടായിരുന്നത്‌. ഒരു വര്‍ഷത്തിനകം പാലക്കാട്‌ അല്ലെങ്കില്‍ തൃശൂരില്‍ അഞ്ചാമത്തെ സര്‍ക്കിള്‍ ഓഫീസ്‌ തുറക്കുവാനും പദ്ധതിയുണ്ട്‌. വന്‍ നഗരങ്ങളില്‍ 27ഉം പട്ടണങ്ങളിലെ 82ഉം ഗ്രാമങ്ങളിലെ 16ഉം ശാഖകളില്‍ നിന്നായി 13,000 കോടിയുടെ ബിസിനസ്‌ ഇപ്പോള്‍ നിലവിലുണ്ട്‌. ഈ സാമ്പത്തിക വര്‍ഷം 75 പുതിയ ശാഖകള്‍ കൂടി തുറന്ന്‌ ,ശാഖകളുടെ എണ്ണം 200 ആക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എറണാകുളം സര്‍ക്കിളിലെ 13,000 കോടിയുടെ മൊത്ത ബിസിനസില്‍ 3000 കോടി കൃഷിക്കും 1500 കോടി ചെറുകിട വ്യവസായങ്ങള്‍ക്കും 4000 കോടിയോളം മുന്‍ഗണന വായ്‌പയും നല്‍കികൊണ്ട്‌ 86ശതമാനം വായ്‌പ നിക്ഷേപ അനുപാതം നേടിയിട്ടുണ്ട്‌. 
പുതിയ സാമ്പത്തികവര്‍ഷത്തില്‍ നിക്ഷേപത്തില്‍ 16 മുതല്‍ 17ശതമാനം വളര്‍ച്ചയും വായ്‌പയില്‍ 20ശതമാനം വരെയും വളര്‍ച്ചയും നേടാനായി. 8.5ലക്ഷം കോടി മൊത്ത ബിസിനസ്‌ ആണ്‌ ബാങ്കിന്റെ ലക്ഷ്യം. 
ഗ്രാമീണ മേഖലയില്‍ യുവാക്കള്‍ക്ക്‌ സ്വന്തമായി തൊഴില്‍ നടത്തുവാനുള്ള പരിശീലനവും അതിനുവേണ്ട സാമ്പത്തിക സഹായം ഉറപ്പിക്കുവാനുമായി തൃശൂര്‍,മലപ്പുറം,പാലക്കാട്‌,കോഴിക്കോട്‌ എന്നീ ജില്ലാകളില്‍ സെല്‍ഫ്‌ എംപ്ലോയിമെന്റ്‌ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ നടത്തിവരുന്നു. 
ഉദ്‌ഘാടന വേളയില്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ച്‌ 10.16 കോടി രൂപയുടെ വിദ്യാഭ്യാസ വായ്‌പളുടേയും 0.25 കോടിയുടെ ചെറുകിട വ്യവസായ വായ്‌പകളുടേയും വിതരണം നടത്തി. ഡപ്യുട്ടി ജനറല്‍ മാനേജര്‍മാരായ ഡി.എസ്‌ സുരേഷ്‌, കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ വമ്പിച്ച നേട്ടം


