2021, ജൂലൈ 31, ശനിയാഴ്‌ച

വൈത്തിരി സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിക്കുന്ന ആദ്യ ടൂറിസം കേന്ദ്രം

 




തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷിത ഇടങ്ങളാക്കി മാറ്റുന്നതിനായി കോവിഡ് -19 വാക്സിനേഷന്‍ യജ്ഞം ഊര്‍ജ്ജിതമാക്കി കേരളം. ഇതിന്‍റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കി വയനാട് ജില്ലയിലെ വൈത്തിരി സമ്പൂര്‍ണ വാക്സിനേഷന്‍ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം കേന്ദ്രമായി മാറി.

പകര്‍ച്ചവ്യാധിയുടെ തീവ്രത കുറയുന്നതോടെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ കേരളം തയ്യാറാകും. മലയോര, കായല്‍ ടൂറിസം കേന്ദ്രങ്ങള്‍, കടല്‍ത്തീര അവധിക്കാല ഇടങ്ങള്‍, പൈതൃക, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയടക്കം സംസ്ഥാനത്തെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കിയായിരിക്കും സന്ദര്‍ശകരെ വരവേല്‍ക്കുക.

സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുന്നതിന് മുന്‍കൈയെടുക്കുമെന്ന് കേരള ടൂറിസം മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലും കോഴിക്കോട് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുമുള്ള മലയോര പരിസ്ഥിതി ടൂറിസം കേന്ദ്രമായ വൈത്തിരിയില്‍ ജൂലൈ 13 മുതല്‍ 17 വരെ നടത്തിയ വാക്സിനേഷന്‍ യജ്ഞത്തിലാണ് മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കിയത്.

കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ദക്ഷിണേന്ത്യയില്‍ സഞ്ചാരികളുടെ പ്രധാന ടൂറിസം ആകര്‍ഷണമാണ്. വനങ്ങളും മലകളും വെള്ളച്ചാട്ടങ്ങളുമടങ്ങുന്ന പ്രകൃതിസൗന്ദര്യം തേടിയാണ് സഞ്ചാരികള്‍ വയനാട്ടിലെത്തുന്നത്.

കോവിഡിനു ശേഷം ടൂറിസം മേഖല സജീവമാകുമ്പോള്‍ സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടാനാണ് സഞ്ചാരികള്‍ ശ്രദ്ധിക്കുകയെന്നും അവരുടെ സുരക്ഷിതത്വം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലെയും ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് -19 വാക്സിന്‍ നല്‍കുന്നത് വളരെ പ്രധാനമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതിമനോഹരമായ പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ട വയനാടിന് ധാരാളം ടൂറിസം സാധ്യതയുണ്ട്. സാഹസിക വിനോദസഞ്ചാരം ഉള്‍പ്പെടെ നടപ്പാക്കി ഈ പ്രദേശം വികസിപ്പിക്കാന്‍ വലിയ പദ്ധതികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധ കുത്തിവയ്പ് കാമ്പയിന്‍ ഒരു വലിയ ലക്ഷ്യമെന്ന നിലയില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ടൂറിസം) ഡോ. വി. വേണു ഐ.എ.എസ് പറഞ്ഞു. ടൂറിസം വകുപ്പിനൊപ്പം വ്യവസായ സ്ഥാപനങ്ങളും ജീവനക്കാരുടെ കൂട്ടായ്മകളും പ്രാദേശിക സമൂഹങ്ങളും അതിന്‍റെ വിജയത്തിനായി സജീവ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷന്‍ യജ്ഞത്തിലൂടെ കോവിഡാനന്തര ഘട്ടത്തില്‍ വിനോദസഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന സുരക്ഷിത പ്രദേശമായി കേരളത്തെ മാറ്റുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍ കൃഷ്ണ തേജ ഐഎഎസ് പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സന്ദര്‍ശകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും വാക്സിനേഷന്‍ യജ്ഞം. ആലപ്പുഴ, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല തുടങ്ങിയവ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളാക്കി മാറ്റും.

