2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

മദ്യപന്റെ സുവിശേഷം

                                     

                                               രണ്ടടിച്ച്‌ ചെറിയ പെരുപ്പിലങ്ങനെ കറങ്ങിനടക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം പെരുപ്പ്‌ ഇറക്കാന്‍ ശ്രമിക്കുന്നവരുടെ കാലം കൂടെയാണിത്‌. നാടെങ്ങും ഡി അഡീഷന്‍ സെന്ററുകള്‍, കുടി നിര്‍ത്തിയവരുടെ സാക്ഷ്യം പറച്ചിലുകല്‍, കുടിയന്‍അറിയാതെ കുടി നിര്‍ത്തി തരുമെന്ന വാഗ്‌ദാനങ്ങള്‍. മലയാളി കുടിക്കാന്‍ ആഗ്രഹിക്കുന്നതോടൊപ്പം തന്നെ കുടി നിര്‍ത്താനും ആഗ്രഹിക്കുന്ന വിചിത്രമായ സാഹചര്യം. തലേന്ന്‌ രാത്രി കുടിച്ച മദ്യത്തിന്റെ വിഷഭാരം തിങ്ങും ശിരസിലേക്കു കതകു തുറന്നിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ കുടി നിര്‍ത്തിയത്‌ ഒരുപാട്‌ പേരെ നിരാശരാക്കി.

നിറവും മണവും മാറി മാറി വന്നിട്ടുണ്ട്‌ മനുഷ്യനോളം പഴക്കമുള്ള മദ്യത്തിന്റെ ചരിത്രത്തിന്‌ .ഇതിന്‌ സുഖമുണ്ട്‌.തീര്‍ച്ചയായും ലഹരിയും അതിനുമപ്പുറം ഒട്ടേറെപ്പേര്‍ക്ക്‌ നാശത്തിലേക്കുള്ള എളുപ്പവഴിയും കാട്ടിക്കൊടുത്തിട്ടുണ്ട്‌ മദ്യം.
?ഇടം മാറുന്നതനുസരിച്ച്‌ വേഷവും വേഗവും രൂപവും മാറുമെന്നേയുള്ളു. കുപ്പിഗ്ലാസിനു പകരം ചിലപ്പോള്‍ പ്ലാസ്റ്റിക്‌ ഗ്ലാസ്‌, അച്ചാറിനു പകരം മറ്റെന്തെങ്കിലും. പൊന്തക്കാടിനു പകരം മൂത്രം നാറുന്ന എതെങ്കിലും ഇടനാഴി.എല്ലുമുറിയെ പണിയെടുക്കുന്നവനു വീടു പറ്റുന്നതിനു മുന്‍പ്‌ രണ്ടരയടിക്കാന്‍ ഇതാണ്‌ മാര്‍ഗം. അവര്‍ക്കു ചില പതിവ്‌ ഇടങ്ങളുണ്ട്‌... രീതികളും. . ചില്ലറയായി മദ്യം വില്‍ക്കുന്ന ഷോപ്പുകളും പരിസരവും സത്യത്തില്‍ ്‌ മറ്റൊരു രാജ്യമാണ്‌. മറ്റൊരു സംസ്ഥാനമാണ്‌ . ഒരു പരിചയവും ഇല്ലാത്തവര്‍ കട്ടയിട്ട്‌ ഒരു പൈന്റ്‌ വാങ്ങി അക്ഷരം ഉരയാടാതെ അടിച്ചുതീര്‍ത്ത്‌ രണ്ടുവഴിക്കു പിരിഞ്ഞു പോകുന്ന വിചിത്ര ബന്ധങ്ങളുടെ സംസ്‌കാരം. . കുപ്പിവാങ്ങാനെത്തുന്നവര്‍ക്ക്‌ സ്‌പെഷ്യലായി മുട്ടബജിയും മുളകുബജിയും കായബജിയും നല്ലഏരിവുള്ള ചമ്മന്തിയും കിട്ടുന്ന രാജ്യം എന്നും ഉത്സവമേളം
ഇവരുടെ കീശയില്‍ നിന്നും സര്‍ക്കാര്‍ ആര്‍ത്തിയോട കയ്യിട്ടുവാരുന്ന നികുതിയാണ്‌ കേരളത്തിന്റെ ധനകാര്യ നട്ടെല്ല്‌. യഥാര്‍ത്ഥത്തില്‍ 10 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന്‌ 150 രൂപ കൊടുത്ത്‌ വാങ്ങുന്ന ഇവര്‍ കൂട്ടംകൂടിയില്ലെങ്കില്‍ കെ.എം മാണിയും തോമസ്‌ ഐസക്കും സുല്ലിട്ട്‌ സലാം പറയും. ബജറ്റിലെ മൊത്തം വരവ്‌ നിയമസഭയില്‍ വായിച്ചിട്ട്‌ കുടിയന്മാരുടെ ഭാഷയില്‍ -ഒന്നും ആയില്ലെന്നു - പറയും.