കൊച്ചി

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഇന്ത്യക്ക്‌ വന്‍ നേട്ടം. കഴിഞ്ഞ വര്‍ഷം 6007.70 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ്‌ ഉണ്ടായത്‌. ഇതൊരു സര്‍കാല റെക്കോര്‍ഡാണ്‌. വിദേശ നാണ്യത്തില്‍ മാത്രമല്ല മത്സ്യകയറ്റുമതിയിലൂടെ അളവിലും രൂപയുടെ മൂല്യത്തിലും വര്‍ധനവ്‌ ഉണ്ടായി. 30213 .28 കോടി രൂപയുടെ വിദേശനാണ്യം നേടി തന്ന 983,745 മെട്രിക്‌ ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ്‌ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞത്‌.
ചെമ്‌മീന്‍ കയറ്റുമതിയിലൂടെയാണ്‌ വിദദേശനാണ്യം ഏറ്റവും കൂടുതല്‍ ലഭിച്ചത്‌. മൊത്തം മത്സ്യ കയറ്റുമതില്‍ 64ശതമാനത്തോളം വരുമാനം ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നാണ്‌ . ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കാണ്‌ പ്രധാന കയറ്റുമതി. യുറോപ്യന്‍ യുണിയന്‍ ,തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍ എന്നിവയാണ്‌ അടുത്ത സ്ഥാനങ്ങളില്‍. മത്സ്യ കയറ്റുമതിയില്‍ കണവയാണ്‌ ഒന്നാമത്‌ 19.78 ശതമാനം.ശീതീകരിച്ച കൂന്തലിന്റെ യും ഉണക്കമത്സ്യത്തിന്റെയും കയറ്റുമതിയിലും വന്‍ വര്‍ധനവ്‌ ഉണ്ടായി. 
മറൈന്‍ പ്രോഡക്‌ട്‌സ്‌ എക്‌സ്‌പോര്‍ട്ട്‌ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റിയുടെ മൂന്നാമത്‌ അക്വ അക്വേറിയ 2015 ഫെബ്രുവരി 20-22 വരെ വിജയവാഡയിലെ ലൊയോള കോളേജ്‌ കാമ്പസില്‍ നടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മേളയില്‍ 300ഓളം സ്റ്റാളുകള്‍ ഉണ്ടാകും. ഉല്‍പ്പാദന,വിളവെടുപ്പ്‌ സാങ്കേതിക വിദ്യകളും കയറ്റുമതിക്കു വേണ്ടിയുള്ള യന്ത്രസാമഗ്രികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

അന്യസംസ്ഥാന തൊഴിലാളികളുടെ 10 ക്യാമ്പുകള്‍ അടച്ചുപൂട്ടി




കൊച്ചി
എറണാകുളം ജില്ലയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ 10 ക്യാമ്പുകള്‍ അടച്ചുപൂട്ടി. 
ഇവിടെ നിന്നുള്ള തൊഴിലാളികളെ മറ്റു ക്യാമ്പുകളിലേക്കു മാറ്റുവാന്‍ ആരോഗ്യവകുപ്പ്‌ നിര്‍ദ്ദേശം നല്‍കി.
ആരോഗ്യവകുപ്പിന്റെ 20ഓളം സ്‌ക്വാഡുകള്‍ നൂറു കണക്കിനു കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. മിക്ക ക്യാമ്പുകളില്‍ നിന്നും നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികള്‍ പലരും നാട്ടില്‍ നിന്നാണ്‌ ഇത്തരം നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്‌. 
ക്യാമ്പുകളില്‍ മലിന ജലമാണ്‌ കുടിക്കാന്‍ ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ പലയിടത്തും ഭക്ഷണം പാകം ചെയ്യുന്നത്‌.പരിശോധന പൂര്‍ത്തീകരിച്ച ക്യാമ്പുകളില്‍ പലതും ശുദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനു തയ്യാറിയില്ലെങ്കില്‍ ക്യാമ്പ്‌ നിര്‍ത്തലമാക്കുമെന്നും ആരോഗ്യ വകുപ്പ്‌ അറിയിച്ചു. 
ഡിഎംഒ ഹസീന മുഹമ്മദ്‌ ,റൂറല്‍ ഹെല്‍ത്ത്‌ ഓഫീസര്‍ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്‌ഡ്‌

