കാലടി മേഖലയില്‍ ടിപ്പര്‍,ടോറസ് ലോറികള്‍ പരസ്യമായി നിയമ ലംഘനം നടത്തുന്നു. ഉദ്യോഗസ്ഥര്‍ കണ്ണടയ്‌ക്കുന്നതായി ആക്ഷേപം. കാലടി ,മലയാറ്റൂര്‍,മറ്റൂര്‍ മേഖലയില്‍ പാറമടകളില്‍ നിന്നും ക്രഷറുകളില്‍ നിന്നും പാറകല്ലുകളും എം സാന്‍ഡുമായി ചീറിപ്പായുന്ന ലോറികളുടെ നിയമലംഘനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് കണ്ടതായി നടിക്കുന്നില്ല. അനുവദനീയതില്‍ കൂടുതല്‍ പാറക്കല്ല കുന്നുകൂട്ടിയാണ് വാഹനത്തില്‍ കൊണ്ടുപോകുന്നത്. പൊടിയും മെറ്റലും ഉള്‍പ്പെടെ കൊണ്ടുപോകുമ്പോള്‍ മറ്റുയാത്രക്കാര്‍ക്ക് ശല്യം ഉണ്ടാകാതിരിക്കാന്‍ ടര്‍പ്പായ ഉപയോഗിച്ചു മൂടണമെന്നാണ് അനുശാസിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം വാഹനങ്ങളും ചെയ്യാറില്ല. അമിത വേഗവും വണ്ടിയില്‍ നിന്നും തെറിച്ചു വീഴുന്ന പാറക്കല്ലുകളും മറ്റുയാത്രക്കാര്‍ക്ക് ഭീഷണിയാകുകയാണ്.
തകര്‍ന്നു തരിപ്പണമായ കാലടി- മലയാറ്റൂര്‍ റൂട്ടിലെ വലിയ കുഴികളില്‍ വാഹനം വീഴുമ്പോള്‍ സൈഡ് ബോഡിയേക്കാള്‍ ഉയരത്തില്‍ സൈഡില്‍ അട്ടിയിട്ടിരിക്കുന്ന കല്ലുകള്‍ വാഹനത്തില്‍ നിന്നും തെറിച്ച് റോഡില്‍ വീഴുന്നത് പതിവ് കാഴ്‌ചയാണ്. കാലടി - മലയാറ്റൂര്‍ റോഡിലാണ് വാഹനങ്ങളുടെ മരണപ്പാച്ചിലും അസഹനീയമായിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പലവട്ടം മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇവര്‍ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് പൊതു പ്രവര്‍ത്തകരുടെ പരാതി. ഇക്കാര്യം പൊതുജനങ്ങള്‍ രാഷ്‌ട്രീയ നേതാക്കളെയും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെയും ധരിപ്പിച്ചെങ്കിലും ഭൂരിഭാഗം നേതാക്കളും ഉദ്യോഗസ്ഥരും നിശബ്‌ദരാണ്.
സ്‌കൂള്‍ സമയത്ത് സര്‍വീസ് നടത്തുന്ന ലോറികള്‍ക്കെതിരെ നാട്ടുകാരും സ്‌കൂള്‍ പിടിഎ ഭാരവാഹികളും രംഗത്തിറങ്ങുമ്പോള്‍ മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നത്. പിന്നീട് രണ്ടു ദിവസത്തിനുശേഷം വീണ്ടും ടിപ്പറുകള്‍ പതിവ് ആവര്‍ത്തിക്കുകയാണ്. കാലടി മേഖലയിലെ എല്ലാ റോഡുകളും തകര്‍ന്ന അവസ്ഥയയില്‍ ജനം കഷ്‌ടപ്പെടുന്നതിനു പുറമെയാണ് ടിപ്പര്‍,ടോറസ് ലോറികളുടെ മരണപ്പാച്ചില്‍ ജനത്തിനു ഭീഷണിയാകുന്നത്. ഹെല്‍മെറ്റ് പരിശോധന ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും അത്യത്സാഹം കാണിക്കുന്ന പോലീസ് ,മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കുന്നത് ഒത്തുകളിയാണെന്നും വ്യപകമായ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