നല്ലൊരു നാളയില്‍ വീട്ടില്‍ ഇരുന്ന്‌ കുറഞ്ഞത്‌ മോര്‍ഫ്യൂസ്‌ എങ്കിലും അടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ ബിവറേജസിലെ ക്യുവില്‍ അണിചേരുന്ന കണ്ണികളില്‍ ഭൂരിഭാഗവും. അതൊകൊണ്ടായിരിക്കണം കേരളത്തില്‍ ഭാഗ്യം വില്‍ക്കുന്നവരുടെ തിരക്ക്‌ ഏറ്റവും അധികം ബിവറേജസ്‌ ക്യൂവിന്റെ ഓരം പറ്റി കാണപ്പെടുന്നത്‌..
സര്‍ക്കാരിന്റെ വക മദ്യഷാപ്പുകളുടെ ഇരട്ടിയിലധികം ഉണ്ട്‌ കേരളത്തില്‍ ബാറുകള്‍ . രണ്ടു തരം സംസ്‌കാരമാണ്‌ ബാറുകളില്‍. അരണ്ട വെളിച്ചത്തില്‍ മദ്യം രുചിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയാണ്‌ എസി-എക്‌സിക്യൂട്ടീവ്‌ ബാറുകള്‍ തുറന്നിട്ടിരിക്കുന്നത്‌. നിശബ്‌ദതയും സ്വകാര്യതയും ഗ്യാരണ്ടി. അലമ്പില്ല. എക്‌സിക്യൂട്ടിവ്‌ ബാരുകളോട്‌ ചേര്‍ന്നു തന്നെ ഉണ്ടാകും ലോക്കല്‍ ബാറുകള്‍. നല്ല കട്ടിക്ക്‌ ഒന്നരയോ രണ്ടോ വെള്ളം കുറച്ച്‌ നില്‍പ്പനടിച്ച്‌ അത്താഴപട്ടിണിക്കാരന്‍ ഇറങ്ങിപ്പോകുന്ന സന്ധ്യകള്‍. ടാറിന്റെ നിറമുള്ള മദ്യം. കീടം,കരി ഓയില്‍, ടാര്‍, സാധനം,കടുപ്പം , ഓഫായി,വീലായി,ഫിറ്റായി ,കുടിച്ചു കുന്തം മറിഞ്ഞു,കിണ്ടിയായി , ഹാങ്‌ ഓവര്‍ , പിടുത്തം വിടുന്നില്ല, റിപ്പീറ്റ്‌, കട്ടിങ്‌ ,പിരിവെട്ടി പല പല ഇനീഷ്യലുകളിലുള്ള വാളുകള്‍ അങ്ങനെ ഒരുപാട്‌ വാക്കുകള്‍ പുതുഭാഷയില്‍ നിന്നും വേറിട്ട അസ്‌തിത്വവവുമായി ചങ്കുറപ്പിച്ചു നില്‍ക്കുന്നു. ലോക്കല്‍ ബാറുകളിലെ കൗണ്ടറുകള്‍ക്കു ചുറ്റും .
ബാറുകളിലെ സ്വകാര്യതകളില്‍ ഒരുകുപ്പി മദ്യത്തിനു ചുറ്റും പതിവായി ഒത്തുകൂടുന്ന സൗഹൃദസംഘങ്ങളുണ്ട്‌. കുടിക്കുന്നവരെ കുറ്റം പറയുന്നവരെ അല്ലാതെ എന്തിനാണ്‌ മലയാളി ഇങ്ങനെ കുടിക്കുന്നതെന്ന്‌ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ . ആരോഗ്യത്തിനു ഹാനികരമായ ഒന്നെന്ന്‌ ഭരണകൂടം തന്നെ പ്രഖ്യാപിക്കുന്നു. പരസ്യം ചെയ്യുന്നു. പ്രജകള്‍ക്ക്‌ വിതരണവും ചെയ്യുന്നു.
ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌ മദ്യത്തിനും അതിന്റെ ഉപഭോഗത്തിനും.. ലോകത്ത്‌ എവിടെയുമുള്ള ഗോത്രവിഭാഗങ്ങള്‍ മതിഭ്രമം ഉളവാക്കുന്ന പാനീയങ്ങള്‍ കുടിച്ചിരുന്നുവെന്നതിനു ഗോത്ര ചരിത്ര രേഖകള്‍ പലവട്ടം സാക്ഷ്യം പറയും . ലഹരിയുടെ പല രൂപങ്ങള്‍ കാലാകാലങ്ങളില്‍ തലച്ചോറിനെ ഭ്രമിപ്പിച്ചിട്ടുണ്ട്‌. എങ്കിലും രൂപം മാറിമാറി വന്ന മദ്യം ആയിരുന്നു എന്നും ജനപ്രിയം.