പോഷകാഹാര ചികിത്സാരീതിയെക്കുറിച്ചുള്ള രാജ്യാന്തര ശില്‍പ്പശാല തുടങ്ങി


കൊച്ചി
വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള പോഷകാഹാര ചികിത്സാരീതിയെക്കുറിച്ചുള്ള രാജ്യാന്തര ശില്‍പ്പശാല പാലാരിവ്‌ട്ടം ഐഎംഎ ഹാളില്‍ ആരംഭിച്ചു.
ഇന്ത്യയ്‌ക്കു പുറമേ ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു മെഡിക്കല്‍ സ്റ്റാഫുകള്‍, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയ 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്‌.
ഔദ്യോഗിക ഉദ്‌ഘാടനം ഇന്നു വൈകിട്ട്‌ ഏഴിന്‌ മന്ത്രി കെ. ബാബു നിര്‍വഹിക്കും. ഐഎന്‍എംഎ പ്രസിഡന്റ്‌ ഡോ. എ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷന്‍ അംഗം സിറിയക്‌ ജോസ്‌ മുഖ്യ പ്രഭാഷണം നടത്തും. കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ഡോ. ദേവരാജന്‍, ഡോ. ബാബു, ഡോ. പ്രതാപന്‍ നായര്‍, ഡോ. ജുനൈദ്‌ റഹ്മാന്‍, സിബി മാസ്റ്റര്‍, പ്രൊഫ. ഇയാന്‍ ഡെറ്റ്‌മെന്‍, ഡോ. സുജിത്‌ നായര്‍, ഡോ, സുധീര്‍ എന്നിവര്‍ പങ്കെടുക്കും.