ടൂറിസം വകുപ്പ് ആരോഗ്യവകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സഹകരണത്തോടെ വൈത്തിരിയില്‍ നടത്തിയ വാക്സിനേഷന്‍ യജ്ഞത്തില്‍ 5395 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെയും സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാണ് വാക്സിനേഷന്‍ യജ്ഞത്തിന് നേതൃത്വം നല്‍കിയത്.

തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടപെട്ടത് 1180 കോടി രൂപ..!

 കോവിഡ് പ്രതിസന്ധിയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടപെട്ടത് 1180 കോടി രൂപ..!





കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടും ലീവിൽ തിരികെ പ്രവേശിക്കാം എന്ന പ്രതീക്ഷയിലും വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ  പ്രവാസികൾക്ക് തിരികെ കിട്ടാനുള്ള ശമ്പള- ആനുകൂല്യ ഇനത്തിൽ പെട്ട തൂക 1180 കോടിയോളം രൂപ വരുമെന്ന് സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ്‌സ് സ്റ്റഡീസ് (CIMS) നടത്തിയ പഠനത്തിൽ നിന്ന് വ്യക്തമായി.

കോവിഡ് പ്രതിസന്ധി മുതലെടുത്ത് വിദേശ രാജ്യങ്ങളിലെ കമ്പനികളും തൊഴിൽ ദാതാക്കളും പരിഭ്രാന്തരായി നാട്ടിലേക്ക് പോന്ന തൊഴിലാളികളുടെ മുടങ്ങി കിടന്ന ശമ്പളം, അത്രയും വര്ഷം തൊഴിൽചെയ്തതിന്റെ ആനുകൂല്യങ്ങൾ, ഓവർ ടൈം തുക, ലീവ് ആനുകൂല്യങ്ങൾ എന്നിവ വ്യാപകമായി വെട്ടികുറച്ചതായി പരാതി ഉയർന്നിരുന്നു. പകർന്നു പടരുന്ന  കോവിഡ് പകർച്ചവ്യാധിയിൽ നിന്ന് രക്ഷപെടാനായി തൽക്കാലം  നാട്ടിലേക്ക് പോകാനും തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും എന്നു  കരുതി നാട്ടിലെത്തിയ പലർക്കും ജോലിയിനി തുടരേണ്ടതില്ല എന്നും, വിസ ഇനി പുതുക്കി നൽകുന്നില്ല എന്നുമുള്ള അറിയിപ്പുകളാണ് കമ്പനിയിൽ നിന്നും തൊഴിൽ ദാതാക്കളിൽ നിന്നും പിന്നീടു ലഭിച്ചിരിക്കുന്നത്.  

കൃത്യമായ രേഖകളുടെയും വിദേശ രാജ്യങ്ങളിലെ വേതന വ്യവസ്ഥ പ്രകാരം കണക്ക് കൂട്ടിയതിന്റെ അടിസ്ഥാനത്തിലും വിദേശത്ത് നിന്ന് തിരികെയെത്തിയ 3345 പ്രവാസി തൊഴിലാളികളിൽ സിംസ്  നടത്തിയ  പഠനത്തിൽ നിന്ന്  വേതന മോഷണത്തിന് ഇരയായ 397 തൊഴിലാളികൾക്ക്  62 കോടിയിൽപരം രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു.