മദ്യം സര്‍ഗാത്മകതയോട്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പ്രതിഭകള്‍ക്കും അറിയില്ല അവരുടെ സൃഷ്‌ടികള്‍ കണ്ടും വായിച്ചു ലഹരിപിടിച്ചവര്‍ക്കും അറിയില്ല. ഒന്നറിയാം സര്‍ഗ സൃഷ്‌ടിയുടെ ഉന്മത്ത സൗന്ദര്യം ആസ്വാദകരിലേക്കു പകര്‍ന്നപലരും എല്ലാകാലത്തും മദ്യപിച്ചിരുന്നു. മദ്യപാനത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ ഹിന്ദിയില്‍ ഒരു സാഹിത്യ പ്രസ്ഥാനം തന്നെ ഉണ്ടായിട്ടുണ്ട്‌.ആലാപ്‌.......
ആലാപ്‌ അങ്ങയേറ്റം അച്ചടക്കത്തോടെ ജീവിച്ച ഹരിവംശ റായ്‌ ബച്ചന്‍ ആയിരുന്നു ഉപഞ്‌ജാതാവ്‌.. മധുശാല ഏറ്റവും പ്രസിദ്ധം..അമിതാബ്‌ ബച്ചന്‍ തന്നെ പിതാവിന്റെ മധുശാല പല സാഹിത്യസദസുകളിലും ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി ഗനഗംഭീര സ്വരത്തോടെ ആലപിച്ചിട്ടുണ്ട്‌.
മദ്യത്തിന്റെയും ഉന്മാദത്തിന്റെയും ലഹരി ഇല്ലാതെ ഗസലിനെക്കുറിച്ചു സങ്കല്‍പ്പിക്കുന്നതുപോലും മഹാഅപരാധം. പണ്ടൊരു കാലത്ത്‌ കലാകാരന്റെ കുടി കലാസൃഷ്‌ടിക്ക്‌ ഒപ്പം ചേര്‍ത്ത്‌ വെച്ച്‌ സങ്കല്‍പ്പിക്കുക അത്ര സാധാരണമല്ലായിരുന്നു. 60 കളിലെ അരാജകജീവിത പശ്ചാത്തലങ്ങളില്‍ കലാകാരന്‍ മദ്യത്തെ കലയുടെ ചിഹ്നമായി തന്നെ കൊണ്ടാടി. . പറഞ്ഞു പറഞ്ഞു ലഹരി കുറഞ്ഞുവെങ്കിലും ജോണ്‍ എബ്രാഹമിന്റെ കുടിയാണ്‌ മലയാളിയുടെ മദ്യപാന ചഷകത്തിന്റെ പാനപാത്രം ഏറ്റവും അധികം നിറച്ചത്‌. ജോണ്‍ കാലത്തെ പലരും ഇപ്പോഴും നിര്‍ത്താതെ കുടിക്കുന്നുമുണ്ട്‌.
പരിചിതവും അപരിചിതവുമായ ചാരായശാലകളില്‍ ജോണിന്റെ കാലഘട്ടം കുടിച്ചുറങ്ങി. അമ്മയറിയാനിലെ ബാലേട്ടന്‍ മാര്‍ക്‌സിസ്റ്റായിരുന്നു. സിനിമയുടെ വസന്തകാലത്ത്‌ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക്‌ സ്റ്റില്‍ ക്യാമറയുമായി പോയി കുടി കമ്പനികളില്‍ കറങ്ങി നടന്നിരുന്ന എന്‍.എന്‍ ബാലകൃഷ്‌ണന്‍ ഇപ്പോഴും നിരത്താതെ കുടിച്ചുകൊണ്ടിരിക്കുന്നു. പലരും പല കാലത്ത്‌ പല രീതികളിലാണ്‌ മദ്യത്തിന്റെ തുടിയിലേക്ക്‌ നിരങ്ങി ഇറങ്ങുന്നത്‌. കുടിച്ചു കുടിച്ചു മയക്കത്തിലേക്കു മരണത്തിലേക്കു മറഞ്ഞപോയവരുടെ പട്ടിക ബിവറേജസിലെ വിലവിവര പട്ടികയേക്കാള്‍ നീണ്ടു കിടിക്കുന്നു.ഇവരൊന്നും കുടിച്ചു മരിച്ചില്ലായിരുന്നുവെങ്കില്‍ മഹാസംഭവങ്ങളാകുമായിരുന്നുവോ .അറിയില്ല.
കേരളം കുത്തിയിരുന്നും ചടഞ്ഞിരുന്നും ചാഞ്ഞിരുന്നും ചാരിനിന്നും കുടിക്കുമ്പോള്‍ ഒരു സംശയം ബാക്കിയാകുന്നു. നമ്മുടെ സ്‌ത്രീകള്‍ എന്താണ്‌ മദ്യപിക്കാത്തത്‌. താല്‍പര്യക്കുറവോ ,സാധ്യത കുറവോ . കുടിയന്‍ എന്ന വാക്കിനു സ്‌ത്രീലിംഗം മലയാള ഭാഷ പോലും അനുവദിച്ചു കൊടുത്തിട്ടില്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