2020, ഓഗസ്റ്റ് 26, ബുധനാഴ്‌ച

സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ തുടങ്ങി

 



സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഓണാഘോഷത്തിന് ഒരു കുടുംബത്തിനും കോവിഡ് കാരണം പ്രയാസമുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിന്റെ  ഭാഗമായാണ് ഇത്തരം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ ഒരു ഭേദ ചിന്തയിമില്ലാതെ എല്ലാവരിലും എത്തിക്കുകയാണ് സർക്കാർ . 88 ലക്ഷം കുടുംബങ്ങൾക്കാണ് സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ്  നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിപണിയിൽ വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് , ഹോട്ടികോർപ്പ് അടക്കമുള്ള സർക്കാർ ഏജൻസികൾ സുത്യർഹമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഓണത്തിന്  ഒന്നരമടങ്ങ് കൂടുതൽ അരിയാണ് ഓരോ കുടുംബത്തിനും എത്തിച്ച് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു. ഓണത്തിന്റെ ഭാഗമായി കൺസ്യൂമർഫെഡ് 1865 വിൽപന കേന്ദ്രങ്ങളാണ് അരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്ൻതോതിൽ പച്ചക്കറി ഉത്പാദനം വർദ്ധിച്ചെന്നും ഓണത്തോടനുബന്ധിച്ച് 2000ത്തോളം ഹോട്ടികോർപ്പ്  വിൽപന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കൃഷി വകുപ്പു മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. എല്ലാ വിഭാഗത്തിൽപ്പെട്ട ജങ്ങൾക്കും ഓണം സന്തോഷത്തോടെ ആഘോഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇരുവരും ഓൺലൈനായാണ്  ചടങ്ങിൽ പങ്കെടുത്തത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഹോം അപ്ലൈൻസസ് ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. സംസ്ഥാനത്തെ14 ജില്ലകളിൽ നടക്കുന്ന ഓണം ജില്ലാ ഫെയർ 30വരെ ഉണ്ടായിരിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 26 മുതൽ 30 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും.
മേയർ കെ ശ്രീകുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വികുമാർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി എം അലി അസ്ഗർ പാഷ എന്നിവർ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ജില്ലാതല പരിപാടികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളായി. കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും കർശനമായി പാലിക്കുന്ന ഫെയർ രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണു നടക്കുക. കണ്ടെയ്മെൻ്റ് സോണുകളിൽ രാവിലെ 8.30 ന് ആരംഭിച്ച് ജില്ലാ കളക്റ്റർ നിശ്ചയിക്കുന്ന സമയത്ത് ഫെയർ അവസാനിക്കും.

ശർക്കരയിൽ തൂക്കക്കുറവുണ്ടായാൽ
വിതരണക്കാർ കുറവ് നികത്തണം: സിഎംഡി

സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മനേജർമാർക്ക് സർക്കുലർ നൽകിയതായിസപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11-12 തീയതികളിൽ വിശദമായ സർക്കുലറാണ് നൽകിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാർ അങ്ങനെ ചെയ്തില്ലെങ്കിൽ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചിലവ് വിതരണക്കാരിൽ നിന്ന് ഈടാക്കാനും സർക്കുലറിൽ നിർദ്ദേശിച്ചീട്ടുള്ളതായും
 സി എംഡി അറിയിച്ചു

--

കേരള മീഡിയ അക്കാദമി: പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന്;


അപേക്ഷകള്‍  സെപ്റ്റംബര്‍ 08 വരെ

സംസ്ഥാന സര്‍ക്കാര്‍സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2020 സെപ്റ്റംബര്‍ 08 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന്  നടക്കും.  ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികളെ   ഇ-മെയിലിലൂടെ അറിയിക്കുന്നതാണ്.

പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്് ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ കോഴ്‌സ്. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് കോഴ്‌സ് പ്രസ്തുത  മേഖലയിലെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്.  കോഴ്‌സിന്റെ പാഠ്യപദ്ധതിയില്‍ പ്രിന്റ്,ടെലിവിഷന്‍, സോഷ്യല്‍

  മീഡിയ, അഡ്വര്‍ടൈസിങ്ങ് എന്നിവയും ഉള്‍പ്പെടുന്നു. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വേര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം, കാമറ, എഡിറ്റിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.

കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 31.5.2020 ല്‍ 35 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 2 വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. . അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.

പൂരിപ്പിച്ച അപേക്ഷാഫോറം 2020 സെപ്റ്റംബര്‍ 08 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com 