വിദ്യാഭ്യാസം മാത്രം പോര- ഇന്നസെന്റ്‌








കൊച്ചി
വിദ്യാഭ്യാസ വിഷയത്തില്‍ കേന്ദ്രമന്ത്രിയും സീരിയല്‍ നടിയുമായ സമൃതി ഇറാനിയെ ചാലക്കുടി എംപിയും സിനിമാ താരവുമായ ഇന്നസെന്റ്‌ പിന്തുണച്ചു. വിദ്യാഭ്യാസം ഉണ്ടായതുകൊണ്ടു മാത്രം കാര്യമായില്ല. കാര്യങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷിയാണ്‌ വേണ്ടത്‌. 18 ഭാഷ അറിയാവുന്നയാള്‍ 18 ഭാഷയിലും വിഢിത്തം മാത്രം പറഞ്ഞാല്‍ എന്തുകാര്യമാണെന്നു ഇന്നസെന്റ്‌ ചോദിച്ചു. . ബുദ്ധി അല്ലെങ്കില്‍ വിവരം പുസ്‌തകത്തില്‍ നിന്നും കിട്ടുന്നതല്ലെന്നും ഒരാള്‍ക്ക്‌ എത്രത്തോളം വിദ്യാഭ്യാസം ഉണ്ട്‌ എന്നതിലല്ല പ്രായോഗിക ബുദ്ധിയുണ്ടോ എന്നതാണ്‌ പ്രധാനമെന്ന്‌ ഇന്നസെന്റ്‌. വിദ്യാഭ്യാസ യോഗ്യതയിലോ സര്‍ട്ടിഫിക്കറ്റിലോ കാര്യമില്ലെന്നും ഇന്നസെന്റ്‌ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ്‌ മന്ത്രി സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭരിക്കാന്‍ കഴിവുണ്ടായതിനാലാവാം സ്‌മൃതിക്ക്‌ ആ വകുപ്പ്‌ നല്‍കിയതെന്നും കാര്യങ്ങള്‍ കാണാന്‍ കഴിവുള്ളയാള്‍ക്ക്‌ മന്ത്രിയാകാമെന്നും ഇന്നസെന്റ്‌ പറഞ്ഞു. സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചു പറയാന്‍ താന്‍ ആളെല്ലെന്നും സ്‌മൃതി ഇറാനിയുടെ പകുതി , എട്ടാം ക്ലാസ്‌ വിദ്യാഭ്യാസമേയുള്ളുവെന്നും ഇന്നസെന്റ്‌ പറഞ്ഞു. തമിഴ്‌ നാട്‌ മുഖ്യമന്ത്രിയായിരുന്ന കാമരാജിനും വിദ്യാഭ്യാസം കുറവായിരുന്നു..സ്‌കൂളില്‍ പഠിക്കുമ്പോല്‍ റാങ്ക്‌ കിട്ടിയ ആളുകളൊക്കെ ഏതെങ്കിലും പഠിക്കാത്ത ആളുകളുടെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നതു കണ്ടിട്ടുണ്ടെന്നു ഇന്നസെന്റ്‌ പറഞ്ഞു
ഇത്രയേറെ സീറ്റുകള്‍ ബിജെപി നേടിയത്‌ അവര്‍ക്കു ലഭിച്ച ജനപിന്തുണയുടെ തെളിവാണ്‌. ബിജെപിയുടെ വിജയം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടതിനു ശേഷം മാത്രമെ അദ്ദേഹത്തിനെ വിമര്‍ശിക്കുന്നതില്‍ കാര്യമുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വഴക്കുണ്ടാക്കേണ്ട കാര്യമില്ലെന്നും നല്ലത്‌ ചെയ്‌താല്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ പരിചയക്കാരുണ്ട്‌. റാംജി റാവു സ്‌പീക്കിംഗ്‌ ചിത്രത്തില്‍ ഉള്‍പ്പെടെ താന്‍ ചെയ്‌ത കഥാപാത്രങ്ങളെ ഹിന്ദിയില്‍ അവതരിപ്പിച്ച പരേഷ്‌ റാവല്‍ പാര്‍ലമെന്റിലുണ്ട്‌. ഇവരുമായിട്ടുള്ള സൗഹൃദം സഹായകരമാണെന്നും ഇന്നസെന്റ്‌ പറഞ്ഞു.
വഷത്തില്‍ മൂന്ന്‌ സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണ്‌ ആഗ്രഹം എന്നും രാഷ്ട്രീയത്തിലെത്തിയതുകൊണ്ട്‌ സ്വന്തം തൊഴില്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യോഗം ജൂണ്‍ 29 ന്‌ ചേരുമ്പോള്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിക്കും. അവര്‍ അംഗീകരിച്ചാല്‍ സ്ഥാനം ഒഴിയുമെന്നും ഇന്നസെന്റ്‌ വ്യക്തമാക്കി. സിനിമ മേഖലയ്‌ക്ക്‌ വേണ്ടി ന്യായമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി ബൈപാസിന്റെയും അതിരപ്പിള്ളിയുടെയും കാര്യത്തില്‍ എംപി എന്നനിലയില്‍ പ്രധാന്യം നല്‍കുമെന്നും ഇന്നസെന്റ്‌ കൂട്ടിച്ചേര്‍ത്തു.ആരോഗ്യരംഗത്തിനു പ്രാമുഖ്യം നല്‍കാനാണ്‌ തീരുമാനം. . തീരെ പാവപ്പെട്ട അസുഖബാധിതര്‍ക്ക്‌ മരുന്ന്‌ ഫ്രീ ആയി ലഭിക്കാന്‍ മാര്‍ഗം ആരായും
എല്‍ഡിഎഫ്‌ സ്വന്ത്രന്മാരായി വന്ന ചിലര്‍ പിന്നീട്‌ കാലുമാറിയത്‌ തെറ്റാണെന്നു ഇന്നസെന്റ്‌ പറഞ്ഞു. തന്റെ വ്യക്തിപ്രഭാവം കൊണ്ടായിരുന്നില്ല എല്‍ഡിഎഫ്‌ പിന്തുണ ലഭിച്ചതുകൊണ്ടുമാത്രമാണ്‌ ജയിച്ചതെന്നും ഇന്നസെന്റ്‌ പറഞ്ഞു. ജനപ്രതിനിധി മണ്ഡലത്തില്‍ ഉണ്ടാകുക എന്നാല്‍ ചരമം,കല്യാണം ,ചോറൂണ്‌ എന്നീ ചടങ്ങുകള്‍ക്ക്‌ മുടങ്ങാതെ എത്തുക എന്ന ധാരണ തിരുത്തണം. ചരമത്തിനും കല്യാണത്തിനും ചോറൂണിനും പോകുകയല്ല ജനപ്രതിനിധിയുടെ പണിയെന്നു ഇന്നസെന്റ്‌ പറഞ്ഞു. പാര്‍ലമെന്റില്‍ സിപിഎം എംപിമാര്‍ ബഹളം വെക്കുമ്പോള്‍ മുന്നില്‍ ചാടി ഇറങ്ങി നില്‍ക്കില്ലെങ്കിലും മാറിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. . ഇത്രയും നാള്‍ കഷ്‌ടപ്പെട്ടു ജീവിച്ചത്‌ പാര്‍ലമെന്റില്‍ പോയി തല്ലുകൊണ്ടു ചാവാനല്ലെന്നും തമാശകൈവിടാതെ ഇന്നസെന്റ്‌ വ്യക്തമാക്കി.

