2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

ഇനി മുതല്‍ ചിക്കന്‍ വെയ്‌സ്റ്റ്‌ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളേണ്ട






               ഓരോ മലയാളിയും ഒരു വര്‍ഷം തിന്നുതീര്‍ക്കുന്നത്‌ ഏഴര കിലോ കോഴിയിറച്ചിയാണെന്നാണു കണക്ക്‌. വര്‍ഷത്തില്‍ 33 കോടി കിലോ കോഴിയിറച്ചി മലയാളി തിന്നുമ്പോള്‍ ഉണ്‌ടാകുന്ന മാലിന്യം 15 കോടി കിലോയാണ്‌. ഇനിമുതല്‍ ഈ മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും തള്ളേണ്‌ട. പകരം ഇതിനെ ബയോഡീസലാക്കി മാറ്റി ഡീസല്‍ വാഹനങ്ങളിലും ജനറേറ്ററുകളിലും ഉപയോഗിക്കാം.


കോഴി മാലിന്യത്തില്‍നിന്ന്‌ ദിവസം 50 ലിറ്റര്‍ ബയോഡീസല്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയുന്ന മിനി ബയോഡീസല്‍ പ്ലാന്റ്‌ പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്ത്‌ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പത്തുലക്ഷം രൂപ ചെലവുള്ള പ്ലാന്റ്‌ നിര്‍മിക്കാന്‍ ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. കേരള വെറ്ററിനറി ആന്‍ഡ്‌ ആനിമല്‍ സയന്‍സ്‌ സര്‍വകലാശാലയിലെ അസിസ്റ്റന്റ്‌ പ്രഫസര്‍ ഡോ.ജോണ്‍ ഏബ്രഹാമിന്റെ കണ്‌ടുപിടിത്തമാണു സര്‍വകലാശാല ആസ്ഥാനത്തു പ്രാവര്‍ത്തികമാകുന്നത്‌.?

വ്യാവസായിക അടിസ്ഥാനത്തില്‍ ബയോഡീസല്‍ ഉത്‌പാദിപ്പിക്കാന്‍ ലിറ്ററിന്‌ 22 രൂപ മാത്രമേ ചെലവു വരൂ. പൂക്കോട്ടെ പ്ലാന്റില്‍ ദിവസം 50 ലിറ്റര്‍ ബയോഡീസല്‍ ഉത്‌പാദിപ്പിക്കാന്‍ 950 കിലോ കോഴിവേസ്റ്റ്‌ മതി. അതായത്‌ ആയിരം കോഴികളെ കൊന്നാല്‍ ലഭിക്കുന്നത്‌. കേരളത്തിലെ മൊത്തം കോഴി മാലിന്യവും ഉപയോഗിച്ചാല്‍ 9,000 ടണ്‍ ബയോഡീസല്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയും. ഉപോത്‌പന്നങ്ങളായി ഗ്ലിസറിനും പന്നികള്‍ക്കുനല്‍കാന്‍ കഴിയുന്ന തീറ്റയും ലഭിക്കും.?

കോഴിമാലിന്യം പ്രത്യേക യന്ത്രമുപയോഗിച്ച്‌ അരച്ചുകലക്കുകയാണ്‌ ആദ്യം ചെയ്യുക. സോള്‍വന്റ്‌ എക്‌സ്‌ട്രാക്‌ഷന്‍ രീതി ഉപയോഗിച്ച്‌ കൊഴുപ്പിന്റെ 97 ശതമാനം വരെ ക്രൂഡ്‌ ബയോഡീസലാക്കി മാറ്റാന്‍ കഴിയും. ഇതു ശുദ്ധീകരിച്ചാല്‍ 91 ശതമാനം ബയോഡീസല്‍ ലഭിക്കും.?

14 കോഴിയുടെ വേസ്റ്റ്‌ ഉണെ്‌ടങ്കില്‍ ഒരു കിലോ ബയോഡീസല്‍ നിര്‍മിക്കാന്‍ കഴിയുമെന്നു ഡോ.ജോണ്‍ ഏബ്രഹാം പറഞ്ഞു. ഇറച്ചി എടുക്കും മുമ്പുതന്നെ ചാവുന്ന കോഴികളില്‍നിന്നു കൂടുതല്‍ കൊഴുപ്പ്‌ ലഭിക്കും. 1.25 കിലോ തൂക്കമുള്ള ആറു കോഴികളില്‍നിന്നുതന്നെ ഒരു കിലോ ബയോഡീസല്‍ നിര്‍മിക്കാനാകും. തമിഴ്‌നാട്ടിലെ നാമക്കലില്‍ ദിവസേന മൂവായിരം ടണ്ണിലധികം കോഴികള്‍ ഇങ്ങനെ ചാകുന്നുണെ്‌ടന്നാണു കണക്ക്‌.?