ജൂലൈ മൂന്നിലെ നോർക്ക റൂട്സ് കണക്കു പ്രകാരം വിദേശത്ത്  നിന്ന് ജോലി നഷ്ടപെട്ടു   തിരികെ വന്നവരുടെ എണ്ണം 10,73,673 വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിൽ  118,000 ത്തോളം പേർക്ക് അവരുടെ ശമ്പള വേതന  ആനുകൂല്യങ്ങൾ കിട്ടാനുണ്ടെന്നും  അതിൽ  ഒരാൾക്ക് ലഭിക്കാനുള്ളത്  ശരാശരി വെറും ഒരു ലക്ഷമെന്ന് കണക്കാക്കി മൂല്യ നിർണയം നടത്തുമ്പോഴാണ് 1130 കോടിയുടെ തുകയിൽ എത്തി ചേരുന്നത്, എന്നാൽ യഥാർത്ഥ കണക്കുകളും ശരാശരി തുകയും ഇതിലും എത്രയോ കൂടുതലായിരിക്കും എന്നതാണ് വാസ്തവം. വന്ദേ ഭാരത് മിഷൻ വഴി നാട്ടിലെത്തിയ പ്രവാസ്സികളിൽ നിന്നും ഇതിന്റെ യഥാർത്ഥ ചിത്രം കണക്കാക്കാൻ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. റീപാട്രിയേഷൻ (repatriation) സമയത്ത് തന്നെ തൊഴിൽ നഷ്ടപെടുത്തി നാട്ടിലേക്ക് ഹതാശരായി വിമാനം കയറുന്ന മനുഷ്യരിൽ നിന്നും വിവരം ശേഖരിക്കാനുള്ള സാഹചര്യത്തെ വിദേശ കാര്യ മന്ത്രാലയം നഷ്ടപ്പെടുത്തി..!

പതിനായിരക്കണക്കിന് പ്രവാസി കുടുംബങ്ങളിൽ  പട്ടിണിയുടെ കരിനിഴൽ വീഴ്ത്തിയ വേതന നഷ്ടത്തെകുറിച്ച് പഠിക്കുവാനും പ്രവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ച ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാകണെമന്നു ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനുകളുടെ  പ്രതിനിധികളും പ്രവാസി മനുഷ്യാവകാശ പ്രവർത്തകരും സിംസും തമ്പാൻ തോമസ് ഫൗണ്ടേഷനും പ്രസ്സ് ക്ലബിൽ വെച്ച് ശനിയാഴ്ച്ച നടത്തുന്ന പത്ര സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയും വേതന മോഷണത്തെ സംബന്ധിച്ച റിപ്പോർട് പ്രസിദ്ധീകരിക്കുകയും ചെയ്യും  ..

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ സഹായ ഹസ്തം

 ദീപ്തിയുടെ മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്



 

രത്നഗിരിയിലെ സയാരെ ഗ്രാമത്തില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിനായുള്ള നെറ്റ് വര്‍ക്ക് കണക്ടിവിറ്റിക്കു വേണ്ടി മാത്രം ദിവസവും ഒരു കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന പത്തൊന്‍പതുകാരി ദീപ്തിക്ക് മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസം എന്നത് സ്വപ്നങ്ങളില്‍ പോലും അസാധ്യമായിരുന്നു.  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ പിന്തുണയോടെ ഈ പത്തൊന്‍പതുകാരി ഇപ്പോള്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ്.  മികച്ച രീതിയില്‍ ബോര്‍ഡ് പരീക്ഷ പാസാകുകയും നീറ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തപ്പോഴും തന്‍റെ മുന്നിലുള്ളത് സുഗമമായ പാതയല്ലെന്ന് ദീപ്തിക്കറിയാമായിരുന്നു.

 

നീറ്റ് പരീക്ഷയിലെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ദീപ്തിക്ക് അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനവും ഉറപ്പായി. പക്ഷേഇതു മാത്രം പോരായിരുന്നു. സാമ്പത്തിക പരാധീനതകള്‍ ദീപ്തിയെ മെഡിക്കല്‍ വിദ്യാഭ്യാസമെന്ന സ്വപ്നത്തില്‍ നിന്നു പിന്നോക്കം വലിക്കുകയായിരുന്നു.  കുടുംബത്തിന്‍റെ പരിമിതമായ വരുമാനത്തിന് മെഡിക്കല്‍ കോളേജിലെ ഫീസും മറ്റു ചെലവുകളും താങ്ങാനാവുന്നതല്ലായിരുന്നു. ബന്ധുക്കള്‍ ചില്ലറ സഹായമൊക്കെ ചെയ്തപ്പോഴും ഹോസ്റ്റലിനും മറ്റ് ആവശ്യങ്ങള്‍ക്കുമായുള്ള പണം അപ്പോഴും തികയാതെ വന്നു.