--

കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കിൽ


കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിയിലൂടെ  കാര്‍ഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും  സബ്സിഡി നിരക്കില്‍ വാങ്ങുന്നതിന്  അപേക്ഷ ക്ഷണിച്ചു.  കര്‍ഷക ഗ്രൂപ്പുകള്‍ക്കും  സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും അപേക്ഷിക്കാം. കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുള്ള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ ലഭിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും യന്ത്രം സ്വന്തമാക്കാം. എസ്. സി,  എസ്. ടി,  വനിത, ചെറുകിട നാമമാത്ര  കര്‍ഷകര്‍  എന്നിവര്‍ക്കാണ് മുന്‍ഗണന. രജിസ്റ്ററേഷന് ആധാര്‍ കാര്‍ഡ്,  ഫോട്ടോ, 2020-21 വര്‍ഷത്തെ നികുതി ചീട്ട്,  ബാങ്ക് പാസ് ബുക്ക് എന്നിവ വേണം. താല്പര്യമുള്ളവര്‍ക്കു  www.agrimachinery.nic.in എന്ന വെബ്‌സൈറ്റു വഴി നേരിട്ടോ  കൃഷി ഓഫീസുകൾ /അക്ഷയ  സെന്ററുകൾ എന്നിവ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. എറണാകുളം ജില്ലയിലുള്ളവർ ബന്ധപ്പെടുക കൃഷി അസി: എക്സി: എൻജിനീയറുടെ കാര്യാലയം, കാക്കനാട്, എറണാകുളം.  ഫോണ്‍ :                     8921 612 801 
96564 55460    

ഹലോ, ഇത് കുസാറ്റ് അണ്‍കട്ട്്

 


കൊച്ചി: ലോക്ഡൗണ്‍ മൂലം വീടുകളില്‍ കഴിയുന്നവരെ കോളേജ് ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോകാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച സംരംഭമാണ് 'എസ്ഒഇ അണ്‍കട്ട്്'ക്യാമ്പസില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അണ്‍കട്ട്, ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ അദ്ധ്യയനം മുന്നോട്ട്് കൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികളെ വിവിധ പരിപാടികളിലൂടെ ഒന്നിപ്പിക്കുക എന്നതാണ് എസ്ഒഇ അണ്‍കട്ടിന്റെ ഉദ്ദേശം. വീടുകളില്‍ മാത്രം കഴിയുന്ന പല വിദ്യാര്‍ത്ഥികളും ഒരുപാട് മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട്. അതില്‍ നിന്ന്്് വര്‍ക്ക് ഒരു മോചനം കൂടിയാണ് പുതിയ സംരംഭം എന്ന്്് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആഗസ്ത് 14നാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ എസ്ഒഇ അണ്‍കട്ട് ഉദ്ഘാടനം ചെയ്തത്. പ്രാരംഭഘട്ടത്തില്‍ 15 പേരുമായി തുടങ്ങിയ സംരംഭത്തില്‍ റേഡിയോ ജോക്കികളും മീഡിയ പ്രവര്‍ത്തകരും അടങ്ങുന്ന വലിയ സംഘം തന്നെ ഇപ്പോഴുണ്ട്. നാല് വര്‍ഷം നീണ്ട കോളേജ് ജീവിതത്തിന് ഒരു നല്ല യാത്രയയപ്പ് ലഭിക്കാതിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് ഒരുക്കിയുള്ള ആദ്യ എപ്പിസോഡ് ആഗസ്ത് 29 ന് പുറത്തിറങ്ങും. രസകരമായ ചര്‍ച്ചകളിലൂടെയും കലാപ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാര്‍ത്ഥികളിലെ ക്യാമ്പസ് ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കുകയാണ് അണ്‍കട്ടിന്റെ പ്രാഥമിക ലക്ഷ്യം. കൂടാതെ ചാരിറ്റി, കോവിഡ് പ്രതിരോധ ക്യാമ്പയിന്‍, രക്ത- അവയവദാന സംരംഭങ്ങളും ഇതുമായി കോര്‍ത്തിണക്കും. കേരളത്തില്‍ സര്‍വകലാശാല തലത്തില്‍ ഇത്തരം ഒരു പരിപാടി ആദ്യമായാണെും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 24 മണിക്കൂറും ഉപയോഗിക്കാവുന്ന 'എസ്ഒഇ അണ്‍കട്ട്' വെബ്‌സൈറ്റില്‍ വൈകാതെ പ്രവര്‍ത്തന സജ്ജമാകും.

തിരുവോണത്തിന് പട്ടിണി സമരവുമായി വ്യാപാരികള്‍



കൊച്ചി  സര്‍ക്കാരിന്റെ നിരന്തരമായ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി തിരുവോണ നാളില്‍ പട്ടിണി സമരം നടത്തുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സംവിധാനമായി മാറിയിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസ സഹായം 5000 രൂപ വീതവും, കോവിഡ് -19 സമാശ്വാസം 1000 രൂപ വീതവും നല്‍കുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ ജില്ലയില്‍ പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. കൂടാതെ ക്ഷേമനിധി അംഗങ്ങളായ വ്യാപാരികളുടെ ആനുകൂല്യങ്ങളും, 2014 മുതല്‍ മരണാനന്തര ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. മാത്രവുമല്ല മരണാനന്തര സഹായത്തിനായുള്ള പുതിയ അപേക്ഷകളും, പെന്‍ഷനുള്ള അപേക്ഷകളും പരിഗണിക്കുന്നില്ല. തിരുവേണനാളിലെ പട്ടിണി സമരം സൂചനമാത്രമാണെന്നും, സര്‍ക്കാര്‍ വാഗ്ദാനനങ്ങള്‍ പാലിക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് വ്യാപാരികള്‍ നിര്‍ബന്ധതരാകുമെന്നും യോഗം മുന്നറിയിപ്പുനല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ടി.ബി.നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.