ഡീസലിന്റേതിനു സമാനമായ സവിശേഷതകളാണു ബയോഡീസലിനുമുള്ളത്‌. ഡീസലിനൊപ്പം 20 ശതമാനം ബയോഡീസല്‍ ചേര്‍ത്ത മിശ്രിതത്തിനു ഡീസലിന്റെ സമാനമായ കട്ടി (വിസ്‌കോസിറ്റി) ആണുള്ളത്‌. ഡീസലിന്‌ 50.25 ഡിഗ്രി സെല്‍ഷ്യസില്‍ പൊട്ടിത്തെറിക്കാനുള്ള കഴിവ്‌ (ഫ്‌ളാഷ്‌ പോയിന്റ്‌) ഉള്ളപ്പോള്‍ 52.5 ഡിഗ്രി സെല്‍ഷ്യസാണ്‌ ബി20 ഡീസലിന്റെ ഫ്‌ളാഷ്‌ പോയിന്റ്‌. കത്താനുള്ള കഴിവ്‌ (ഫയര്‍ പോയിന്റ്‌) ഡീസലിന്റേത്‌ 60 ഡിഗ്രിയും ബി20യുടെത്‌ 65.56 ഡിഗ്രിയുമാണ്‌.?

ഡീസലിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന സീറ്റെയിന്‍ നമ്പര്‍ ഡീസലിന്റേത്‌ 54.4 മാത്രമാണെങ്കില്‍ 20 ശതമാനം ബയോഡീസല്‍ ചേര്‍ത്ത ബി20യുടേത്‌ 64.8 ആണ്‌. ബയോഡീസല്‍ മൈനസ്‌ ഡിഗ്രിയില്‍ മാത്രമേ കട്ടപിടിക്കൂയെന്നതും മെച്ചമാണ്‌. ബി 20 വാഹനങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ വാഹനം പുറന്തള്ളുന്ന കാര്‍ബണ്‍ തോത്‌ 47 ശതമാനം വരെ കുറയ്‌ക്കാനും എന്‍ജിന്റെ ശേഷി വര്‍ധിപ്പിക്കാനും കഴിയുമെന്നു ഡോ. ജോണ്‍ ഏബ്രഹാം പറഞ്ഞു.

ഡോ.ജോണ്‍ ഏബ്രഹാം കണ്‌ടുപിടിച്ച രീതിയില്‍ ഉത്‌പാദിപ്പിച്ച ബയോഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിച്ചു പരിശോധിച്ചപ്പോള്‍ മികച്ച ഫലമാണു ലഭിച്ചത്‌. പാലക്കാട്‌ എന്‍എസ്‌എസ്‌ എന്‍ജിനിയറിംഗ്‌ കോളജില്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനിലായിരുന്നു പരീക്ഷണം. എന്‍ജിന്റെ ശേഷി വര്‍ധിക്കുന്നുവെന്നും പുകമലിനീകരണം കുറയുന്നുവെന്നും പരീക്ഷണത്തില്‍ കണെ്‌ടത്തി. തമിഴ്‌നാട്ടില്‍ ട്രാക്ടറുകളിലും ബി20 ബയോഡീസല്‍ ഉപയോഗിച്ചിരുന്നു.?

ഇതോടൊപ്പം ലഭിക്കുന്ന ഗ്ലിസറിന്‍ സോപ്പുനിര്‍മാണം ഉള്‍പ്പെടെയുള്ള പല വ്യാവസായിക ഉപയോഗങ്ങളുമുള്ളവയാണ്‌. 36 ശതമാനം വരെ പന്നിത്തീറ്റ ലഭിക്കും. 61 ശതമാനം പ്രോട്ടീന്‍, 12 ശതമാനം കാല്‍ഷ്യം, കാര്‍ബോഹൈഡ്രേറ്റ്‌സ്‌ തുടങ്ങിയവ അടങ്ങിയ പോഷകാഹാരമാണ്‌ ഈ തീറ്റ. ഒരു ടണ്‍ കൊഴുപ്പില്‍നിന്ന്‌ 937 കിലോ ബയോഡീസലും 186 കിലോ ഗ്ലിസറിനും 350 കിലോയിലധികം പന്നിത്തീറ്റയും ലഭിക്കും.?

