കൊച്ചി: അഞ്ചാം
വയസില്‍ ശൈശവ സന്ധിവാതത്തെ തുടര്‍ന്ന് നടക്കാന്‍ പോലും കഴിയാതെ ജീവിത ദുരിതം പേറിയ
യുവതി എപി വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ നടന്ന സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയയിലൂടെ
ജീവിതത്തിലേക്ക്. ഓര്‍ത്തോ വിഭാഗം മേധാവി ഡോ. സൂരജിന്റെ നേതൃത്വത്തില്‍ വിവിധ
ഘട്ടങ്ങളിലായി നടന്ന സന്ധി മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയിലൂടെയാണ് സനിയത്ത്
എന്ന 25 കാരിയുടെ 18 വര്‍ഷം നീണ്ട വേദനയ്‌ക്കും ദുരിതത്തിനും അവസാനമായത്. 2014 ല്‍
മൂന്ന് ഘട്ടമായി നടത്തിയ ശസ്‌ത്രക്രിയയിലൂടെ രണ്ട് ഇടുപ്പ് സന്ധികളും ഒരു
കാല്‍മുട്ട് സന്ധിയും മാറ്റിവെച്ചിരുന്നു. മുടന്തി നടന്നിരുന്ന സനിയത്ത്
കാല്‍മുട്ട് ശസ്‌ത്രക്രിയയ്‌ക്കു ശേഷം ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ നിവര്‍ന്നു
നടന്നു തുടങ്ങി. ഇക്കഴിഞ്ഞ 24-ന് നാലാംഘട്ട ശസ്‌ത്രക്രിയയിലൂടെ രണ്ടാമത്തെ
കാല്‍മുട്ട് വിജയകരമായി മാറ്റിവെയ്‌ക്കുകയും ചെയ്‌തു.ഒരാഴ്‌ച്ചത്തെ ആശുപത്രി
വാസത്തിനുശേഷം സനിയത്ത് ഇന്നലെ ആശുപത്രി വിട്ടു.
ആലുവ കടുങ്ങല്ലൂര്‍
സ്വദേശി അബ്ദുള്‍ കരീമിന്റെയും സല്‍മത്തിന്റെയും മകളായ സനിയത്ത് അഞ്ചു വയസു മുതല്‍
വേദനകളുടെ ലോകത്തായിരുന്നു. സന്ധികളില്‍ വൈകല്യം, കടുത്ത വേദന, മുടന്ത്, വളര്‍ച്ചാ
മരടിപ്പ്, തുടര്‍ച്ചയായ പനി തുടങ്ങി ഒട്ടേറെ വെല്ലുവിളികളാണ് സനിയത്തിന്
നേരിടേണ്ടി വന്നത്. നിരവധി ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ വളരെ
വിരളമായി കാണുന്ന ജുവനൈല്‍ ആര്‍ത്രൈറ്റിസ് അഥവാ ശൈശവ സന്ധിവാതമാണ്
സനിയത്തിനെന്ന് വിദഗ്‌ധ പരിശോധനയില്‍ തിരിച്ചറിഞ്ഞു. 16 വയസില്‍ താഴെയുള്ള
കുട്ടികളെ ബാധിക്കുന്ന രോഗമാണിത്. ഇത്ര ചെറുപ്പത്തില്‍ രോഗം കാണുന്നത്
അപൂര്‍വ്വമാണ്. ചികിത്സയും കാര്യമായി ഉണ്ടായിരുന്നില്ല. ജീവിതം വഴിമുട്ടി
നിന്നപ്പോഴാണ് എപി വര്‍ക്കി മിഷന്‍ ആശുപത്രിയിലെ സന്ധിമാറ്റിവെയ്‌ക്കല്‍
വിദഗ്‌ധന്‍ ഡോ. സൂരജിനെപ്പറ്റി പത്ര വാര്‍ത്തയിലൂടെ അറിയുന്നത്. തുടര്‍ന്ന്
ഡോക്ടര്‍ സൂരജിനെ സമീപിച്ചു. സനിയത്തിനെ വിശദമായി പരിശോധിച്ച ഡോക്ടര്‍ ശസ്‌ത്രക്രിയ
നടത്താന്‍ തീരുമാനിച്ചു. കേരളത്തിനകത്തും വിദേശത്തുമുള്ള നിരവധി ഡോക്ടര്‍മാരുമായി
വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഡോക്ടര്‍ ഈ വെല്ലുവിളി ഏറ്റെടുത്തത്. വിവിധ
ഘട്ടങ്ങളിലായി നടത്തിയ ശസ്‌ത്രക്രിയയിലൂടെ വികലമായ സന്ധികളെ സുഖപ്പെടുത്തിയപ്പോള്‍
അത് സന്ധിവാത ചികിത്സയില്‍ വലിയ മുന്നേറ്റമായി.
രോഗത്തിന്റെ
സങ്കീര്‍ണ്ണതകളെ അവഗണിച്ച് സനിയത്തിനെ സ്വന്തം ജീവിതത്തിലേക്ക് ചേര്‍ത്ത
ഭര്‍ത്താവ് ജബ്ബാറിന്റെ പിന്തുണയും ചികിത്സയ്‌ക്കുണ്ടായിരുന്നു. വേദനകളില്‍ നിന്നു
മോചനം നേടിയ സനിയത്ത് ദൈവത്തിനും ഡോക്ടര്‍ സൂരജിനും, അമ്മ സല്‍മത്തിനും നന്ദി
പറയുന്നു.
ക്യാപ്‌ഷന്‍
ശൈശവ സന്ധിവാതരോഗത്തെത്തുടര്‍ന്ന് അപൂര്‍വ്വ
ശസ്‌ത്രക്രിയിലൂടെ രണ്ട് ഇടുപ്പു സന്ധികളും, രണ്ട് കാല്‍മുട്ടുകളും മാറ്റിവെച്ച
സനിയത്ത്, ചികിത്സിച്ച എ.പി.വര്‍ക്കി മിഷന്‍ ആശുപത്രിയിലെ സന്ധിമാറ്റിവെയ്‌ക്കല്‍
വിദഗ്‌ധന്‍ ഡോ. സൂരജ്, അമ്മ സല്‍മത്ത് എന്നിവര്‍ക്കൊപ്പം.