2014, മേയ് 29, വ്യാഴാഴ്‌ച

റവ. മോണ്‍.ജോര്‍ജ്‌ കൂര്‍സ്‌ അറയ്‌ക്കലിന്റെ 75-ാംചരമ വാര്‍ഷികാചരണം



കൊച്ചി
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശിയ ലത്തീന്‍ വികാരി ജനറല്‍ ആയിരുന്ന റൈറ്റ്‌ റവ.മോണ്‍. ജോര്‍ജ്‌ കൂര്‍സ്‌ അറയ്‌ക്കലിന്റെ 75-ാം ചരമവാര്‍ഷികാചരണം ജൂണ്‍ 4.7 തീയതികളില്‍ വാടേല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളി, എറണാകുളം ഇന്‍ഫന്റ്‌ ജീസസ്‌ പള്ളി എന്നിവടങ്ങളിലായി നടക്കും.
വിദേശീയായ മെത്രാപ്പൊലീത്ത ഏഞ്ചല മേരി റോമിലേക്കു പോയ ഒഴിവിലാണ്‌ കൊച്ചി രൂപതയുടെ ചുമതല ആദ്യമായി തദ്ദേശിയ പുരോഹിതനായ റൈറ്റ്‌ റവ. മോണ്‍.ജോര്‍ജ്‌ കൂര്‍സ്‌ അറയ്‌ക്കലിനു കൈമാറിയത്‌. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രമായ സത്യനാദത്തിന്റെയും ഐഎസ്‌ പ്രസിന്റെയും മാനേജര്‍ സ്ഥാനം വഹിച്ചിരുന്നു..കൊച്ചി ദിവാന്‍ എറണാകുളം മുന്‍സിപ്പല്‍ കൗണ്‍സിലറായും അദ്ദേഹത്തെ തിരഞ്ഞടുത്തിരുന്നു. കൗണ്‍സിലര്‍ സ്ഥാനം ലഭിച്ച ആദ്യത്തെ പുരോഹിതന്‍ കൂടിയായിരുന്നു അദ്ദേഹം. കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ സ്‌കൂള്‍ പ്രിഫക്‌ട്‌,എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ ഹൈസ്‌കൂള്‍ മാനേജര്‍,അഖിലകേരള കാത്തലിക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌,വരാപ്പുഴ അതിരൂപതാ ക്യൂറിയ തലവന്‍,അപ്പോസ്‌തലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍,ഡോമസ്റ്റിക്‌ പ്രിലേറ്റ്‌,വിശ്വാസ പ്രചാരകസംഘം അതിരൂപതാ ഡയറക്‌ടര്‍ എന്നിങ്ങനെ ഒട്ടനവധി സ്ഥാനങ്ങള്‍ വഹിച്ചു.