ഡീസലിനൊപ്പം 20 ശതമാനം ബയോഡീസല്‍ ഉപയോഗിച്ചാല്‍ തന്നെ മികച്ച സാമ്പത്തിക ലാഭം ഉണ്‌ടാക്കാനാകും. ഇന്ത്യയില്‍ ജട്രോഫ ചെടിയുടെ വിത്തില്‍നിന്നു ബയോഡീസല്‍ ഉത്‌പാദിപ്പിച്ച്‌ ട്രെയിനില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്‌ട്‌. എന്നാല്‍, അതിനേക്കാള്‍ പ്രായോഗികവും ലാഭകരവുമാണു കോഴിവേസ്റ്റില്‍നിന്നുള്ള ബയോഡീസലെന്നു ജോണ്‍ ഏബ്രഹാം പറഞ്ഞു. കാള, പോത്ത്‌, ആട്‌ തുടങ്ങിയവയുടെ വേസ്റ്റില്‍നിന്നു ബയോഡീസല്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, പന്നിയുടെ ശരീരത്തിലെ നെയ്യില്‍നിന്നു ഡീസല്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.?

സാധാരണ അന്തരീക്ഷ ഊഷ്‌മാവില്‍ കട്ടപിടിക്കാത്ത കൊഴുപ്പുകളില്‍നിന്നാണു ബയോഡീസല്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയുക. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ളവ അന്തരീക്ഷ ഊഷ്‌മാവില്‍ കട്ടപിടിക്കുന്നവയാണ്‌. ഭക്ഷ്യഎണ്ണകളില്‍നിന്ന്‌ ഡീസല്‍ ഉത്‌പാദിപ്പിച്ചാല്‍ വിലക്കയറ്റത്തിനു കാരണമാകുമെന്നതിനാല്‍ ഭക്ഷ്യേതര എണ്ണകളെ ആശ്രയിക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. അതുകൊണ്‌ടുതന്നെ സംസ്‌കരിക്കാന്‍ മാര്‍ഗങ്ങളില്ലാതെ തലവേദനയായി മാറിയ കോഴിമാലിന്യത്തില്‍നിന്നു ബയോഡീസല്‍ ഉത്‌പാദിപ്പിക്കാനുള്ള മാര്‍ഗത്തിനു കൂടുതല്‍ സ്വീകാര്യത ലഭിക്കും.?

പക്ഷിമൃഗാദികളുടെ കൊഴുപ്പില്‍നിന്നു ഡീസല്‍ ഉത്‌പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനു തമിഴ്‌നാട്‌ വെറ്ററിനറി സര്‍വകലാശാലയില്‍നിന്നു നാലു സ്വര്‍ണമെഡലോടെയാണു ജോണ്‍ ഏബ്രഹാം പിഎച്ച്‌ഡി നേടിയത്‌. ഡോ.ജോണ്‍ ഏബ്രഹാമിന്റെ ഗവേഷണഫലം ജേര്‍ണല്‍ ഓഫ്‌ അമേരിക്കന്‍ ഓയില്‍ ആന്‍ഡ്‌ കെമിസ്റ്റില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.?

സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ മീറ്റ്‌ ടെക്‌നോളജി മുന്‍ ഡയറക്ടര്‍ ഡോ.ജെ. ഏബ്രഹാമിന്റെ മകനും മൃഗസംരക്ഷണവകുപ്പ്‌ റിട്ടയേഡ്‌ ജോയിന്റ്‌ ഡയറക്ടര്‍ ഡോ.ജിയംസ്‌ പാറമേലിന്റെ പൗത്രനുമാണു തൃശൂര്‍ സ്വദേശിയായ ജോണ്‍ ഏബ്രഹാം. ഭാര്യ നീതു സൂസന്‍ കല്‌പറ്റ ഡിപോള്‍ പബ്ലിക്‌ സ്‌കൂള്‍ അധ്യാപികയാണ്‌.?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