 

ഡോക്ടറാകുക എന്നതു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന ഘട്ടത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സേവ സഹയോഗ് ഫൗണ്ടേഷനിലൂടെ ദീപ്തിയുടെ പഠനം ഉറപ്പാക്കാന്‍ മുന്നോട്ടു വരുന്നത്.  ഗ്രാമത്തില്‍ നിന്നു ഡോക്ടറാകാന്‍ ഒരുങ്ങുന്ന ആദ്യ പെണ്‍കുട്ടിയായ ദീപ്തിയെ സച്ചിനും എസ്എസ്എഫ് ഭാരവാഹികളും സമീപിക്കുകയും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആവശ്യമായ തുക ലഭ്യമാക്കുകയും ചെയ്തു.

 

ഫൗണ്ടേഷനിലൂടേയും അതിന്‍റെ പദ്ധതിയായ വിദ്യാര്‍ത്ഥി വികാസ് യോജനയിലൂടേയുമുള്ള സഹായം ലഭിക്കുന്ന നിരവധി പേരിലൊരാളാണ് ദീപ്തി.  താഴേക്കിടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാനുള്ള സാമ്പത്തിക പിന്തുണയാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്. വിദൂര മേഖലകളിലുള്ള സ്ക്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷങ്ങളിലായി നാലു സംസ്ഥാനങ്ങളിലെ 24 ജില്ലകളിലായി 883 വിദ്യാര്‍ത്ഥികള്‍ക്കാണ് സേവ സഹയോഗ് ഫൗണ്ടേഷന്‍ പിന്തുണ എത്തിച്ചത്.

 

തനിക്ക് ഈ സ്ക്കോളര്‍ഷിപ്പ് നല്‍കിയതിനു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷനോടു നന്ദിയുണ്ടെന്ന് സേവ സവയോഗ് ഫൗണ്ടേഷന്‍റെ ഹാന്‍ഡിലില്‍ ദീപ്തി പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നു.  തന്‍റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കിയ ഈ സഹായം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിച്ചു എന്നും ദീപ്തി ചൂണ്ടിക്കാട്ടുന്നു. ഒരു ഡോക്ടറാകുക എന്ന തന്‍റെ ജീവിതാഭിലാഷം അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്.  താന്‍ കഠിനമായി പ്രയത്നിക്കുമെന്നും  മിടുക്കരായ മറ്റു കുട്ടികളെ അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷന്‍ ചെയ്തതു പോലെ സഹായിക്കാന്‍ ഒരു നാള്‍ തനിക്കാവുമെന്നും ദീപ്തി പ്രത്യാശ പ്രകടിപ്പിച്ചു.

 

2021, ജൂലൈ 30, വെള്ളിയാഴ്‌ച

യാത്രാ വേളയില്‍ കണക്‌റ്റഡായിരിക്കാന്‍ 'ജോയ്‌ ഇ കണക്‌റ്റ്‌'


 