ജൂണ്‍ നാലിനു നാരമ്പലം വാടേല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ രാവിലെ 11നു ദിവ്യബലിയ്‌ക്ക്‌ വരാപ്പുഴ അതിരൂപത റവ.മോണ്‍ ജോസ്‌ പടിയാരംപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കോഴിക്കോട്‌ മദര്‍ ഓഫ്‌ ഗോഡ്‌സ്‌ കത്തീഡ്രല്‍ വികാരി മോണ്‍.വിന്‍സെന്റ്‌ അറയ്‌ക്കല്‍ അനുസ്‌മരണ പ്രഭാഷണം നടത്തും . തുടര്‍ന്നു ഫോട്ടോ അനാഛാദനം റവ.ഡോ.പീറ്റര്‍ കൊച്ചൂവീട്ടില്‍ നിര്‍വഹിക്കും.
ജൂണ്‍ ഏഴിനു വൈകിട്ട്‌ മൂന്നരയ്‌ക്ക്‌ സെമിത്തേരി മുക്കിലെ ഇന്‍ഫന്റ്‌ ജീസസ്‌ പള്ളി സെമിത്തേരിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്‌ക്ക്‌ മോണ്‍. അംബ്രോസ്‌ അറയ്‌ക്കല്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്നു എറണാകുളം ഇന്‍ഫന്റ്‌ ജീസസ്‌ പള്ളിയില്‍ നടക്കുന്ന ദിവ്യബലിയ്‌ക്ക്‌ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട്‌ ആറിനു ചേരുന്ന അനുസ്‌മരണ സമ്മേളനം ഡോ.ചാള്‍സ്‌ ഡയസ്‌ എംപി ഉദ്‌ഘാട
കൈമാറിയത്‌
ജൂണ്‍ നാലിനു നാരമ്പലം വാടേല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ രാവിലെ 11നു ദിവ്യബലിയ്‌ക്ക്‌ വരാപ്പുഴ അതിരൂപത റവ.മോണ്‍ ജോസ്‌ പടിയാരംപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കോഴിക്കോട്‌ മദര്‍ ഓഫ്‌ ഗോഡ്‌സ്‌ കത്തീഡ്രല്‍ വികാരി മോണ്‍.വിന്‍സെന്റ്‌ അറയ്‌ക്കല്‍ അനുസ്‌മരണ പ്രഭാഷണം നടത്തും . തുടര്‍ന്നു ഫോട്ടോ അനാഛാദനം റവ.ഡോ.പീറ്റര്‍ കൊച്ചൂവീട്ടില്‍ നിര്‍വഹിക്കും.
ജൂണ്‍ ഏഴിനു വൈകിട്ട്‌ മൂന്നരയ്‌ക്ക്‌ സെമിത്തേരി മുക്കിലെ ഇന്‍ഫന്റ്‌ ജീസസ്‌ പള്ളി സെമിത്തേരിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്‌ക്ക്‌ മോണ്‍. അംബ്രോസ്‌ അറയ്‌ക്കല്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്നു എറണാകുളം ഇന്‍ഫന്റ്‌ ജീസസ്‌ പള്ളിയില്‍ നടക്കുന്ന ദിവ്യബലിയ്‌ക്ക്‌ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട്‌ ആറിനു ചേരുന്ന അനുസ്‌മരണ സമ്മേളനം ഡോ.ചാള്‍സ്‌ ഡയസ്‌ എംപി ഉദ്‌ഘാടനം ചെയ്യും. കേരള ലാറ്റിന്‍ കാത്തലിക്‌ ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ്‌ റവ.മോണ്‍.ജോര്‍ജ്‌ വെളിപ്പറമ്പില്‍, റവമോണ്‍.സെബാസ്‌റ്‌യന്‍ ലൂയിസ്‌, കൗണ്‍സിലര്‍ ലിനോ ജേക്കബ്‌,കെഎല്‍സിസെ വരാപ്പുഴ അതിരൂപത പ്രസിഡന്റ്‌ അഡ്വ.വി.എ ജെറോം ,മാത്തപ്പന്‍ കാനപ്പിള്ളി എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫാ.ആന്റണി അറയ്‌ക്കല്‍, മാത്തച്ചന്‍ അറയ്‌ക്കല്‍, വിന്‍സെന്റ്‌ ജി അറയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

2014, മേയ് 26, തിങ്കളാഴ്‌ച

രണ്ടു പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹത


സ്വന്തം മാതാവിനെ മക്കള്‍ പറമ്പില്‍ ഉപേക്ഷിച്ചു


കട്‌ലറ്റും സമൂസയും പഫ്‌സും തിന്നുന്നവര്‍ ഓര്‍മ്മിക്കുക