യാത്രാ വേളയില്‍ കണക്‌റ്റഡായിരിക്കാന്‍ 'ജോയ്‌ ഇ കണക്‌റ്റ്‌' ആപ്പുമായി വാര്‍ഡ്‌വിസാര്‍ഡ്‌ ഇന്നവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി
കൊച്ചി: പ്രമുഖ ഇലക്ട്രിക്ക്‌ ടൂവീലര്‍ ബ്രാന്‍ഡ്‌ 'ജോയ്‌ ഇബൈക്കി'ന്റെ നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ്‌ ഇന്നവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌ പുതിയ 'ജോയ്‌ ഇകണക്‌റ്റ്‌' അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക്‌ പുതു തലമുറ സാങ്കേതിക വിദ്യയിലൂടെ പുതിയ റൈഡിങ്‌ അനുഭവം നല്‍കുന്നതിനായുള്ള ക്ലൗഡ്‌ അധിഷ്‌ഠിത മൊബൈല്‍ ആപ്ലിക്കേഷനാണിത്‌.
ജോയ്‌ ഇബൈക്കിന്റെ മുഴുവന്‍ ശ്രേണിയുമായി യോജിച്ചു പോകുന്നതുമാണ്‌ ആപ്പ്‌. മൊബൈല്‍ ഓപറേറ്റിങ്‌ സിസ്റ്റങ്ങളായ ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമായ ആപ്പ്‌ ഉപയോക്താക്കള്‍ക്ക്‌ അനായാസം ഡൗണ്‍ലോഡ്‌ ചെയ്യാം.
വാഹനം വിദൂരതയില്‍ നിന്നും മൊബൈലിലൂടെ ഓണ്‍/ഓഫ്‌ ചെയ്യല്‍, നാവിഗേഷന്‍, ബാറ്ററി നില ഡിസ്‌പ്ലേ, ജിയോഫെന്‍സ്‌ അലര്‍ട്ടുകള്‍, ബാറ്ററി ബാക്ക്‌അപ്പ്‌, ബാറ്ററി വോള്‍ട്ടേജിന്‌ അനുസരിച്ച്‌ ലക്ഷ്യത്തിലേക്കുള്ള ദൂരം, താപനില തുടങ്ങി മികച്ച യാത്ര പ്ലാന്‍ ചെയ്യുന്നതിന്‌ ആവശ്യമായ ഫീച്ചറുകളെല്ലാം ജോയ്‌ ഇകണക്‌റ്റിലുണ്ട്‌.
സഞ്ചരിച്ച മൊത്തം ദൂരം, യാത്രാ ദൈര്‍ഘ്യം, ലൊക്കേഷന്‍ സ്റ്റാറ്റസ്‌, ഓവര്‍ സ്‌പീഡിങ്‌ തുടങ്ങിയ ട്രിപ്പ്‌ സംബന്ധിച്ച എല്ലാ വിവരങ്ങളും ഡാഷ്‌ബോര്‍ഡ്‌ ഒറ്റ സ്‌ക്രീനില്‍ തന്നെ നല്‍കുന്നു.ഉപയോഗിച്ച വേഗം, ബ്രേക്കിങ്‌ എണ്ണം, നിര്‍ത്തല്‍, ക്ഷീണിത യാത്ര തുടങ്ങിയ വിവരങ്ങളില്‍ നിന്നും റൈഡറുടെ സ്വഭാവം വിശകലനം ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണ വിവരങ്ങളും ഡിസ്‌പ്ലെയിലുണ്ടെന്നത്‌ ആപ്പിനെ നൂതനമാക്കുന്ന സവിശേഷതയാണ്‌. സംരക്ഷിച്ച മരങ്ങളുടെ എണ്ണം, കാര്‍ബണ്‍ പുറം തള്ളലിന്റെ അളവ്‌, ഓരോ യാത്രയിലും ഇന്ധന ചെലവ്‌ ലാഭിച്ചത്‌ എന്നിവയെല്ലാം ഉപയോക്താവിന്‌ അറിയാം.
ഒറ്റ സ്‌ക്രീനില്‍ ഫ്‌ളീറ്റ്‌ അവലോകനം, അലേര്‍ട്ടുകള്‍ക്കായി ഡാഷ്‌ബോര്‍ഡ്‌, റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡുചെയ്യല്‍, ഫ്‌ളീറ്റ്‌ ഹെല്‍ത്ത്‌ മോണിറ്ററിംഗ്‌, ജിയോഫെന്‍സ്‌ അലേര്‍ട്ടുകള്‍ തുടങ്ങിയ അധിക സവിശേഷതകളും ആപ്ലിക്കേഷനിലുണ്ട്‌.
പുതിയതായി വരുന്ന ജോയ്‌ ഇബൈക്ക്‌ ഉല്‍പ്പന്നങ്ങളില്ലെല്ലാം ആധുനിക സാങ്കേതിക വിദ്യകള്‍ ഇന്‍ബില്‍റ്റായി സംയോജിപ്പിച്ചിരിക്കും. നിലവിലെ ഉപയോക്താക്കള്‍ക്ക്‌ ഇകണക്‌റ്റ്‌ ആപ്പ്‌ പ്ലേ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പ്‌ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വാഹനം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം.
നിലവിലെ ഉപയോക്താക്കള്‍ക്ക്‌ പേയ്‌മെന്റ്‌, ഇഎംഐ സ്റ്റാറ്റസ്‌, ഇന്‍ഷുറന്‍സ്‌ വിവരം, വ്യാപാര സ്ഥാപനം, ഓണ്‍ലൈന്‍ ബൈക്ക്‌ ബുക്കിങ്‌ പോര്‍ട്ടല്‍, എസ്‌ഒഎസ്‌ (ചാറ്റും വോയ്‌സ്‌ സപ്പോര്‍ട്ട്‌), ഐഒടി ഇന്റഗ്രേഷന്‍ റിക്വസ്റ്റ്‌, അടുത്തുള്ള ഡീലര്‍/ബാറ്ററി ബാങ്ക്‌ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം പ്രത്യേകിച്ച്‌ ചെലവൊന്നും ഇല്ലാതെ ആസ്വദിക്കാം. ഓണ്‍/ഓഫ്‌ പോലുള്ള മുന്തിയ സൗകര്യങ്ങള്‍ക്ക്‌ അധിക ചെലവ്‌ നല്‍കേണ്ടി വരും.
ഇലക്ട്രിക്ക്‌ വാഹന വ്യവസായത്തിന്‌ ആവേശകരമായ കാലമാണിത്‌, ഉപഭോക്താക്കള്‍ക്ക്‌ സുസ്ഥിരമായത്‌ മാത്രമല്ല, സൗകര്യപ്രദവുമായ അനുഭവം പകരുന്നതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിനായി പ്ലാന്‍ ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും കണക്‌റ്റഡായിരിക്കാനും വിവരങ്ങള്‍ ലഭ്യമാക്കാനും ഡിജിറ്റല്‍വല്‍ക്കരണം പ്രധാനമാണെന്നും ഈ ആവശ്യത്തിനായാണ്‌ ജോയ്‌ ഇകണക്‌റ്റ്‌ അവതരിപ്പിക്കുന്നതെന്നും ഡിജിറ്റലായി സുരക്ഷിതവും തടസമില്ലാത്തതുമായ അനുഭവം പകരുകയാണ്‌ ലക്ഷ്യമെന്നും വാര്‍ഡ്‌വിസാര്‍ഡ്‌ ഇന്നവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക്‌ വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്‍






വിദ്യാര്‍ത്ഥികള്‍ക്ക്‌ വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്‍ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കെഎസ്യുഎം കൊച്ചി: സ്വന്തമായി സ്റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്‍. ഇനോവേഷന്‍സ്‌ അണ്‍ലോക്‌ഡ്‌ എന്ന ഈ പ്രദര്‍ശനത്തിലേക്ക്‌ ആഗസ്റ്റ്‌ പത്ത്‌ വരെ അപേക്ഷിക്കാവുന്നതാണ്‌. താത്‌പര്യമുള്ളവര്‍ വേേു:െ//ശലറര.േെമൃൗേുാശശൈീി.ശി/ല്‌ലിെേമരശേ്‌ശശേല/െേൌറലിേ്‌ശൃൗേമഹലഃവശയശശേീി എന്ന വെബ്‌സൈറ്റ്‌ വഴി അപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇനോവേഷന്‍ ആന്‍ഡ്‌ ഒണ്‍ട്രപ്രണര്‍ഷിപ്പ്‌ ഡവലപ്‌മന്‍റ്‌ സെല്ലുകളിലുള്ള(ഐഇഡിസി) വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ അപേക്ഷിക്കാവുന്നതാണ്‌. ഒന്നോ അതിലധികമോ സംരംഭങ്ങളുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. മികച്ച നൂതനാശയമുള്ള ഉത്‌പന്നം അടിസ്ഥാനമാക്കിയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അതത്‌ ഐഇഡിസികളിലുള്ള നോഡല്‍ ഓഫീസര്‍മാരാണ്‌ അപേക്ഷകള്‍ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ശേഷം പ്രദര്‍ശനത്തിനായി അനുമതി നല്‍കേണ്ടത്‌. ഒരു സ്ഥാപനത്തില്‍ നിന്നും എത്ര ഉത്‌പന്നത്തിന്‌ വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്‌.